പാരിസ്: തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്റല്ലയെ കൊലപ്പെടുത്താന്‍ ഇസ്രായേലിന് സഹായകമായ എല്ലാ വിവരവും ചോര്‍ത്തി നല്‍കിയത് ഇറാനിലെ ചാരനെന്ന് ഫ്രഞ്ച് പത്രമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ ലൊക്കേഷനും സമയവും വരെ ചോര്‍ത്തി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഇറാനിയന്‍ ചാരന്‍ നസ്‌റല്ല എവിടെയാണെന്ന് കൃത്യമായി ഇസ്രയേലിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘടനയിലെ നിരവധി ഉന്നത അംഗങ്ങളുമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ നസ്റല്ല ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് എത്തുമെന്ന് ചാരന്‍ ഇസ്രായേല്‍ അധികൃതരെ അറിയിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2006ലെ യുദ്ധത്തിന് ശേഷം ഹിസ്ബുള്ളയെ ലക്ഷ്യം വയ്ക്കാന്‍ കൂടുതല്‍ രഹസ്യാന്വേഷണ സംവിധാനം ഇസ്രയേല്‍ ഉപയോഗിച്ചതിന്റെ ഫലമാണ് നസ്‌റല്ലയുടെ വധമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം. ലബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്ബുല്ലയ്ക്കും സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം.

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം മധ്യപൂര്‍വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചരിത്ര മുഹൂര്‍ത്തമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചത്. എന്നാല്‍ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നസ്‌റല്ല ഒരു തീവ്രവാദിയായിരുന്നില്ല, അയാള്‍ ആയിരുന്നു തീവ്രവാദി' നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വരും വര്‍ഷങ്ങളില്‍ മേഖലയിലെ ശക്തിസന്തുലനം മാറ്റുന്നതിനും ഹസന്‍ നസ്‌റല്ലയെ വധിച്ചത് അനിവാര്യമായ ചുവടുവയ്പ്പായിരുന്നു. ഹിസ്ബുല്ലയുടെ മറ്റ് ഉന്നത കമാന്‍ഡര്‍മാരെ മാത്രം വധിച്ചാല്‍ മതിയാവില്ല, ഹസന്‍ നസ്‌റല്ലയും വധിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ശില്‍പിയായിരുന്നു നസ്‌റല്ലയെന്നും നെതന്യാഹു ആരോപിച്ചു.

സംഭവത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നസ്‌റല്ലയുടെ കൊലപാതകത്തെ ഹമാസും അപലപിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.

ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങള്‍ക്കു പിന്നാലെ ബെയ്‌റൂട്ടില്‍ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേല്‍ വിലക്കിയിരുന്നു.iran-spy-told-israel-hezbollah-chief-s-location-says-french-report