- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത് അസിം മുനീര്‍; ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ ഭീതിയിലാഴ്ത്തി; ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരന്‍ മസൂദ് അഹ്‌സര്‍; ഗൂഢാലോചന ബാലകോട്ടില്‍; പാക്ക് ഭരണകൂടത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മസൂദ് ഇല്യാസ് കശ്മീരി
പാക്ക് ഭരണകൂടത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മസൂദ് ഇല്യാസ് കശ്മീരി
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍. ഡല്‍ഹി, മുംബൈ ഭീകരാക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ ഭരണകൂടം ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കാലങ്ങളായുള്ള ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് മസൂദ് ഇല്യാസിയുടെ വെളിപ്പെടുത്തല്‍. ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകന്‍ സംഘടനയുടെ തലവനായ മസൂദ് അസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമര്‍ശങ്ങളാണ് മസൂദ് ഇല്യാസ് കശ്മീരി നടത്തിയത്.
ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്ന് മസൂദ് അഹ്‌സര്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി മസൂദ് ഇല്യാസ് വെളിപ്പെടുത്തി. അഞ്ച് വര്‍ഷം ഇന്ത്യയില്‍ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് അഹ്‌സര്‍ പാകിസ്ഥാനിലെത്തിയത്. 2019-ല്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും മസൂദ് ഇല്യാസ് പറഞ്ഞു. ഭീകരര്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതമായ താവളങ്ങളുണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഇല്യാസിന്റെ വാക്കുകള്‍. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ മസൂദ് ഇല്യാസ് തുറന്നുപറഞ്ഞത്. ബാലകോട്ടില്‍ വച്ചാണ് ഭാരതത്തിനെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതെന്ന് മസൂദ് പരസ്യമായി അവകാശപ്പെട്ടു.
തിഹാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട് അമീറുള്‍ മുജാഹിദീന്‍ മൗലാന മസൂദ് അസര്‍ പാകിസ്താനിലെത്തി. ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയില്‍ പറയുന്നു. കൂടാതെ ഒസാമ ബിന്‍ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാള്‍ വിശേഷിപ്പിക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പൂരില്‍ നടന്ന വ്യോമാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ജനറല്‍മാരോട് നിര്‍ദേശിച്ചതിനെ കുറിച്ചും മസൂദ് ഇല്യാസ് തുറന്നുസമ്മതിച്ചു. പാക് സൈനിക മേധാവി അസിം മുനീറില്‍ നിന്നാണ് നിര്‍ദേശം ലഭിച്ചത്. ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഈ വിവരങ്ങള്‍. പാകിസ്ഥാന്റെ സൈനിക-സുരക്ഷാ സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ് ജെയ്‌ഷെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ഇന്ത്യയുടെ കണ്ടെത്തലുകള്‍ പാക്ക് ഭരണകൂടം നിഷേധിച്ചെങ്കിലും ഇല്യാസിന്റെ വെളിപ്പെടുത്തലില്‍ അതും പൊളിഞ്ഞു.
തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ഇല്ല എന്ന് ലോകത്തോട് പറഞ്ഞിട്ടും പാകിസ്താന്റെ സൈനിക-സുരക്ഷാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജെയ്‌ഷെ ക്യാമ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നു എന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള വാദത്തെ ജെയ്‌ഷെ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നു. ജെയ്ഷെയുടെ ബഹവല്‍പൂര്‍ ആസ്ഥാനമായ ജാമിഅ മസ്ജിദ് സുബ്ഹാന്‍ അള്ളായില്‍ മേയ് ഏഴിന് നടന്ന ആക്രമണം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നും ബോംബാക്രമണത്തില്‍ അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായും കശ്മീരി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ചൊവ്വാഴ്ച വന്നിരുന്നു.
ഇന്ത്യയ്‌ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താന്‍കോട്ട്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കി. 2019 മേയ് ഒന്നിന് യുഎന്‍ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
1968-ല്‍ പാക് പഞ്ചാബിലെ ബഹവല്‍പുരിലായിരുന്നു ജനനം. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ സജീവമായിരുന്ന ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ അന്‍സാറിലൂടെയായിരുന്നു തുടക്കം. 1998-ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ ഹര്‍ക്കത്തുലിന്റെ പിന്തുണയുണ്ടെന്ന് 1998-ല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കണ്ടെത്തി. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001-ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താന്‍ അറസ്റ്റുചെയ്തെങ്കിലും ഒരു വര്‍ഷത്തിനുശേഷം വിട്ടയച്ചു.
മസൂദ് അസര്‍ ഇപ്പോഴും പാകിസ്താനിലുണ്ടെന്നാണ് വ്യാപകമായി കരുതപ്പെടുന്നതെങ്കിലും തെളിവുകളില്ല. മറ്റൊരു നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിനെയും അസറിനെയും കൈമാറാന്‍ ഇന്ത്യ പാകിസ്താനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അജ്ഞത നടിക്കുകയായിരുന്നു. ജൂലായില്‍ അല്‍ ജസീറയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ അസര്‍ അഫ്ഗാനിസ്ഥാനിലായിരിക്കാമെന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സൂചിപ്പിച്ചിരുന്നു.