കാസര്‍കോട്: ഉമര്‍ ഫൈസി മുക്കത്തിന് മറുപടിയുമായി ലീഗ് നേതാക്കള്‍ രംഗത്ത്. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനത്തിനാണ് ലീഗ് നേതാക്കള്‍ രംഗത്തുവന്നത്. 'സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തങ്ങളെ വിമര്‍ശിച്ചാല്‍ പത്ത് വോട്ട് കിട്ടുമെന്നാണ് കരുതുന്നതെന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഉമര്‍ ഫൈസിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമും രംഗത്തുവന്നു.

പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാല്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രതിരോധിക്കേണ്ടി വരും. ഇത്തരം ആളുകളെ നിലക്കു നിര്‍ത്താന്‍ സമസ്ത തയ്യാറാവണമെന്നും, ഉമര്‍ ഫൈസി മുക്കത്തിന് പിന്നില്‍ സിപിഎമ്മാണെന്നും പി.എം.എ സലാം പറഞ്ഞു. സര്‍ക്കാര്‍ ഏതോ കമ്മറ്റിയില്‍ നല്‍കിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമര്‍ ഫൈസിയെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. ഇത്തരം ആളുകളെ നിലക്കു നിര്‍ത്താന്‍ സംഘടന തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും പി.എം.എ സലാം എതിര്‍ത്ത്. സിപി എം എതിര്‍ക്കുന്നത് മുസ്ലിം ലീഗിനെയല്ല, ഇസ്ലാമിനെയാണ്. ഇവര്‍ക്ക് കുതിരകയറാനുള്ള മതമല്ല ഇസ്ലാം. പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാം വിരുദ്ധതയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിക്കെതിരെ മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടനയും രംഗത്തെത്തി. ഏഷണിയും പരദൂഷണം പറഞ്ഞ് സമുദായത്തിനിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ പറഞ്ഞു. തൊപ്പിവച്ച സൈബര്‍ പോരാളിയെ നിയന്ത്രിച്ചില്ലെങ്കില്‍ പലതും സമുദായത്തിനു പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎസ്എഫ് നേതാവിന്റെ പ്രതികരണം. നിയമം എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെക്കുറിച്ച് മോശം പറയല്‍ ശരിയല്ല. മതത്തില്‍ ഗവേഷകനാകുന്നതിനുമുന്‍പ് ആദ്യം വിശ്വാസിയാകണം. ഏഷണിയും പരദൂഷണവും പറഞ്ഞ് സമുദായത്തിനിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കരുതെന്നും അഡ്വ. സജല്‍ പറഞ്ഞു.

അഡ്വ. സജലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മസ്അലയും നിയമവും എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ച് മോശം പറയല്‍ അയാളുടെ പച്ച ഇറച്ചി ഭക്ഷിക്കുന്നതിന് തുല്യമാണ്. മുജ്തഹിദാകുന്നതിനു മുമ്പ് ആദ്യം മുഅ്മിന്‍ ആവണം. അതല്ലാതെ നമീമത്തും ഏഷണിയും പരദൂഷണവും പറഞ്ഞ് ഉമ്മത്തിനിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കരുത്.

പിന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കന്മാരുമൊക്കെ നേരിട്ട് ഫോണില്‍ വിളിക്കുമ്പോള്‍ വലിയ ആളായി എന്നുള്ള തോന്നല്‍ തോന്നാന്‍ പാടില്ല എന്നുള്ള വിനയവും ഇസ്ലാമികമാണ്. തൊപ്പിവച്ച സൈബര്‍ പോരാളിയെ നിയന്ത്രിച്ചില്ലെങ്കില്‍ പലതും ഉമ്മത്തിന് പറയേണ്ടിവരും.

സ്വാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ല എന്നായിരുന്നു മുക്കം ഉമര്‍ ഫൈസിയുടെ വിമര്‍ശനം. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായത്. അദ്ദേഹത്തിനു വിവരമില്ല. വിവരമില്ലെങ്കിലും ഖാസി ആകണമെന്ന് ചിലര്‍ പറയുന്നു, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസി ആക്കാന്‍ ചിലരും നില്‍ക്കുന്നു. സമസ്തയില്‍നിന്ന് ചിലര്‍ ഇതിനു പിന്തുണ നല്‍കുകയും ചെയ്യുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ജനങ്ങളോട് ചിലത് തുറന്നുപറയും. ആരെയും പേടിച്ചില്ല, ജനങ്ങള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാകരുതെന്നു കരുതിയാണ് മിണ്ടാതിരിക്കുന്നത്. തങ്ങളുടെ കൈയിലും ആയുധങ്ങളുണ്ടെന്നും ആവശ്യം വരുമ്പോള്‍ എടുക്കുമെന്നും ഉമര്‍ ഫൈസി മുന്നറിയിപ്പ് നല്‍കിയിരുന്നു.