- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ ഇതേ ഇടത്ത് മുമ്പും ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് തെളിവുമായി ഐഎസ്ആര്‍ഒ; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്; മണ്ണിടിച്ചില്‍ അറ്റ്ലസില്‍ വയനാട് 13 -ാമത്
തിരുവനന്തപുരം: വയനാട്ടില്‍ വന്ഉരുള്പൊട്ടലുണ്ടാക്കിയ വ്യാപക നാശനഷ്ടം വെളിവാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഉരുള്‍പൊട്ടലിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങളാണ് ലഭ്യമായത്. ഏകദേശം 86,000 ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ മണ്ണിടിയുകയും അവശിഷ്ടങ്ങള്‍ 8 കിലോമീറ്ററോശം ഇരുവഞ്ഞി പുഴയിലൂടെ ഒഴുകുകയും ചെയ്തു. എന്‍ഡി ടിവിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ( ഐ എസ് ആര് ഒ) റിപ്പോര്‍ട്ട് പ്രകാരം ഇതേ സ്ഥലത്തെ പഴയ ഒരു ഉരുള്‍പൊട്ടലിന്റെ തെളിവ് കിട്ടിയിട്ടുണ്ട്. ഐ എസ് ആര് ഒയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് കേന്ദ്രം കാര്‍ട്ടോസാറ്റ് -3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും. റിസാറ്റ് ഉപഗ്രഹവും വഴിയാണ് ഉരുള്‍പൊട്ടല്‍ വിശകലനം ചെയ്തത്. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നും ഇസ്രോ വിലയിരുത്തി.
2023 ലെ ഐ എസ് ആര് ഒ തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ് ലസ് ഓഫ് ഇന്ത്യ പട്ടികയില്‍ വയനാടിനെ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്ത് ഉള്‍പെടുത്തിയിരുന്നു. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്ത് ആയിരുന്നു. ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണു പട്ടിക തയാറാക്കിയത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗാണ് ഒന്നാമത്. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ തയാറാക്കിയ ഇന്ത്യയുടെ മണ്ണിടിച്ചില്‍ അറ്റ്ലസില്‍ ഉള്ളത്.
തൃശൂര്‍ മൂന്നാം സ്ഥാനത്തും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ യഥാക്രമം 5, 7, 10 സ്ഥാനങ്ങളിലുമുണ്ട്. ഇടുക്കി 18-ാം സ്ഥാനത്താണ്. പശ്ചിമഘട്ട മലനിരകളാണു മണ്ണിടിച്ചിലിന് ഏറെ സാധ്യതയുളള പ്രദേശമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിമാലയന്‍ പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മണ്ണിടിച്ചില്‍ കുറവാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടിയിരിക്കുന്നത് പശ്ചിമഘട്ട മലനിരകളിലെ ദുരന്തം ജനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രപതി ഭവനേക്കാള്‍ അഞ്ചിരട്ടി വലുപ്പമുള്ള പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഐ എസ് ആര് ഒയുടെ ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നു. പട്ടണങ്ങളും വീടുകളും തകര്‍ത്തുകൊണ്ട് 8 കിലോമീറ്ററോളം അവശിഷ്ടങ്ങള്‍ ഒഴുകി. ചൂരമലയില്‍ ഉണ്ടായ കനത്ത മഴയാണ് വന്‍തോതിലുള്ള മണ്ണിടിച്ചിന് കാരണമായതെന്നും നാഷണല്‍ റിമോട്ട് സെന്‍സിങ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉരുള്‍പൊട്ടിയൊഴുകിയ അവശിഷ്ടങ്ങള്‍ കാരണം ഇരുവഞ്ഞി പുഴ കരകവിഞ്ഞ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ച് ഒഴുകിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2013 ലെ ഐ എസ് ആര് ഒ അറ്റ് ലസില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായ 80,000 ഉരുള്‍പൊട്ടലുകളുടെ രേഖകളുണ്ട്. പുത്തുമല അടക്കം വയനാടും പട്ടികയില്‍ പെടുന്നു. ദുരന്ത നിവാരണ പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ അറ്റ് ലസ് ഉപകാരപ്രദം ആയിരിക്കുമെന്ന് ഇസ്രോ ചെയര്മാന് ഡോ. എസ് സോമനാഥ് പറഞ്ഞു.