തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കുന്നത് അതിരൂക്ഷ വാക്കുകളുമായി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അന്‍വര്‍ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കിയത്.

മലപ്പുറം എസ്പിയെ പല മാര്‍ഗത്തില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പി വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന്‍ കര്‍ശന ഇടപെടലും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കും. എന്നാല്‍ ഈ പരാതിയില്‍ നടപടികളൊന്നും ഉണ്ടാകില്ല.

മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു മലപ്പുറം എസ് പിയെ പി വി അന്‍വര്‍ അധിക്ഷേപിച്ചത്. പരിപാടിക്ക് എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. എന്നാല്‍ പക്വതയോടെയാണ് എസ് പി പെരുമാറിയത്. ഐ പി എസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

പൊലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവര്‍ത്തിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. എം എല്‍ എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ് പി ശശിധരന്‍ പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ച് വേദി വിട്ടതും വലിയ ചര്‍ച്ചയായി. വേദിയില്‍ ശശിധരന്‍ മറുപടി പറയുമെന്നും അത് ചര്‍ച്ചകളെ പുതിയ തലത്തിലെത്തിക്കാമെന്നുമായിരുന്നു എംഎല്‍എയുടെ പ്രതീക്ഷ. എന്നാല്‍ അതിനൊന്നും എസ് പി നിന്നു കൊടുത്തില്ല.

പോലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മലപ്പുറം എസ്.പിയെ വേദിയിലിരുത്തി പി.വി.അന്‍വര്‍ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എസ്.പിയും രംഗത്ത് വന്നിരുന്നു. എംഎല്‍എ പരാമര്‍ശിച്ച കേസ് താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.പി എസ്.ശശിധരന്‍ പരിപാടിയില്‍ വൈകിയെത്തിയതില്‍ പ്രകോപിതനായാണ് എംഎല്‍എ വിമര്‍ശനം നടത്തിയത്. തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. വിഷയം തെളിവു സഹിതം നിയമസഭയില്‍ അവതരിപ്പിക്കും, എംഎല്‍എ പറഞ്ഞു. സാധാരണക്കാരായ പോലീസ് ഉദ്യോ?ഗസ്ഥരെ കാരണമില്ലാതെ സ്ഥലം മാറ്റുന്നതും വിമര്‍ശനമായി എംഎല്‍എ ഉന്നയിച്ചു.

അതേസമയം, പരിപാടിയുടെ മുഖ്യപ്രഭാഷകനായ മലപ്പുറം എസ് പി പ്രസംഗം ഒരു വരിയിലൊതുക്കി വേദി വിട്ടിറങ്ങുകയായിരുന്നു. 10.30ന് എത്താനാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. 10.25ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെത്തുകയും ചെയ്തു. എല്ലാ പരിപാടികള്‍ക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് ഞാനെന്നും എസ്.പി പറഞ്ഞു.