ഥാര്‍ത്ഥ ഹീറോകള്‍ അങ്ങനെയാണ്. ഒന്നിന്റെയും ക്രെഡിറ്റ് അവര്‍ അടിച്ചുമാറ്റില്ല. പകരം വീഴ്ചകളുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ സ്വന്തം ചുമലില്‍ ഏറ്റെടുക്കം. അതുപോലെ ഒരു റിയല്‍ ഹീറോയുടെ വിരമിക്കലിനാണ്, ഇസ്രയേല്‍ ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അറിയപ്പെടുന്ന ഐഡിഎഫിന്റെ തലവന്‍ ഹെര്‍സി ഹലേവി കാലാവധി കഴിയുന്നതിന് പത്തുമാസം മുമ്പ് വിരമിക്കയാണ്. അദ്ദേഹം വിരമിക്കാനുള്ള കാരണമായി പറയുന്നത്, ഒക്ടോബര്‍ 7ന് ഹമാസ് രാജ്യത്തേക്ക് നുഴഞ്ഞു കയറി നടത്തിയ ഭീകരാക്രമണം തടയാന്‍ കഴിഞ്ഞില്ല എന്നതാണ്.

വേണമെങ്കില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തൊട്ട്, ലോകത്തിലെ ഏറ്റവും പുകള്‍പെറ്റ ചാര സംഘടനയായ മൊസാദിനെ വരെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി നിഷ്പ്രയാസം കൈ കഴുകാമായിരുന്നു, യഹൂദ രാഷ്ട്രത്തിന്റെ സര്‍വ സൈന്യാധിപന്. പക്ഷേ അദ്ദേഹമത് ചെയ്തില്ല. ഒക്ടോബര്‍ 7ന് ഹമാസ് അതിര്‍ത്തി കടന്ന് എത്തി, യഹൂദ സ്ത്രീകളെ ബലാത്സഗം ചെയ്യുകയും, കൊല്ലുകയും, ശവത്തില്‍ തുപ്പുകയും ചെയ്ത് അര്‍മാദിച്ചപ്പോള്‍, ആ കൊച്ചു രാജ്യം തലകുനിഞ്ഞ് പോയിരുന്നു. ലോക പ്രശസ്തമായ ഇസ്രയേലിന്റെ അയേണ്‍ ഡോമിനുപോലും അന്ന് വീഴ്ചയുണ്ടായി. അതിര്‍ത്തിയില്‍ മതിയായ സൈനികര്‍ പോലും ഉണ്ടായിരുന്നില്ല.

ഒരു ചങ്ങല പോലെ നീണ്ട ഒരുപാട് വീഴ്ചകളുടെ ഭാരം പക്ഷേ ഐഡിഎഫ് തലവന്‍ ഒറ്റക്ക് നെഞ്ചിലേറ്റി. സുരക്ഷാവീഴ്ചയുടെ കാരണം പ്രധാനമന്ത്രിയുടെ തലയിലിട്ട്, പ്രതിപക്ഷത്തിന് മുതലെടുക്കാനുള്ള അവസരം അദ്ദേഹം കൊടുത്തില്ല. അന്ന് ലോകത്തിന് മുമ്പാകെ തലകുനിച്ച് നില്‍ക്കുമ്പോള്‍, ഐഡിഎഫ് തലവന്‍ ഹേര്‍സി ഹലേവി, രാജ്യത്തിനും പ്രധാനമന്ത്രിക്കും കൊടുത്ത ഒരു വാക്കുണ്ട്. ഇതിന് കാരണക്കാരനായവരെ നിശ്ശേഷം തകര്‍ക്കും. ഇന്ന് 15 മാസങ്ങള്‍ക്ക്ശേഷം ഗസ്സയില്‍ വെടിനിര്‍ത്തല്‍ വരുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കയാണ്. യഹിയ സിന്‍വര്‍ അടക്കമുള്ള ഹമാസിന്റെ നേതൃ നിരയെ ഒന്നൊന്നായി കൊന്നോടുക്കി. പേജര്‍ ആക്രമണം അടക്കം നടത്തി ഹിസ്ബുല്ലയെ ഞെട്ടിച്ചു. ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ പലരും ലോക റെക്കോര്‍ഡിട്ടു! ലോകത്തിലെ ഏറ്റവും കുറച്ച് കാലം ഒരു സംഘടനയുടെ തലവനായി പ്രവര്‍ത്തിച്ചു എന്ന നിലയില്‍. കാരണം ഒരുത്തന്‍ പുതിയ തലവനായി ചുമതല ഏല്‍ക്കുമ്പോഴേക്കും അവനെയും, ഇസ്രയേല്‍ തട്ടും. ഇങ്ങനെ പൂര്‍ണ്ണമായും വിജയച്ചിട്ടും, ഈ സൈനികത്തലവന്‍ ഒറ്റ പരാജയപ്പെട്ട ദൗത്യത്തിന്റെ പാപഭാരവും ഏറ്റെടുത്താണ് പടിയിറങ്ങുന്നത്.



പടിയിറക്കം നേട്ടങ്ങളുമായി

ഒക്ടോബര്‍ ഏഴിന് സൈനിക പരാജയം ചൂണ്ടിക്കാട്ടിയാണ്, ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവി മാര്‍ച്ചില്‍ രാജിവെക്കുന്നത് എന്നാണ് ദ ജറുസലേം പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. രണ്ട് വര്‍ഷവും രണ്ട് മാസവും അധികാരത്തിലിരുന്നതിന് ശേഷം മാര്‍ച്ച് 6 ന് രാജിവെക്കുമെന്ന് അറിയിച്ചുകൊണ്ട് ഹെര്‍സി ഹലേവി ചൊവ്വാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനും കത്ത് അയച്ചു കഴിഞ്ഞു. സാധാരണ മൂന്ന് വര്‍ഷത്തെ കാലാവധിയേക്കാള്‍ ഏകദേശം 10 മാസം മുമ്പാണ് രാജി. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന താന്‍ നല്‍കിയ വാക്ക് പാലിച്ചാണ് രാജിവെക്കുന്നതെന്ന് ഹലേവി പറഞ്ഞു.

തന്റെ ഭരണകാലത്ത് വെസ്റ്റ്ബാങ്കിലെ ഭീകരതയെ വേണ്ടത്ര താഴ്ന്ന നിലയിലേക്ക് പിടിച്ചുനിര്‍ത്താന്‍ ഐഡിഎഫിന് കഴിഞ്ഞുവെന്ന് ഹലേവി പറഞ്ഞു. ഗസ്സയിലെ ഹമാസിന്റെ രാഷ്ട്രീയ നിയന്ത്രണം ഇല്ലാതാക്കി. ബാക്കിയുള്ള 94 ബന്ദികളെ തിരിച്ചുകിട്ടുന്നതിനുള്ള ശ്രമവും പുര്‍ത്തിയാവുന്നു. ഇപ്പോള്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാവുന്ന ശാന്തമായ അന്തരീക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍.

തുടക്കത്തില്‍ നെതന്യാഹുവുമായി അത്ര നല്ല ബന്ധമായിരുന്നില്ല ഹലേവിക്ക് ഉണ്ടായിരുന്നത്. പക്ഷേ ക്രമേണെ മഞ്ഞുരുകി. 2023 ഒക്ടോബര്‍ 7ന്റെ സുരക്ഷാ വീഴ്ച ഞെട്ടിക്കുന്നതായിരുന്നു. 2024 ഓഗസ്റ്റില്‍ തന്റെ മുന്‍ ഇന്റലിജന്‍സ് മേധാവി അഹരോണ്‍ ഹല്‍വി രാജിവച്ചപ്പോള്‍ ഉണ്ടായപോലെ ഒരു അന്വേഷണത്തിന് ഹലേവി ആവശ്യപ്പെടുമോ എന്നത് ഇപ്പോഴും ഒരു വലിയ ചോദ്യമാണ്.പൊതുവെ മൃദുഭാഷിയായ ഹലേവി ഇറാനെതിരെ ശക്തമായി സംസാരിച്ചതും വാര്‍ത്തയായിരുന്നു. ഇസ്രയേലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍, ' ഇനിയും ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും എന്നായിരുന്നു' ഹെര്‍സി ഹവേലിയുടെ ഭീഷണി. അതും വെറും ഭീഷണിമാത്രമായിരുന്നില്ല. മിസൈലയച്ച് ഇറാനെ ഞെട്ടിക്കുക തന്നെ ചെയ്തു ഹെര്‍സി.

നിലവില്‍ പ്രതിരോധ മന്ത്രാലയം ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുന്ന ഇയാല്‍ സമീറാണ് ഹെര്‍സി ഹലേവിയുടെ പകരക്കാരന്‍ ആവുകയെന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ, ഐഡിഎഫ് മേധാവിയിലേക്കുള്ള അവസാന മത്സരത്തില്‍, ഹലേവിക്ക് രണ്ടാം സ്ഥാനത്തെത്തിയ മുന്‍ ഡെപ്യൂട്ടി ഐഡിഎഫ് മേധാവി സമീര്‍ അക്കാലത്ത് നെതന്യാഹുവിന്റെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു.




ഹമാസിന്റെ വധശ്രമങ്ങളെ പലതവണ അതിജീവിച്ചയാളാണ് ഹെര്‍സി ഹലേവി. 2024 സെപ്റ്റംമ്പറില്‍ വടക്കന്‍ ഗസ്സയില്‍ യുദ്ധനീക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഹെര്‍സി ഹലേവി യോഗം ചേര്‍ന്ന വീടിന് നേരെ ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍, സംഭവ സമയത്ത് ഹലേവി അവിടം വിട്ടിരുന്നതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ 'ഇര്‍ന' അടക്കമുള്ളവ ചൂണ്ടിക്കാട്ടി. ഐ.ഡി.എഫ് തലവന്‍ പോയതിന് പിന്നാലെ നടന്ന ആക്രമണത്തില്‍ സ്ഥലത്ത് അവശേഷിച്ചിരുന്ന ഐ.ഡി.എഫ് 888 മള്‍ട്ടിഡൈമന്‍ഷണല്‍ യൂണിറ്റിലെ നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 'ഫലസ്തീന്‍ ക്രോണിക്കിള്‍' വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 20ന് ഐ.ഡി.എഫിലെ ഉന്നത സൈനികനായ കേണല്‍ ഇഹ്‌സാന്‍ ദഖ്‌സയെ ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഐ.ഡി.എഫ് തലവനെ വധിക്കാന്‍ ഹമാസ് ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടിനോട് ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ പലതവണ അതിനുള്ള ശ്രമങ്ങള്‍ നടന്നതായാണ് വിവരം.