- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയിൽ വീഴ്ച വരുത്തിയതിന് പഞ്ചായത്ത് ജീവനക്കാരനെ വീട്ടിലെത്തി കൈയേറ്റം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ശ്രമിച്ചുവെന്ന് ആക്ഷേപം: ദൃശ്യങ്ങളിൽ തെളിയുന്നത് ഇരുകൂട്ടരും തമ്മിലുള്ള അസഭ്യ വർഷം: ഇരവിപേരൂരിൽ വിവാദം വൈറൽ
പത്തനംതിട്ട: ജോലിയിൽ വീഴ്ചയും കാലതാമസവും വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്തിലെ ജീവനക്കാരനെ വീട്ടിലെത്തി സിപിഎം നേതാക്കൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പഞ്ചായത്ത് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നു. തൊഴിലിടത്തിലെ പീഡനം ആരോപിച്ച് ദളിത് സംഘടനകൾ കൂടി സമരത്തിനിറങ്ങിയതോടെ സിപിഎം ബാക് ഫുട്ടിൽ.
ജീവനക്കാരൻ പ്രസിഡന്റിനെയും കൂട്ടരെയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി അസഭ്യം വിളിച്ചുവെന്ന കൗണ്ടർ പരാതിയുമായി സിപിഎം രംഗത്തു വന്നു. ഈ കാര്യങ്ങൾ വൈറൽ വീഡിയോയിൽ വ്യക്തമാണ്. ഇതിന് പുറമേ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണവും ഉണ്ടായി. ഇത് ആരോപണ വിധേയനായ ജീവനക്കാരനും അളിയനും ചേർന്നാണ് ചെയ്തതെന്ന് പ്രസിഡന്റിന്റെ പരാതി. ഈ സംഭവം ആയുധമാക്കി സിപിഎം സമരത്തിനൊരുങ്ങുമ്പോൾ പ്രതിരോധിക്കാനാണ് ദളിത് സംഘടനകളുടെ തീരുമാനം.
സിപിഎം ഭരിക്കുന്ന തിരുവല്ല ഇരവിപേരൂർ പഞ്ചായത്തിലാണ് കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നത്. പഞ്ചായത്തിലെ സീനിയർ എൽഡി ക്ലാർക്ക് ബിസി.കെ. ബിജുവിനെ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.ബി. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ തോട്ടപ്പുഴയിലെ വാടക വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇരവിപേരൂർ ജങ്ഷനിൽ ഇറങ്ങിയാൽ നിന്നെ തീർക്കും. ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം. ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ് എന്നൊക്കെയാണ് പ്രസിഡന്റ് ശശിധരൻ പിള്ള പറയുന്നത്. ബിജുവിനെ മർദിക്കാൻ അടുത്തു നിന്ന് കഴ എടുക്കുന്നതും കാണാം. പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പാക്കിയതിനാണ് ബിജു ചീത്ത വിളിക്കുന്നതെന്ന് നേതാക്കൾ പറയുന്നുണ്ട്. നേതാക്കളെ ബിജു ചീത്ത വിളിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
എന്നാൽ, ഇരവിപേരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരെ കാണാനും പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാനുമാണ് പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ബോർഡ് മെമ്പറുമായ കെ.ബി. ശശിധരൻപിള്ളയും ബാങ്ക് പ്രസിഡന്റും സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗവുമായ ജി. അജയകുമാറും പ്രവർത്തകരും പോയതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തോട്ടപ്പുഴ ഭാഗത്ത് ഭവന സന്ദർശനം നടത്തുമ്പോൾ ബിജു ചെറിയാൻ തന്റെ വാടക വീട്ടിൽ നിന്നു കൊണ്ട് ഇവരെ അവിടേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്തിലെ ജോലിക്കാര്യം പറഞ്ഞ് വാക്ക് തർക്കമുണ്ടായി. പ്രചരിക്കുന്ന വീഡിയോയിൽ തങ്ങളെ ബിജു വിളിച്ചു കയറ്റി ചീത്ത വിളിക്കുകയാണെന്ന് സിപിഎം നേതാക്കൾ പറയുന്നുണ്ട്. നേതാക്കളെ ബിജു വെല്ലുവിളിക്കുന്നതും കാണാം. നേതാക്കൾ തിരിച്ചും വെല്ലുവിളിക്കുന്നു.
ബിജു സ്ഥിരം മദ്യപാനിയാണെന്ന് നേതാക്കൾ ആരോപിക്കുന്നു. മുൻപ് പെരിങ്ങരയിലും പുറമറ്റത്തും പഞ്ചായത്തിൽ ജോലി ചെയ്തിട്ട് അവിടെ സെക്രട്ടറിമാരുമായി വിഷയം ഉണ്ടാക്കി സ്ഥലം മാറ്റം ലഭിച്ചാണ് ഇരവിപേരൂർ പഞ്ചായത്തിൽ എത്തിയത്. പെരിങ്ങര സ്വദേശിയായ ബിജുവിന്റെ ഭാര്യ അജിനിയുടെ വീട് തോട്ടപ്പുഴയിലാണ്. സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗമായ എൻജെ ജോണിന്റെ മകളാണ് അജിനി. ചൊവ്വാഴ്ച പുലർച്ചെ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ളയുടെ വീടിന്റെ ജനൽ ചില്ല് ബിജുവും അളിയൻ വിൽസനും കൂടി വന്ന് കല്ലെറിഞ്ഞ് പൊട്ടിച്ചതായി പരാതി ഉയർന്നു. ഇതിൽ പ്രതിഷേധിക്കാൻ ഇന്ന് സിപിഎം യോഗം ചേരും. ബിജുവിന് അനുകൂലമായി ദളിത് ക്രിസ്ത്യൻ സംഘടനകൾ ഇടപെടാൻ സാധ്യതയുള്ളതിനാൽ പൊലീസ് സന്നാഹവും ശക്തമാണ്.
പഞ്ചായത്തിൽ ബിജുവിന്റെ സെക്ഷനിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ജൂനിയർ സൂപ്രണ്ട്, സ്റ്റാഫ് മീറ്റിങ് വിളിച്ച് വിഷയം ചർച്ച ചെയ്ത ശേഷം ബിജുവിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. പിന്നെ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം അപേക്ഷയുമായി വന്നവരോട് ബിജു അപമദ്യായായി പെരുമാറിയെന്ന് പറയുന്നു. ജൂനിയർ ക്ലാർക്കിനോട് തട്ടിക്കയറുകയും ചെയ്തു. വീണ്ടും സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോൾ ബിജുവിനെതിരേ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ അത്ര രസത്തിലല്ലായിരുന്നു. അതിനിടെയാണ് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ജീവനക്കാർ ബിജുവിന് പിന്തുണയുമായി ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്