- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാനൈറ്റ് ക്വാറികളും കടപ്പ ഖനികളും കൊള്ളയടിച്ചത് പോര; ഇപ്പോള്‍ മുട്ട പഫ്സിലും അഴിമതി; ജഗനെ പൂട്ടാന്‍ 'എഗ് പഫ് സ്‌കാന്‍ഡല്‍'
ദൃഷ്ടിപതിയുന്നിടം എല്ലാം സ്വന്തമാക്കുന്ന ആറാം തമ്പുരാന്‍! എന്നും സിനിമാറ്റിക്കായിരുന്നു, വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍ കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച് നായിഡു അധികാരത്തിലേറുമ്പോള്‍, ജഗന്‍ അഴിയെണ്ണും. ഈ പരിപാടിയുടെ ആവര്‍ത്തനം ഇപ്പോഴും നടക്കയാണ്. കഴിഞ്ഞ പൊതു […]
ദൃഷ്ടിപതിയുന്നിടം എല്ലാം സ്വന്തമാക്കുന്ന ആറാം തമ്പുരാന്‍! എന്നും സിനിമാറ്റിക്കായിരുന്നു, വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍ കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച് നായിഡു അധികാരത്തിലേറുമ്പോള്‍, ജഗന്‍ അഴിയെണ്ണും. ഈ പരിപാടിയുടെ ആവര്‍ത്തനം ഇപ്പോഴും നടക്കയാണ്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റ, ജഗനെതിരെ അതിഗുരുതരമായ ആരോപണമാണ് ഉയരുന്നത്. തൂണിലും തുരുമ്പിലും അഴിമതിയായിരുന്നു, ജഗന്റെയും കൂട്ടരുടെയും പ്രത്യേകത ഗ്രാനൈറ്റ് കടപ്പ ഖനികള്‍ തൊട്ട്, അഴുക്കുചാല്‍ ശുചീകരണത്തില്‍വരെ അഴിമതി. ഇപ്പോള്‍ ജഗന്റെ ഭരണകാലത്തെ പുതിയ അഴിമതിയുടെ കഥകള്‍ കേട്ട്, ലോകം ഞെട്ടുകയാണ്. അതാണ് മുട്ടപഫ്സ് അഴിമതി. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കാലത്തുനടന്ന കാലിത്തീറ്റ അഴിമതി പോലെ, വൈറലാവുകയാണ് പഫ്സ് അഴിമതിയും.
എഗ് പഫ്സിന് 3.6 കോടി
ഭരണമാറ്റം മുതല്‍, ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ചെലവുകളെ പറ്റി ടിഡിപി സര്‍ക്കാര്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്. ജഗന്‍ സര്‍ക്കാര്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് പരാതി. ഇപ്പോഴിതാ ജഗന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് 3.6 കോടി രൂപ എഗ് പഫ്സിന് ചിലവഴിച്ച കാര്യം പുറത്ത് വന്നിരിക്കുകയാണ്.
2019-24 കാലയളവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പ്രതിവര്‍ഷം ശരാശരി 72 ലക്ഷം മുട്ട പഫ്‌സ് കഴിച്ചതായാണ് ആരോപണം. അഞ്ച് വര്‍ഷം കൊണ്ട് ഈ ചെലവ് 3.6 കോടി രൂപയിലെത്തി. അഞ്ച് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 18 ലക്ഷം മുട്ട പഫ്‌സ് വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതിദിനം ചിലവായത് 993 മുട്ട പഫ്‌സ്. ജഗന്‍ മോഹന്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ഈ ആരോപണങ്ങള്‍ക്ക് 'എഗ് പഫ് സ്‌കാന്‍ഡല്‍' എന്നാണ് പേരിട്ടിരിക്കുന്നത്.
ജഗന്റെ ഭരണകാലയളവില്‍ പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്‌സുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്‌സുകളെന്ന് കരുതേണ്ടിവരുമെന്നും ടി.ഡി.പി ആരോപിക്കുന്നു. അഴിമതി പുറത്ത് വന്നതിന് പിന്നാലെ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വൈഎസ്ആര്‍സിപി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ടിഡിപി ബോധപൂര്‍വം ചെളിവാരിയെറിയുകയാണെന്നാണ് വൈഎസ്ആര്‍സിപിയുടെ വാദം.
ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാര്‍ട്ടി വെല്ലുവിളിച്ചു. 2014 -19 കാലയളവില്‍ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സര്‍ക്കാര്‍ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആര്‍ കോണ്‍ഗസ് ആരോപിച്ചു. അതേസമയം നായിഡുവിനും മകനുമെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ടിഡിപിയും തിരിച്ചടിച്ചു.
ജഗനെ കശക്കിയെറിഞ്ഞത് അഴിമതി
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനുമെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. സുരക്ഷ സംവിധാനത്തിനായി അധിക തുക ചിലവഴിച്ചതും, രുഷികൊണ്ട പാലസിനായി കോടികള്‍ അനധികൃതമായി ചിലവഴിച്ചതായുള്ള ആരാപണങ്ങള്‍ക്കുമിടയിലാണ് പുതിയ മുട്ടപഫ്സ് അഴിമതിയും മുന്‍ സര്‍ക്കാരിനുമെതിരെ ഉയരുന്നത്.
നേരത്തെ, നവരത്‌നലു എന്ന പേരില്‍ ജഗന്‍ ഉണ്ടാക്കിയ ക്ഷേമപദ്ധതികള്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. എന്നാല്‍, വ്യാപകമായ അഴിമതിയും, അടിസ്ഥാന സൗകര്യ വികസനമില്ലായ്മയടക്കം ജഗനെതിരായ വികാരമായി. വൈദ്യുതി- കുടിവെള്ള പ്രതിസന്ധി, കൂടിയ വൈദ്യുതി നിരക്കുകള്‍, വിലക്കയറ്റം എന്നിവയും പൊല്ലാപ്പായി. ജോലി വാഗ്ദാനം നടപ്പാക്കാതിരുന്നതും അതുവഴി കൂടിയ തൊഴിലില്ലായ്മയും വലിയ തോതില്‍ ജഗനെതിരെ ജനവികാരം ഇളക്കി. പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെ 2022- 23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ മൂന്നാമതായിരുന്നു ആന്ധ്ര.
തിരഞ്ഞെടുപ്പിന് മുമ്പായി ചന്ദ്രബാബു നായിഡുവിനെ ജഗന്‍ അറസ്റ്റുചെയ്തത് അദ്ദേഹത്തിന് അനുകൂലമായ സഹതാപതരംഗമുണ്ടാക്കിയെന്നു വേണം കരുതാന്‍. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അകത്തായ നായിഡു രണ്ടുമാസത്തോളം ജയിലില്‍ കിടന്നു. 371 കോടി രൂപയുടെ അഴിമതി ആരോപണമായിരുന്നു നായിഡുവിനെതിരെ ഉയര്‍ന്നത്. പക്ഷേ ഈ ജയില്‍വാസത്തോടെയാണ് നായിഡു ബിജെപിക്കൊപ്പം, വീണ്ടും ചേരുന്നത്. അതില്‍ പവന്‍ കല്യാണ കൂടി വന്നതോടെ അത് ഒരു വലിയ പ്രതിപക്ഷ മുന്നണിയായി. മറുഭാഗത്ത് സ്വന്തം അമ്മയും, പെങ്ങളുംവരെ ജഗനെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തികഞ്ഞ ഒരു ഫാസിസ്റ്റിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത് എന്നാണ് അമ്മയും പെങ്ങളും പറഞ്ഞത്.
വിഭജിത ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന പദ്ധതിയായിരുന്നു 50,000 ഏക്കറിലെ അമരാവതി തലസ്ഥാന നഗരി. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ജഗന്‍ പദ്ധതി ഉപേക്ഷിച്ചു.ഇതും അദ്ദേഹത്തിനെതിരായ ജനവികാരം ശക്തിപ്പെടുത്തി. ഇപ്പോള്‍ ഒരു ഡസനിലേറെ കേസുകളാണ് ജഗനെ കാത്തിരിക്കുന്നത്. അധികം വൈകാതെ അദ്ദേഹം ജയിലില്‍ ആവുമെന്നും അഭ്യൂഹമുണ്ട്.