വാഷിങ്ടണ്‍: ഗേള്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ ജെറ്റില്‍ കയറ്റിയതിന് ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പട്ടേലിനെ നിലവിലെ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ട്രാംപ് ആലോചിക്കുന്നതായി എംഎസ് നൗ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

കാഷ് പട്ടേല്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തെ നീക്കാന്‍ പദ്ധതിയില്ലെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. പട്ടേലിനെ പുറത്താക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം. പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്തുനിന്നും നീക്കാന്‍ ട്രംപ് ആലോചിക്കുന്നതായുള്ള വാര്‍ത്തകളെ വൈറ്റ് ഹൗസ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

വാര്‍ത്ത പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഇത് പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് ട്രംപ് പട്ടേലുമായും അദ്ദേഹത്തിന്റെ നിയമ നിര്‍വ്വഹണ ടീമുമായും ഓവല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് എക്സില്‍ കുറിച്ചു. പ്രസിഡന്റ് ഈ കഥ കേട്ട് ചിരിച്ചുവെന്നും പട്ടേലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതായും അവര്‍ അറിയിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

പട്ടേല്‍ സൃഷ്ടിച്ച മോശം വാര്‍ത്തകളില്‍ ഡൊണാള്‍ഡ് ട്രംപും ഉന്നതതലത്തിലുള്ള അദ്ദേഹത്തിന്റെ അനുയായികളും അസ്വസ്ഥരാണെന്ന് എംഎസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. പട്ടേലിനെ നീക്കം ചെയ്യുന്നത് ട്രംപ് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ട് വന്നതോടെ എഫ്ബിഐ മേധാവി എന്ന നിലയില്‍ പട്ടേലിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടു. പട്ടേലിനെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളില്‍ ട്രംപും അനുയായികളും നിരാശരാണെന്നും ഒരു പകരക്കാരനെ കണ്ടെത്താന്‍ സ്വകാര്യ ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. എഫ്ബിഐ ഉദ്യോഗസ്ഥനായ ആന്‍ഡ്രൂ ബെയ്ലിയെ പകരക്കാരനായി പരിഗണിക്കുന്നതിനെ കുറിച്ച് ട്രംപ് സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കാമുകിയുടെ സുരക്ഷാ വിവരങ്ങള്‍, സര്‍ക്കാര്‍ ജെറ്റ് ഉപയോഗം, ട്രംപിന്റെ അനുയായികളുമായുള്ള പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പട്ടേല്‍ ആഴ്ചകളോളം വേട്ടയാടപ്പെട്ടിരുന്നു. ടെക്സസിലെ ഒരു ആഡംബര റിസോര്‍ട്ടിലേക്കും ഗേള്‍ഫ്രണ്ടിന്റെ വീട്ടിലേക്കും ഉള്‍പ്പെടെയുള്ള നിരവധി യാത്രകള്‍ക്ക് പട്ടേല്‍ സര്‍ക്കാര്‍ വിമാനം ഉപയോഗിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ട്രംപ് കഥ നിഷേധിച്ചെങ്കിലും എംഎസ് നൗ അതിന്റെ റിപ്പോര്‍ട്ടില്‍ തന്നെ ഉറച്ചുനിന്നു. ട്രംപ് ജനുവരിയില്‍ അധികാരമേറ്റ ശേഷം എഫ്ബിയുമായി ബന്ധപ്പെട്ട നീതിന്യായ വകുപ്പില്‍ നിന്ന് 200 പേരെ പുറത്താക്കിയിട്ടുണ്ട്.