ബെയ്‌റൂട്ട്: പേജര്‍-വോക്കിടോക്കി ആക്രമണത്തിന് ശേഷം ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന അതിശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണം. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശവാദം. അതസമയം കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.

ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെയും ലെബനന്‍ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ലോകശക്തികള്‍ അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ച തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഫോഴ്സ് കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനന്‍ ജനതയോട് ആവശ്യപ്പെട്ടു.

ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വര്‍ധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമാണ്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളിലെ മുന്‍നിരക്കാരെ നേരത്തെ തന്നെ ഇസ്രായേല്‍ വധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള നേതാക്കള്‍ കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ ഒക്ടോബര്‍ ഏഴിന്റെ മാതൃകയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രസിഡന്റ് ഇസ്ഹാക്് ഹെര്‍സോഗ് രംഗത്തുവന്നിരുന്നു. ഭീകര സംഘടനയുടെ കമാന്‍ഡര്‍ പദവിയിലുള്ള നേതാക്കളാണ് ബെയ്‌റൂട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ആയിരത്തിലധികം പേരെ വധിക്കുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന്റെ മാതൃകയില്‍ ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നത്.

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇവരുടെ രഹസ്യ സങ്കേതം ഇസ്രയേല്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ റദ്വാന്‍ ഫോഴ്‌സിനെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഒത്തുകൂടിയിരുന്ന കെട്ടിടം ഇസ്രേയല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. റദ്വാന്‍ ഫോഴ്‌സിന്റെ തലവനും ഹിസ്ബുള്ളയുടെ ഓപ്പറേഷന്‍ വിഭാഗം മേധാവിയും ആയിരുന്ന ഇബ്രാഹിം അഖീലും മറ്റ് പതിനൊന്ന് ഹിസ്ബുള്ള ഉന്നതരുമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഹമാസ് ഇസ്രയേല്‍ ആക്രമിക്കുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരത്തില്‍ ഒരാക്രമണം ഇസ്രയേലില്‍ നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നു എന്നാണ് ഇസ്രയേല്‍ ഭരണകൂടം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതും. ഗലീലി കീഴടക്കി അവിടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും തട്ടിക്കൊണ്ട് പോകാനുമുളള പദ്ധതി പഴുതടച്ച് ചെയ്യാനായിരുന്നു ഹിസ്ബുള്ള ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഹിസ്ബുള്ള ഇസ്രയേലിലേക്ക് നിരന്തരമായി ആക്രമണം നടത്തുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ഹിസ്ബുളളയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുകയായിരുന്നു. പ്രധാനപ്പെട്ട കമാന്‍ഡര്‍മാരെ കൂടി വധിച്ചതോടെ ഹിസ്ബുള്ള ഇപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

രണ്ട് ദിവസങ്ങളിലുണ്ടായ പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം നടത്തി. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. 2006-നുശേഷം ലെബനനില്‍ ഇസ്രയേല്‍ നടത്തിയ മാരക ആക്രമണമാണിത്.