ബെയ്‌റൂട്ട്: ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തിനിടെ മാധ്യമ പ്രവര്‍ത്തകനു പരിക്കേറ്റു. തത്സമയ സംപ്രേഷണത്തിനിടെ ലബനനിലെ മാധ്യമ പ്രവര്‍ത്തകനായ ഫാദി ബൗദയക്കു നേരെയാണ് ആക്രമണമുണ്ടായത്. മറായ ഇന്റര്‍നാഷനല്‍ നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍ ജനറലായ ഫാദി ബൗദയയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഫാദിക്കെതിരെയുള്ള മിസൈല്‍ ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 558 ആയി. മരണപ്പെട്ടവരില്‍ 50 പേര്‍ കുട്ടികളാണ്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1835 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം ചെയ്തു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബെയ്‌റൂട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാന്‍ഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

തിങ്കളാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണുണ്ടായത്. 558 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് പറഞ്ഞു. കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബെയ്‌റൂട്ടിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.

ഗലീലിയിലെ ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. ലബനീസ് ജനതക്കെതിരെയല്ല ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രയേല്‍ വാദം.

ലബനനിലെ ഇസ്രയേല്‍ വ്യോമാക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ പൂര്‍ണമായും യുദ്ധത്തിന്റെ വക്കിലാണ്. 1982 ലേതുപോലെ ലബനനിലേക്ക് കര വഴി ഇസ്രയേലി സൈനികനീക്കം ഉണ്ടായാല്‍ പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ വഴിമാറും. ഇതു മുന്‍കൂട്ടി കണ്ട അമേരിക്ക മേഖലയില്‍ സൈനിക വിന്യാസം കൂട്ടുകയാണ്. ലബനനിലെ യുഎസ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.