ടോക്കിയോ: ലോകത്ത് ഏറ്റവുമധികം ഭൂകമ്പങ്ങള്‍ ഉണ്ടകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. അവിടെ കെട്ടിടങ്ങള്‍ വെയ്ക്കുമ്പോള്‍ പോലും ഭൂകമ്പത്തെ അതീജിവിക്കാന്‍ തക്കതായ രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താറുള്ളത്. ഭൂകമ്പത്തെ തടയാനുള്ള നിരവധി സാങ്കേതിക വിദ്യകളും ജപ്പാന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പസഫിക്ക് തീരത്ത് വരുന്ന മുപ്പ്ത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല എന്ന റിപ്പോര്‍ട്ട് ആശങ്ക പരത്തുകയാണ്.

നൂറടി ഉയരത്തില്‍ സുനാമി ഉണ്ട്ാകുന്ന മഹാദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കും എന്നാണ് കരുതപ്പെടുന്നത്. ഏതായാലും ഇതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ജപ്പാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നന്‍കായി ട്രഫ് എന്നറിയപ്പെടുന്ന മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ട് മുതല്‍ ഒന്‍പതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് എണ്‍പതുശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നന്‍കായി ട്രഫ് സ്ഥിതി ചെയ്യുന്നത്. ഫിലിപ്പീന്‍സ് സമുദ്ര ഫലകത്തിന്റെയും യുറേഷ്യന്‍ ഫലകത്തിന്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്.

നൂറുമുതല്‍ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2024 ഓഗസ്റ്റ് മാസത്തിലാണ് അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിനുള്ള മുന്നറിയിപ്പ് ജപ്പാന്‍ ആദ്യമായി പ്രവചിക്കുന്നത്. തീവ്രത ഒന്‍പതോ അതിലധികമോ ആയ ഭൂചലനങ്ങളെയാണ് മെഗാക്വാക്ക് അല്ലെങ്കില്‍ അതിതീവ്ര സംഹാരശേഷിയുള്ളവ എന്ന് വിളിക്കുന്നത്. ഇത്തരമൊരു ഭൂചലനമുണ്ടായാല്‍, ജപ്പാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 1.81 ട്രില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രത ഒന്‍പത് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുന്നപക്ഷം പത്തുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യവും ഉണ്ടാകും. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുമിത്. തണുപ്പുകാലത്ത് രാത്രി വൈകിയാണ് അതിതീവ്ര ഭൂചലനമുണ്ടാകുന്നതെങ്കില്‍ സുനാമിയെയും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിനെയും തുടര്‍ന്ന് 2,98,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-ല്‍ തെക്കന്‍ ജപ്പാനിലുണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂചലനത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2013 ന് ശേഷം ഇതാദ്യമായിട്ടാണ് ജപ്പാന്‍ ഇത്രയും വലിയ ഭൂകമ്പം ഉണ്ടായാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള നാശനഷ്ടക്കണക്കുകള്‍ അറിയിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് മാത്രം 73000 പേരെങ്കിലും കൊല്ലപ്പെടും എന്നാണ് കണക്കൂകൂട്ടുന്നത്. ജപ്പാന്റെ മൂന്ന് ആണവനിലയങ്ങളും തകരുമെന്നും ഇത് ജനങ്ങളെ രൂക്ഷമായി തന്നെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.