ബെയ്‌റൂത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ ലെബനനെ ലാക്കാക്കി നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. പേജര്‍ സ്‌ഫോടനത്തിലൂടെ തുടക്കമിട്ട സംഘര്‍ഷം കരയുദ്ധത്തിലേക്ക് വഴിവെക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍.

മേഖലയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഏത് നിമിഷവും കരയുദ്ധമെന്ന് സൂചന നല്‍കി ഇസ്രയേല്‍ സൈന്യാധിപന്‍ രംഗത്തുവന്നു. വടക്കന്‍ ഇസ്രായേലിലെ ലബനന്‍ അതിര്‍ത്തിയില്‍ സൈനികരെ അഭിസംബോധന ചെയ്യുക ആയിരുന്നു ഹെര്‍സി ഹലൈവി. എല്ലാ ദിവസവും ലബനനിലേക്ക് ആക്രമണം നടത്തണമെന്ന് അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. അതേ സമയം ഹിസ്ബുള്ളക്കെതിരായ പോരാട്ടം തുടരുകയും ചെയ്യണമെന്ന് ഹലൈവി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയ സൈനിക മേധാവി ഇതിന് കനത്ത തിരിച്ചടി നല്‍കണമെന്നും നിേേര്‍ദ്ദശിച്ചു. നിങ്ങളുടെ ബൂട്ടുകള്‍ ശത്രുവിന്റെ രാജ്യത്ത് പതിയണം എന്നാണ് ഹലൈവി ആഹ്വാനം ചെയ്തിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ രണ്ട് ബ്രിഗേഡ് റിസര്‍വ് സേനെയ ഒരുക്കാനാണ് ഇസ്രയേല്‍ സൈനിക നേതൃത്വം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇന്നലെ തങ്ങള്‍ ടെല്‍ അവീവിലെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഓഫീസ് ലക്ഷ്യമിട്ട് തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ് ഹിസ്ബുള്ള നേതൃത്വം പറയുന്നത്.

ഇസ്രയേലുമായി നേരിട്ട് ഏറ്റുമുട്ടല്‍ തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതാദ്യമായിട്ടാണ് ഹിസ്ബുള്ള ഭീകരര്‍ ആ രാജ്യത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ അയയ്ക്കുന്നത്. ഇതിന് തിരിച്ചടിയായി ഇന്നലെ മാത്രം അറുപതോളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ തങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു. ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലബനനില്‍ 51 പേര്‍ കൊല്ലപ്പെടുകയും 223 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ലബനനിലെ ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ ലബനനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്കയും ഫ്രാന്‍സും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശുഭപ്രതീക്ഷക്കും വകയില്ലെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നത്. നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി ഒത്തതീര്‍പ്പുണ്ടാക്കുക എന്നതാണ് അമേരിക്ക മുന്നോട്ട് വെച്ച പ്രധാന നിര്‍ദ്ദേശം. അതേ സമയം ലബനനില്‍ അകപ്പെട്ടു പോയ ബ്രിട്ടീഷ് പൗരന്‍മാര്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിര്‍ സ്റ്റാമര്‍ ലബനനിലെ

ബ്രിട്ടീഷ് പൗരന്‍മാര്‍ എത്രയും വേഗം അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ട് എങ്കിലും നിലവിലെ പശ്ചാത്തലത്തില്‍ അത് എത്രത്തോളം യാഥാര്‍ത്ഥ്യമാകും എന്ന് കണ്ട് തന്നെ അറിയണം. ഇപ്പോള്‍ സൈപ്രസില്‍ വിന്യസിച്ചിട്ടുള്ള ബ്രിട്ടീഷ് പടക്കപ്പലുകലും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഈ ദൗത്യം നടത്താനാണ് സൈനിക നേതൃത്വം പദ്ധതിയിടുന്നത്. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തിങ്കളാഴ്ച വരെ 560 പേര്‍ കൊല്ലപ്പെടുകയും 1800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഇസ്രയേല്‍ ഔദ്യോഗികമായി

സ്ഥിരീകരിച്ചിട്ടുള്ളത്.

ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹിസ്ബുള്ള ഭീകരര്‍ അതീവ ദുര്‍ബലരായി തീര്‍ന്നു എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

യവ് ഗാലന്റ് പറയുന്നത്. തുടര്‍ച്ചയായി ശക്തമായ ആക്രമണം നടത്തി ലബനനെ ദുര്‍ബലമാക്കിയിട്ട് തലസ്ഥാനമായ ബെയ്റൂട്ട് പിടിക്കാനും ഇസ്രയേല്‍ ശ്രമിക്കാം എന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഘട്ട് ആക്രമണത്തിലൂടെ ലെബനനില്‍ അതിര്‍ത്തി കടന്ന് ബഫര്‍സോണ്‍ സൃഷ്ടിക്കുക എന്നതാനും ഇസ്രായേല്‍ ലക്ഷ്യം. അടുത്ത ഘട്ടത്തിലേക്ക് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കും നീങ്ങിയേക്കാം.

അതേസമയം ഗാസയിലെ പോലെ ഇസ്രായേലിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ഇറാന്റ പിന്തുണയുള്ള ഹിസ്ബുള്ള കാലങ്ങളായി അവിടെ ചെറുത്തു നില്‍പ്പ് നടത്തുന്നവരാണ്. അവര്‍ ഗറില്ലാ മോഡല്‍ ആക്രമണങ്ങള്‍ നടത്തിയേക്കാനും സാധ്യതയുണ്ട്. ഇറാന്റെ പക്കലുള്ള ബലിസ്റ്റിക് മിസൈലുകളും ഹിസ്ബുള്ളക്ക് സഹായമായി എത്തിയേക്കാം.

ഒരു യുദ്ധം ഉണ്ടായാല്‍ ലബനനിലെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ആദ്യം ഒരു ബഫര്‍സോണ്‍ സൃഷ്ടിച്ച ശേഷമായിരിക്കും ഇത്തരത്തില്‍ ഒരു നടപടി ഇസ്രയേല്‍ സ്വീകരിക്കുക എന്നാണ് കരുതപ്പെടുന്നത്. ബെയ്റൂട്ടിനെ തുടര്‍ന്ന് ലബനന്‍ ഒന്നാകെ പിടിച്ചെടുക്കാന്‍ തന്നെയാണ് ഇസ്രയേല്‍ തയ്യാറെടുക്കാനും സാധ്യത ഏറെയാണ്.

വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍

സംഘര്‍ഷം മുറുകവേ ലെബനാനില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് യു.എസിന്റേയും ഫ്രാന്‍സിന്റേയും നേതൃത്വത്തില്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും പുറത്തുവന്നു. ഗസ്സയില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ലബനാന്‍ വിഷയത്തില്‍ യു.എന്‍ അടിയന്തര രക്ഷാസമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് സംയുക്ത പ്രസ്താവന.

2023 ഒക്ടോബര്‍ എട്ട് മുതല്‍ ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘര്‍ഷമാവാന്‍ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേല്‍, ലബനാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിര്‍ത്തികളിലുള്ള ജനങ്ങള്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളേയും ഞങ്ങള്‍ വിളിക്കും. ഇസ്രായേല്‍, ലബനാന്‍ സര്‍ക്കാറുകളുമായി സംസാരിക്കും. ഉടന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മുഴുവന്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും യു.എസും ഫ്രാന്‍സും അറിയിച്ചു. ആസ്‌ട്രേലിയ, കാനഡ, യുറോപ്യന്‍ യൂണിയന്‍, ജര്‍മ്മന, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.