തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ചു രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ബിജെപി നേതാവ് അഡ്വ. പത്മകുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തുവന്നു.

ഇന്നലെ രാത്രി മറുനാടന്‍ ഷാജനെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധര്‍ഹമാണ്. നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് എല്ലാ നിയമങ്ങളേയും വ്യവസ്ഥകളെയും കാറ്റില്‍ പറഞ്ഞിയാണ് പോലീസ് ഇന്നലെ ഷാജനെ അറസ്റ്റ് ചെയ്തതെന്നും ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. പ്രതിയായി ആരോപിക്കപ്പെടുന്ന വ്യക്തിയ്ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉണ്ട്. വ്യക്തിപരമായും സാമൂഹികമായും വ്യക്തിപരമായും സാമൂഹികമായും ഒരാള്‍ക്ക് ഉള്ള മാന്യത അത് ലംഘിക്കാന്‍ ഒരു അധികാരിക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം നിഷേധിക്കുക, വസ്ത്രം ധരിക്കാന്‍ അനുവധിക്കാതെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക അങ്ങയറ്റത്തെ നിയമ ലംഘനമാണ് ഇന്നലെ നടന്നത്. 'ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് ബഹു: സുപ്രീം കോടതി നിരവധി വിധി ന്യായങ്ങളില്‍ പോലിസിനെ ഒര്‍മ്മിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്ന കാര്യം രേഖാമൂലം പ്രതിയ്ക്ക് അറിയുന്ന ഭാക്ഷയില്‍ പ്രതിയെ അറിയിക്കണം എന്നാണ്. 'ഇവിടെ അറസ്റ്റിന്റെ കാരണം അറിയിച്ചില്ലായെന്ന് മാത്രമല്ല വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാതെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു എന്നുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനം കൂടി പോലിസ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനെതിരെ ശക്തമായ നിയമനടപടി ഇതിന് ഉത്തരവാദിയായ പോലിസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണം. മാന്യമായി തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവവായു. അത് ഓര്‍ത്താല്‍ നന്നായിരിക്കും.

ജനാധിപത്യത്തില്‍ ആരെങ്കിലും അപഥ സഞ്ചാരം നടത്തിയാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അവരെക്കൊണ്ട് കണക്ക് എണ്ണി എണ്ണി പറയിച്ചിട്ടുള്ള ജന സമൂഹമാണ് നമുക്കുള്ളത്. അത് ഓര്‍ത്താല്‍ നന്ന്- പത്മകുമാര്‍ പറഞ്ഞു.

നേരത്തെ ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നിരുന്നു. വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്‌കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങള്‍ എല്ലാം നഗ്നമായി ലംഘിക്കുന്നത്. ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജന്‍ സ്‌കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികള്‍ ബിജെപി വച്ചുപൊറുപ്പിക്കില്ല.

ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോല്‍പ്പിക്കും. ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഴുവന്‍ ദിവസവും കസ്റ്റഡിയില്‍ വെക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിര്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.