തിരുവനന്തപുരം: അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ തുക കുറഞ്ഞു പോയോ കൂടിയോ എന്ന വിധത്തിലുള്ള ചര്‍ച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്. ഇതിനിടെ വിമാന അപകടത്തില്‍ പെടുന്നവരുടെ നഷ്ടപരിഹാരത്തിന്റെ വഴികളെ കുറിച്ച് വിശദമാക്കുകയാണ് എഴുത്തുകാരന്‍ ജേക്കബ് കെ ഫിലിപ്പ്. എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരവും പിന്നാലെ 25 ലക്ഷം രൂപവീതം ഇടക്കാലാശ്വാസവും പ്രഖ്യാപിച്ച തീരുമാനം അഭിനന്ദനാര്‍ഹമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍, അതിന് അപ്പുറത്തേക്ക് നിയമം നഷ്ടപരിഹാരം വാങ്ങാമെന്നാണ് ജോക്കബ് കെ ഫിലിപ്പ് സോഷ്യല്‍ മീഡിയാ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് ഇങ്ങനെ:

അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരവും പിന്നാലെ 25 ലക്ഷം രൂപവീതം ഇടക്കാലാശ്വാസവും പ്രഖ്യാപിച്ചത് എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. അപകടത്തിനു തൊട്ടുപിന്നാലെ ആരുടെയും പ്രേരണയില്ലാതെ വിമാനക്കമ്പനി ഈ വന്‍ തുകയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് അഭിന്ദനീയമായ കാര്യമാണ് എന്നു പറയുമ്പോള്‍ തന്നെ, അപകടത്തില്‍പ്പെട്ടവര്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുളളത് എന്നു പരിശോധിക്കുകയും ചെയ്യാം.

രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (ഐസിഎഒ) നേതൃത്വത്തില്‍ 1999 ല്‍ ഇന്ത്യം യുകെയും ഉള്‍പ്പെടെയുള്ള 140 രാജ്യങ്ങള്‍ ഒപ്പിട്ട മോണ്‍ട്രിയോള്‍ കണ്‍വന്‍ഷന്‍ ഉടമ്പടിയാണ് ഇക്കാര്യത്തിലുള്ള ആധികാരികവും നിയമപരവുമായ മാര്‍ഗ്ഗരേഖ. ഇതനുസരിച്ച്, രാജ്യാന്തര സര്‍വീസ് നടത്തുകയായിരുന്ന ഒരു വിമാനം അപകടത്തില്‍ പെട്ട് മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും കൊടുക്കേണ്ടിയ നഷ്ടപരിഹാരം 151,880 സ്പെഷല്‍ ഡ്രോയിങ് റൈറ്റ്സ് അഥവാ എസ്ഡിആര്‍ ആണ്. എസ്ഡിആറിന്റെ നിര്‍വചനം മലയാളത്തിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും, രാജ്യാന്തര സമ്പദ് സംഘടനകളുടെ പണമിടപാടുകള്‍ക്ക് ഏകീകൃത സ്വഭാവം കിട്ടുന്നതിനായി രൂപീകരിച്ച വിനിമയ നിരക്കാണ് എന്നു വേണമെങ്കില്‍ ലഘൂകരിച്ചു പറയാം.

ഇന്നത്തെ നിരക്കനുസരിച്ച്, 151,880 എസ്ഡിആര്‍ എന്നാല്‍, ഒരു കോടി എഴുപത്തിയെട്ടുലക്ഷത്തിലേറെ രൂപയാണ് (കൃത്യമായി പറഞ്ഞാല്‍ 17,831,499 രൂപ). മേല്‍ ഉടമ്പടിയില്‍ ഒപ്പിട്ടിട്ടുള്ള എല്ലാ രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍, അവരുടെ വിമാനം രാജ്യാന്തര സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടാല്‍, മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും ഇത്രയും രൂപ കൊടുക്കണമെന്ന് നിര്‍ദ്ദേശം. അപകടമുണ്ടായത് വിമാനക്കമ്പനിയുടെ പിഴവല്ല, അല്ലെങ്കില്‍ ്ആരുടെ പിഴവാണെന്ന് കൃത്യമായി കണ്ടെത്താതിരക്കുക- ഈ സാഹചര്യത്തിലാണ് ഈ പരമാവധി തുക കൊടുക്കേണ്ടിയത്. എന്നാല്‍, എയര്‍ലൈനിന്റെ കുറ്റം കൊണ്ടാണ് അപകടമെങ്കില്‍, നഷ്ടപരിഹാരത്തിന് ഈയൊരു മേല്‍പരിധി ഇല്ല.

വിമാനാപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാം പ്രായ, ലിംഗ, ദേശ ഭേദമെന്യേ ഇതിന് അര്‍ഹതയുണ്ട്. കൊള്ളാമല്ലോ എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഈ നിബന്ധനകള്‍ വ്യാഖ്യാനിക്കാന്‍ ഏറെ പഴുതുകളുള്ളവയാണ്. നേരത്തേ പറഞ്ഞ ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ മിനിമം തുകയാണ് എന്ന് എവിടെയും പറയുന്നില്ല എന്നതാണ് ആദ്യ പ്രശ്നം. അത്രയും കൊടുക്കാം എന്നാണ്- കൊടുത്തേ തീരു എന്നല്ല. വിമാനക്കമ്പനികള്‍ സ്വാഭാവികമായും ഇത് കുറ്ക്കാന്‍ നോക്കും. പല തരത്തിലാണ് ഈ ശ്രമം നടക്കുക.

ആദ്യമേ ചാടിവീണ്, ഒരു തുക വാഗ്ദാനം ചെയ്യുകയാണ് ഒന്ന്. അതു പോരാ എന്നു പറയുന്നവരോട് വിലപേശുന്നത് പിന്നീട്. വിലപേശല്‍ കോടതിയിലെത്തിയാല്‍ മരിച്ചയാള്‍ക്ക് (പരുക്കേറ്റയാള്‍ക്ക്) ഇതില്‍ കൂടുതല്‍ കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നു എന്ന് തെളിയിക്കണം. അപകടത്തില്‍പ്പെടുമ്പോഴുണ്ടായിരുന്ന മാസ വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, ആരോഗ്യസ്ഥിതി, എല്ലാം വിലയിരുത്തപ്പെടും. ഇയാള്‍ ജീവിച്ചിരുന്നെങ്കില്‍ വരുംനാളുകളില്‍ കുടുംബത്തിന് എന്തു വരുമാനമുണ്ടാകുമായിരുന്നു എന്നതാണ് ചോദ്യം. അമ്മയ്ക്ക് ഏകാശ്രയമായിരുന്ന മകന്‍, കൊച്ചുകുട്ടികളുടെ ഏക അത്താണിയായ പിതാവ് അങ്ങിനെയുള്ള കാര്യങ്ങളും ഉന്നയിക്കാം. എന്തായാലും കോടതിയാണ് തീര്‍പ്പു പറയുക. ആ തുക എസ്ഡിആര്‍ നഷ്ടപരിഹാരത്തില്‍ കുറവാണെങ്കില്‍ അതത്രയും വിമാനക്കമ്പനി കൊടുക്കണം.

കൂടുതലാണെങ്കിലോ? അന്നേരമാണ് കുറ്റം ആരുടേതായിരുന്നു എന്ന കാര്യം പരിഗണിക്കുക. വിമാനക്കമ്പനിയുടെ കുഴപ്പം കൊണ്ടാണ് അപകടമുണ്ടായത് എന്നാണ് അപകടാന്വേഷകരുടെ കണ്ടെത്തലെങ്കില്‍, എത്ര വലിയ തുകയും എയര്‍ലൈന്‍ കൊടുക്കേണ്ടിവരും. കുറ്റക്കാരല്ലെങ്കില്‍ കൃത്യം എസ്ഡിആര്‍ നഷ്ടപരിഹാരം മാത്രവും. ഇനി, കുറ്റം വിമാനമുണ്ടാക്കിയ കമ്പനിയുടേത് (ഇവിടെ ബോയിങ്) ആണെങ്കില്‍ സംഭവം പിന്നയെും മാറും.

നേരത്തേ പറഞ്ഞ നഷ്ടപരിഹാരം എയര്‍ലൈനില്‍ നിന്നു വാങ്ങിയതിനുശേഷം. വിമാനമുണ്ടാക്കിയവര്‍ക്കെതിരേ അവരുടെ രാജ്യത്ത് കേസു കൊടുക്കാം. കുറ്റകരമായ അനാസ്ഥ കൊണ്ടുണ്ടായ മരണം എന്ന നിലയില്‍ ഇന്ത്യന്‍ കോടതികളിലും കേസുകൊടുക്കാം. വിമാനമുണ്ടാക്കയവരുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് മോണ്‍ട്രിയാള്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങളില്‍ നിബന്ധനയില്ല.

ഇതിനോക്കെ പുറമേ, ഇന്ത്യയിലെ ഉപഭോക്തൃ കോടതികളിലും കേസു കൊടുക്കാവുന്നതാണ്. അതേ പോലെ മോട്ടോര്‍വാഹനാപകട നഷ്ടപരിഹാര നിയമങ്ങളനുസരിച്ചുള്ള കേസിനും പോകാം.

ഇനി, കോളജ് കെട്ടിടത്തിലും പരിസരങ്ങളിലുമുണ്ടായിരുന്ന മരിച്ചവരോ യാത്രക്കാരല്ലാത്തവരുടെ നഷ്ടപരിഹാരത്തെപ്പറ്റി മോണ്‍ട്രിയോള്‍ കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ ഒന്നും മിണ്ടുന്നതേയില്ല. കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ മരണം എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യുക മാത്രമാണ് മാര്‍ഗ്ഗം. അവിടെയും, എന്തു നഷ്ടപരിഹാരത്തിനാണ് അര്‍ഹതയെന്ന് കേസു കൊടുക്കുന്നവര്‍ തന്നെ തെളിയിക്കേണ്ടതുണ്ട്.

ആരുടെ പിഴവുകൊണ്ടാണ് അപകടമുണ്ടായത് എന്ന ചോദ്യത്തിനുത്തരം എയര്‍ലൈനിനും വിമാനമുണ്ടാക്കിയവര്‍ക്കും എത്രമാത്രം നിര്‍ണായകമാണ് എന്ന് വ്യക്തമാക്കുന്നതുമാണ് ഈ നിയമങ്ങളെല്ലാം. അപകടാന്വേണത്തിന്റെ ഓരോ നാള്‍വഴികളും ഈ രണ്ടു കക്ഷികളും എത്രമാത്രം ശ്രദ്ധയോടെയായിരിക്കും (വേവലാതിയോടെയും) പിന്തുടരുക എന്ന് ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ടുതന്നെ അന്വേഷണ സമിതിക്കു മേല്‍വരുന്ന സമ്മര്‍ദ്ദങ്ങളും ഇത്തരം സംഭവങ്ങളുടെ ഒരു അനുബന്ധമാകാറുണ്ട്.

നഷ്ടപരിഹാരങ്ങളെപ്പറ്റി നേരിട്ടറിയാവുന്ന ഒരു കാര്യം കൂടി- 2010 മംഗലാപുരം വിമാനാപകടത്തില്‍, ഇരകളുടെ കുടുംബങ്ങള്‍ക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാന്‍ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ. വെറും 20-30 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം അടിച്ചേല്‍പ്പിക്കപ്പെട്ട പാവപ്പെട്ട ഗള്‍ഫ് മലയാളിക്കുടുംബങ്ങളുടെ കണ്ണീര്‍ ഈ വിമാനക്കമ്പനിയുടെ ബാക്കിപത്രത്തില്‍ എന്നുമുണ്ടാവും.