തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി പൊലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളിലാണ് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രംഗത്ത് വന്നത്. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 'എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്', ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

നിയമനടപടികള്‍ അവഗണിച്ച് പലവട്ടം ഔദ്യോഗിക കാര്യങ്ങളില്‍ ജില്ലാ പോലീസ് മേധാവിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി എംഎല്‍എ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. ഇത് നിയമലംഘനത്തിന്റെ അപകടകരമായ പ്രവണതയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അന്‍വര്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇതിന് മാപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പി.വി. അന്‍വര്‍ മറുപടി നല്‍കിയിരിക്കുന്നത്. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..??' എന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു.

എസ്പി എസ്.ശശിധരനെ വിമര്‍ശിച്ചതിന് മാപ്പ് പറയില്ലെന്നാണ് പി.വി.അന്‍വറിന്റെ പ്രതികരണം. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും' സമൂഹമാധ്യമത്തില്‍ അന്‍വര്‍ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്പി എസ്.ശശിധരന്‍ നമ്പര്‍വണ്‍ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അന്‍വര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാര്‍ക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമര്‍ശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് എസ്പിയെ അന്‍വര്‍ വിമര്‍ശിച്ചത്. എസ്പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ ഭവനപദ്ധതിക്ക് മണ്ണെടുക്കാന്‍ അനുവദിക്കാത്തതും, പെറ്റിക്കേസുകള്‍ വര്‍ധിപ്പിച്ചതും, തന്റെ പാര്‍ക്കിലെ മോഷ്ടാക്കളെ പിടിക്കാത്തതുമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

എല്ലാ ഐപിഎസുകാരെയും വിമര്‍ശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വര്‍ പറഞ്ഞു. " മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാന്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷന്‍ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. എസ്പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്പി വന്ന നാള്‍ മുതല്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല"അന്‍വര്‍ പറഞ്ഞു.

ചില പൊലീസുകാര്‍ക്ക് എംഎല്‍എമാരെയും മന്ത്രിമാരെയും പുച്ഛമാണ്. അങ്ങനെ ഒരു സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ പണി നോക്കട്ടെ, ഞങ്ങളാണ് വലുത് എന്ന സംസ്‌കാരം പൊലീസില്‍ വളര്‍ത്തിയെടുക്കുന്നു. അതില്‍ പ്രധാനിയാണ് ഇദ്ദേഹം. അത് അംഗീകരിക്കാന്‍ കഴിയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കണം. ഇയാള്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയെയും തള്ളിപ്പറയും. ആ സംസ്‌കാരത്തിന്റെ ഉടമയാണ്. എസ്പി എസ്.ശശിധരന്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ജില്ലയിലെ സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് കൊടുക്കുന്നത്. കീഴ്ജീവനക്കാരെ കണ്ണീര്‍ കുടിപ്പിക്കുന്നു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. പറയേണ്ട ഘട്ടമെത്തുമ്പോള്‍ പറയുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പൊലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടക്കാകുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ശേഷം തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല എന്നത് ചൂണ്ടിക്കാട്ടിയും എസ്പിയുടെ സാനിധ്യത്തില്‍ അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ് പിക്കെതിരെയും പ്രസംഗമദ്ധ്യേ അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്‍വറിന്റെ പ്രസംഗശേഷം സംസാരിക്കാന്‍ നില്‍ക്കാതെ മലപ്പുറം എസ്പി വേദി വിട്ടിരുന്നു.

ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തില്‍ പൊലീസിനെതിരെ ജനം തെരുവിലിറങ്ങുമെന്നുള്ള പരാമര്‍ശത്തിനെതിരെയും ഐപിഎസ് അസോസിയേഷന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. മലപ്പുറം എസ്പിയെ പല വിധത്തില്‍ അന്‍വര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. എംഎല്‍എ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ ആവശ്യം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാകണമെന്നും, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

മലപ്പുറം എസ്പിയെ പല മാര്‍ഗത്തില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പി വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന്‍, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അറിയിച്ചു

മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു മലപ്പുറം എസ് പിയെ പി വി അന്‍വര്‍ അധിക്ഷേപിച്ചത്. പരിപാടിക്ക് എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐ പി എസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. പൊലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവര്‍ത്തിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. എം എല്‍ എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ് പി ശശിധരന്‍ പ്രസംഗം ഒറ്റവരിയില്‍ അവസാനിപ്പിച്ച് വേദി വിട്ടു.