- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിന്റെ ശക്തികേന്ദ്രമായ ഖാന്‍യൂനുസും തെക്കന്‍ ഗസ്സയും തകര്‍ക്കും; കഴിഞ്ഞ രാത്രി നഗരം വിട്ടുപോയത് 20,000 പേര്‍; 25കിലോമീറ്റര്‍ പ്രദേശത്തേക്ക് 15ലക്ഷം പേരെ ഒതുക്കി; തകര്‍ത്തത് ആയിരത്തോളം തുരങ്കങ്ങള്‍; ഗാസ്സ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ കരയാക്രമണത്തില്‍ ഭീതി
ഗാസ്സ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ കരയാക്രമണത്തില്‍ ഭീതി
ടെല്‍അവീവ്: ഗസ്സ സിറ്റി പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി, കരയാക്രമണവുമായി ഇസ്രയേല്‍ മുന്നോട്ടുപോവുമ്പോള്‍ ഭീതിയോടെ ലോകം. ഗസ്സ നഗരം മുഴുവന്‍ ഇളക്കിമറിച്ച് പരിശോധിച്ച് അവസാനത്തെ ഹമാസുകാരനെയും ഉന്‍മൂലനം ചെയ്യുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗസ്സ പിടിച്ചടക്കാനുള്ള പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 റിസര്‍വ് സൈനികരെ ഉടനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കയാണ്. യുദ്ധമുഖത്തുള്ള 20,000 റിസര്‍വ് സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്.
വീണ്ടും കൂട്ടപലായനം
ഇപ്പോള്‍, കരയാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രയേല്‍ സേന. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സ സിറ്റിയിലെ എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ( ഐഡിഎഫ്) മുന്നറിയിപ്പ് നല്‍കി. അതിനിടെ ഹിസ്ബുള്ള ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മിച്ച ഹമാസ് ഭീകരനെ വധിക്കുന്ന ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് ഗസ്സ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഐഡിഎഫ് തന്നെ അറിയിച്ചിട്ടുണ്ട്. പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി മാത്രം 20,000 പേര്‍ ഗാസ വിട്ടുപോയി. അതിനിടെ പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ബന്ദികളെ വീടുകളിലേക്കും ടെന്റുകളിലേക്കുമാണ് മാറ്റിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുള്ളത്.
സംശയം തോനുന്നിടത്തെല്ലാം, കണ്ണും മൂക്കുമില്ലാതെ ആക്രമിക്കുക എന്ന പരിപാടിയാണ് ഇപ്പോള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഹമാസ് ഗസ്സയിലുടെ നീളം നിര്‍മ്മിച്ച 1300 ഓളം തുരങ്കങ്ങളില്‍, ആയിരത്തോളം തുരങ്കങ്ങള്‍ അവര്‍ തകര്‍ത്തു കഴിഞ്ഞു. ഗസ്സയുടെ പ്രാന്തപ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ വെറും 25 കിലോമീറ്റര്‍ നീളവും, 20 കിലോമീറ്റര്‍ വീതിയുമുള്ള അല്‍മവാസി, ദേര്‍ അല്‍ബലാ ഭാഗത്തേക്ക് ഗസ്സ നിവാസികളെ ഒതുക്കിയിട്ടുണ്ട്. ഇവിടെയാണ് 15 ലക്ഷം പേര്‍ കഴിയുന്നത്. യുദ്ധത്തിനുശേഷം ഒരു ടെന്റ് സിറ്റിയായി ഈ മേഖല മാറിയിരിക്കയാണ്. ബാക്കിയുള്ള ഗസ്സക്കാര്‍ ഖാന്‍ യൂനിസിലാണ്. 5 ലക്ഷം പേരാണ് ഇവിടെ ജീവിക്കുന്നത്.
ഇതിന്റെ പകുതിയും ഐഡിഎഫിന്‍െ റെഡ്സോണാണ്. റഫ മുതല്‍ അല്‍മവാസിവരെയുള്ള 7 കിലോമീറ്റര്‍ പൂര്‍ണ്ണമായും ഐഡിഎഫിന്റെ കൈയിലാണ്. ഗസ്സയില്‍ കൂടുതല്‍ റെഡ്സോണുകള്‍ ഉണ്ടാക്കി ( പൂര്‍ണ്ണ സൈനിക മേഖല) ഹമാസിനെ ഉല്‍മൂലനം ചെയ്യുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. ഇപ്പോള്‍ തെക്കന്‍ ഗസ്സയിലും, ഖാന്‍ യൂനുസിലുമാണ് അവശിഷ്ട ഹമാസ് കുടികൊള്ളുന്നത് എന്നാണ് ഐഡിഎഫ് പറയുന്നത്. ഇവിടം വളഞ്ഞ് പരിശോധിച്ച്, തുരങ്കങ്ങള്‍ നിര്‍വീര്യമാക്കി ഹമാസിനെ തീര്‍ക്കുമെന്നാണ് ഐഡിഎഫ് പറയുന്നത്.
'ഓടാം, പക്ഷേ ഞങ്ങള്‍ പിന്തുടര്‍ന്ന് കൊല്ലും'
ഇസ്രായേലിന്റെ പല സഖ്യകക്ഷികളായ രാജ്യങ്ങള്‍ ഉള്‍പ്പെടെ പുതിയ നീക്കത്തെ അപലപിച്ച് രംഗത്തെത്തി. 'ഇത് രണ്ട് ജനതകളെയും ദുരന്തത്തിലേക്ക് നയിക്കുകയും മേഖലയെ സ്ഥിരമായ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടി' എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീക്കത്തെ വിശേഷിപ്പിച്ചത്. പക്ഷേ ആര് പറയുന്നത് ഇസ്രയേല്‍ ചെവിക്കൊള്ളുന്നില്ല. ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്നാണ് അവര്‍ പറയുന്നത്.
ഗസ്സയില്‍ തകര്‍ക്കപ്പെട്ട ബഹുനില കെട്ടിടങ്ങള്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും, അവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നെതന്യാഹു വിശദീകരിച്ചു. ലോകം ഗസ്സയെക്കുറിച്ചുള്ള 'മുന്‍ഗണനകളും വസ്തുതകളും ശരിയാക്കണം' എന്നും, ഗസ്സയിലെ ജനങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ഇസ്രയേല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
'സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം, ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയപ്രകാരം ഒരു രാജ്യത്തിനും ഭീകരവാദികളെ സംരക്ഷിക്കാനോ വളര്‍ത്താനോ കഴിയില്ല,' നെതന്യാഹു പറഞ്ഞു. 'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെ നേരിടാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കുന്നുവെന്ന സന്ദേശമാണ് റൂബിയോയുടെ സന്ദര്‍ശനം നല്‍കുന്നതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ആരൊക്കെ എതിര്‍ത്താലും ഗസ്സയിലെ സൈനിക നടപടികളില്‍നിന്ന് തരിമ്പും പിന്നോട്ടില്ല എന്ന സൂചനയാണ് നെതന്യാഹുവിന്റെ വാക്കുകള്‍ നല്‍കുന്നത്.