ഇടുക്കി: ബന്ധുവിന്റെ വീട്ടിലേക്കുള്ള നടപ്പാത വീതി കൂട്ടാന്‍ സ്ഥലം വിട്ടു നല്കാത്തതിന്റെ വിരോധം തീര്‍ക്കാന്‍ വയോധികയുടെ കെട്ടിട നിര്‍മ്മാണം തടഞ്ഞ് ഐന്‍.ടി.യു.സി നേതാവ്. ഇടുക്കി വണ്ടന്മേടിന് സമീപം കടശിക്കടവിലാണ് സംഭവം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റും വണ്ടന്മേട് പഞ്ചായത്തു അംഗവുമായ രാജാ മാട്ടുക്കാരനെതിരെയാണ് എഴുപത്തിരണ്ടുകാരിയായ തെന്നച്ചേരിയില്‍ അന്നമ്മ പരാതിയുമായി ദേവികുളം സബ് കലക്ടറെ സമീപിച്ചിരിക്കുന്നത്.

രാജാ മാട്ടുക്കാരന്റെ ബന്ധുവിന്റെ വീട്ടിലേക്ക് ആദ്യകാലത്ത് നടപ്പു വഴിയില്ലായിരുന്നു. ഇവരുടെ ദുരിതം കണ്ട് മനസലിഞ്ഞ അന്നമ്മ നാലടി വീതിയില്‍ നടപ്പുവഴി നല്കി. ഭൂമി വിട്ടു നല്കി ഏതാനും നാളുകള്‍ക്ക് ശേഷം വാഹനം കയറ്റിയിറക്കുന്നതിനായി കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ട് അന്നമ്മയെ ഇവര്‍ നിരന്തരം ശല്യം ചെയ്തു. കൂടുതല്‍ ഭൂമി വിട്ടു നല്കില്ലെന്ന നിലപാടില്‍ അന്നമ്മ ഉറച്ചുനിന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനിടയിലാണ് അന്നമ്മ കട മുറി പണിയാന്‍ തീരുമാനിച്ചത്.വിവരം അറിഞ്ഞ രാജാ മാട്ടുക്കാരനും ബന്ധുവായ മറ്റൊരു മെമ്പറുടെ ഭര്‍ത്താവും ചേര്‍ന്ന് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി നല്കാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്നമ്മ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പിഡബ്ല്യുഡി പുറമ്പോക്കാണെന്ന വാദമുയര്‍ത്തിയാണ് പെര്‍മിറ്റിന് തടസം സൃഷ്ടിച്ചത്.

എന്നാല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗവും അണക്കര വില്ലേജ് ഓഫീസറും നടത്തിയ പരിശോധനയില്‍ നിര്‍ദ്ദിഷ്ട കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം അന്നമ്മയുടെ പട്ടയത്തില്‍ ഉള്‍പ്പെട്ടുവരുന്നതാണെന്ന് റിപ്പോര്‍ട്ട് നല്കിയതോടെ ഗത്യന്തരമില്ലാതെ പഞ്ചായത്ത് അധികൃതര്‍ പെര്‍മിറ്റ് നല്കി തലയൂരി.കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചു. ഇതിനിടയില്‍ രാജ മാട്ടക്കാരന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളെത്തി ഐന്‍ടിയുസിയുടെ കൊടി കുത്തി ജോലി തടസപ്പെടുത്തുകയായിരുന്നുവെന്ന് അന്നമ്മ പറയുന്നു.

തന്റെ ഭൂമി നിയമ കുരുക്കില്‍പ്പെടുത്തി തുചഛമായ വിലയ്ക്ക് തട്ടിയെടുക്കുന്നതിനാണ് കൊടി കുത്തിയതെന്നാണ് അന്നമ്മയുടെ ആരോപണം. കഴിഞ്ഞ ദിവസം അടിത്തറ നിര്‍മ്മിക്കുന്നതിന് മണ്ണു എടുത്തു മാറ്റുന്നതിന് എത്തിയ ജെസിബിയും സംഘം തടഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതെ സമയം അന്നമ്മയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടുമ്പന്‍ചോല തഹസീല്‍ദാരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ദേവികുളം സബ് കലക്ടര്‍ വി.എം.ജയകൃഷ്ണന്‍ പറഞ്ഞു.