- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു; പാക്കിസ്ഥാനുമായുള്ള സംഘര്‍ഷവേളയില്‍ തുര്‍ക്കിയും അസര്‍ബൈജാനും ചതിച്ചപ്പോഴും ഇന്ത്യക്കൊപ്പം എന്ന നിലപാടില്‍ ഉറച്ചു നിന്നു; അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ; താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കര്‍
താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയ്ശങ്കര്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ. താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ഇരുവരും ഫോണിലൂടെ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതല ആശയവിനിമയം നടക്കുന്നത്. ഇന്ത്യ ഇതുവരെ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍, അടുത്തകാലത്തായി ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണ് താലിബാന്‍ ഭരണകൂടം വെച്ചുപുലര്‍ത്തുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ താലിബാന്‍ ഭരണകൂടം അപലപിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി ജയ്ശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടത്. എക്‌സ് പോസ്റ്റിലൂടെ ജയ്ശങ്കറാണ് താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണ്‍ സംഭാഷണം നടന്നതായി അറിയിച്ചത്.
'അഫ്ഗാന്‍ ഇടക്കാല വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖിയുമായി ഇന്ന് വൈകുന്നേരം നല്ല ഒരു സംഭാഷണം നടന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ ആഴത്തില്‍ അഭിനന്ദിക്കുന്നു. വ്യാജവും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ടുകള്‍ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി നിരസിച്ചു,' ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു. അഫ്ഗാന്‍ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദവും അവരുടെ വികസന ആവശ്യങ്ങള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്ന പിന്തുണയും സംഭാഷണത്തില്‍ വിഷയമായതായി ജയ്ശങ്കര്‍ അറിയിച്ചു. സഹകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എക്‌സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ചബഹാര്‍ തുറമുഖ വികസനവും ഇന്ത്യയിലെ അഫ്ഗാന്‍ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സംഭാഷണത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് വീണ്ടും പരിഗണിക്കാമെന്ന് ഇന്ത്യ അറിയിച്ചതായും കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഹാഫിസ് സിയ അഹമ്മദ് വ്യക്തമാക്കി. രണ്ട് മന്ത്രിമാരും തമ്മില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പട്ടികപ്പെടുത്തിയ പഷ്‌തോ ഭാഷയിലുള്ള നിരവധി പോസ്റ്റുകളും ഹാഫിസ് സിയ എക്‌സില്‍ പങ്കുവെച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും എല്ലാ വ്യാപാര ബന്ധങ്ങളും പൂര്‍ണമായും അവസാനിപ്പിക്കുകയും അതിര്‍ത്തി പോസ്റ്റുകള്‍ അടയ്ക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് ചബഹാര്‍ തുറമുഖത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. കരയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യമായതിനാല്‍, ഇന്ത്യയില്‍ എത്താന്‍ പാകിസ്ഥാന്‍ വഴിയുള്ള കരമാര്‍ഗങ്ങളെയാണ് പ്രധാനമായും അഫ്ഗാനിഥാന്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള വ്യാപാരത്തിനുള്ള ഏകമാര്‍ഗം ഇറാനിലെ ചബഹാര്‍ തുറമുഖമാണ്.