- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ സംഘടനയുടെ വേദികളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് 'പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവരെ തള്ളിപ്പറയുന്ന സ്വഭാവം യുഎന്‍എയ്ക്കില്ല' എന്ന് മറുപടി; നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അഡ്ലക്സ് അപ്പോളോയും മുട്ടുമടുക്കി; കോടിയേരിയും ഐസകും മുമ്പ് സമരപന്തലില്‍; സര്‍ക്കാരെ പ്രഖ്യാപിക്കൂ... ജാസ്മിന്‍ ഷാ നിലപാട് പറയുമ്പോള്‍

തൃശൂര്‍: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. ഒരു ഭീഷണിയെയും വകവെക്കില്ലെന്നും സംഘടനയില്‍ കുത്തിത്തിരിപ്പ് നടത്താന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ നിലപാട് ഇലക്ഷന്‍ സമയത്ത് പ്രഖ്യാപിക്കാനും അത് നടപ്പിലാക്കാനുമുള്ള കരുത്ത് തന്റെ പ്രസ്ഥാനത്തിനുണ്ടെന്നും സൈബര്‍ ഇടങ്ങളിലെ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംവദിക്കാന്‍ വരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ വ്യാജ ഐഡികളിലൂടെയുള്ള ഒളിയമ്പ് എയ്യല്‍ തന്നോട് വേണ്ടെന്നും ജാസ്മിന്‍ ഷാ തുറന്നടിച്ചു.
സമരം രാഷ്ട്രീയ പ്രേരിതമല്ല, അതിജീവന പോരാട്ടം
തിരഞ്ഞെടുപ്പ് സമയത്ത് സമരം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങളെ ജാസ്മിന്‍ ഷാ തള്ളി. 'സാധാരണക്കാരന് വിലയുള്ള ഏക സമയം ഇലക്ഷന്‍ കാലമാണ്. അത് തിരിച്ചറിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉചിതമായ സമയത്ത് തന്നെ പോരാട്ടത്തിനിറങ്ങിയത്. 2006 മുതല്‍ ഞങ്ങള്‍ നടത്തുന്ന സമരങ്ങള്‍ അതിജീവനത്തിന് വേണ്ടിയുള്ളതാണ്.' സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം 75 ശതമാനവും സ്തംഭിച്ചിരിക്കുകയാണെന്നും ശമ്പളം നല്‍കാന്‍ ആശുപത്രികള്‍ തയ്യാറായിട്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തെ വരുമാനം കൊണ്ട് മാത്രം നഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍ മാനേജ്മെന്റുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതി ആരോപണങ്ങളും കേസുകളും: മറുപടി ഇങ്ങനെ
സംഘടനയുടെ പണം തട്ടിയെന്ന കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ജാസ്മിന്‍ ഷാ മറുപടി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള വകുപ്പുകള്‍ കോടതി തള്ളിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ പേരില്‍ 200 ഓളം കേസുകളുണ്ടായിരുന്നത് ഇപ്പോള്‍ പത്തില്‍ താഴെയായി കുറഞ്ഞുവെന്നും അതൊക്കെ ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 30 കോടിയുടെ ആസ്തിയുണ്ടെന്ന പ്രചാരണത്തോട് 'പൂജ്യം വിട്ടുപോയതാകും, 3000 കോടിയെങ്കിലും കാണണം' എന്ന് പരിഹാസരൂപേണയാണ് അദ്ദേഹം പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവേശനവും ഷാജന്‍ സ്‌കറിയയും
താന്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന പ്രചാരണം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തല്‍ക്കാലം മത്സരരംഗത്തേക്കില്ലെന്നും സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ സംഘടനയുടെ വേദികളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള വിമര്‍ശനത്തിന്, 'പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവരെ തള്ളിപ്പറയുന്ന സ്വഭാവം യുഎന്‍എയ്ക്കില്ല' എന്നായിരുന്നു മറുപടി. അഡ്ലക്സ് അപ്പോളോ ഉള്‍പ്പെടെയുള്ള വന്‍കിട ആശുപത്രികളിലെ നഴ്സുമാരും സമരത്തില്‍ അണിനിരക്കുന്നുണ്ടെന്നും വിജയം വരെ പോരാട്ടം തുടരുമെന്നും ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു.
ജാസ്മിന്‍ഷായുടെ മൂന്ന് പോസ്റ്റുകളുടെ പൂര്‍ണ്ണ രൂപം ചുവടെ
സര്‍ക്കാരെ പ്രഖ്യാപിക്കൂ...
കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖല 75% സ്തംഭിച്ചിരിക്കുകയാണ്. സമരം കൂടുതല്‍ ശകതമാകുകയാണ്. 40000 രൂപ അടിസ്ഥാന ശമ്പളമാക്കി പ്രഖ്യാപിക്കാന്‍ എന്താണ് പ്രതിസന്ധി.
സ്വകാര്യ ആശുപത്രികളെ ശമ്പളം നിശ്ചയിക്കുന്നത് തൊഴില്‍ വകുപ്പാണ്.സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ നല്‍കാം എന്ന് പരസ്യമായി തന്നെ പറയുന്നു.
കഴിഞ്ഞ 2 ദിവസം കൊണ്ട് സ്വകാര്യ ആരോഗ്യമേഖലക്ക് 100 കോടിയോളം നഷ്ടമുണ്ടായി എന്ന് പറയപ്പെടുന്നു. അതായത് 2 ദിവസത്തെ വരുമാനം കൊണ്ട് നഴ്‌സുമാര്‍ക്കും, 5 ദിവസത്തെ വരുമാനം കൊണ്ട് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാന്യമായ ശമ്പളം നല്‍കാന്‍ സാധിക്കും.
എന്താണ് ശമ്പളം പരിഷ്‌ക്കുന്നതില്‍ നിന്നും സര്‍ക്കാറിനെ പിന്‍വലിക്കുന്ന ഘടകം? അറിഞ്ഞേ മതിയാകൂ...
അഡ്‌ലക്‌സ് അപ്പോളോയും പ്രഖ്യാപിച്ചിരിക്കുന്നു...
പ്രിയപ്പെട്ട പോരാളികളെ നമ്മുടെ പോരാട്ടം വിജയത്തിലേക്കാണ്.
നമ്മളെ എതിര്‍ക്കുന്നവര്‍ ആരാണ് എന്നത് നാം ഓര്‍ത്തുവെക്കുക. നമുക്ക് ജീവിക്കാന്‍ മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ ലഭിച്ചേ തീരൂ.
ഒരു ജാസ്മിന്‍ഷയെ നിങ്ങള്‍ ആക്രമിക്കുമ്പോള്‍ ഒരായിരം ജാസ്മിന്‍ഷമാര്‍ യുഎന്‍എയെ കരുത്തോടെ നയിക്കുന്നു.
സര്‍ക്കാരെ ഇനിയും നിങ്ങള്‍ സമയം കളയരുത്. നഴ്‌സുമാരെ ചേര്‍ത്ത് പിടിക്കുക.
ഉത്തരവിറക്കൂ 40000 രൂപ അടിസ്ഥാന ശമ്പളമാക്കി...
ചില സൈബര്‍ പോരാളികളോടാണ്...
?? ഇലക്ഷന്‍ സമയത്ത് നടത്തുന്ന സമരം പൊളിറ്റിക്കലി മോട്ടിവേറ്റഡ് ആണോ?
ഇലക്ഷന്‍ സമയമാണ് സാധാരണക്കാരന് വിലയുള്ള ഏക സമയം, ആ തിരിച്ചറിവ് നന്നായുള്ളവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍.സമരം ഉചിതമായ സമയത്ത് ക്രിത്യമായി നടത്താന്‍ യുഎന്‍എനേത്യത്വത്തിന് അറിയാം. 2006 ഫെബ്രുവരി 25 മുതല്‍ ഞങ്ങള്‍ നടത്തിയ സമരം അന്ന് മറ്റു ചിലര്‍ക്ക് പൊളിറ്റിക്കലി മോട്ടിവേറ്റഡും,വേറൊരു ടീമിന് ആവേശവും, ഞങ്ങള്‍ക്കതും അതിജീവന പോരാട്ട മായിരുന്നു.
?? നഴ്‌സുമാരുടെ സമരം ന്യായമാണ്, എന്നാല്‍ ധൈര്യമുണ്ടേല്‍ സ്വകാര്യ ആശുപത്രികളുടെ മുന്നില്‍ സമരം നടത്തടോ.
ആശുപത്രികള്‍ക്കുള്ളില്‍ തന്നെയാണ് സമരം നടക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ എത്രമാത്രം ബാധിച്ചുവെന്ന് അവരുടെ വരുമാന കണക്കുകള്‍ വിളിച്ച് പറയുന്നുണ്ട്.സമരം ചെയ്യുന്ന നഴ്‌സുമാര്‍ എവിടേക്ക് പ്രകടനം നടത്തണമെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.
?? UDF ന്റെ പൈസ വാങ്ങിയിട്ടില്ലേ ഈ സമരം.നിന്റെ പ്രസംഗം കേട്ടപ്പോള്‍ മനസ്സിലായി.
കേരളം ആര് ഭരിച്ചാലും എനിക്കോ എന്റെ പ്രസ്ഥാനത്തിനോ ഇവിടെ പ്രശ്‌നമുളള കാര്യമല്ല. 2016ല്‍ സമരം നടത്തിയപ്പോള്‍ എന്റെ പ്രസംഗം ഇപ്പോഴും ഫേസ്ബുക്കില്‍ ഉണ്ടാകും. ഇന്നത്തെ മുഖ്യമന്ത്രിയെ കുറിച്ച് എന്റെ നിലപാട് ചോദ്യം ചെയ്ത പലരും ഉണ്ടാകും. പക്ഷേ പറഞ്ഞ വാക്കുകള്‍, പോസ്റ്റുകള്‍ ക്രിത്യമായ ബോധ്യമില്ലാതെ മാറ്റി പറയുന്ന ചരിത്രം എനിക്കില്ല. 2016ല്‍ LDF എനിക്കോ സംഘടനക്കോ വല്ലതും തന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണെങ്കില്‍ അവരോട് തര്‍ക്കിക്കാന്‍ എനിക്ക് സാധിക്കില്ല.
?? എന്തായെടാ നീ 3 കോടി കട്ടതിന്റെ കേസ്?30 കോടിയുടെ ആസ്തി നിനക്ക് മലപ്പുറത്തില്ലയോ?
സംഘടനക്കുളളില്‍ നിന്ന് പണം തിരിമറി നടത്തിയെന്ന കേസ് 2019 ല്‍ ഞങ്ങള്‍ക്കെതിരെ ഉയരുകയും. ഉയര്‍ന്ന റാങ്കിലുള്ള SP യും Dyspയുടെയും നേത്യത്വത്തിലുള്ള അന്യോഷണ സംഘം (ത്രിശൂര്‍ ക്രൈം ബ്രാഞ്ച്) ക്ലീന്‍ ചിറ്റ് നല്‍കി. പിന്നീട് അതേ കേസ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനോട് (തിരുവനരം ക്രൈംബ്രാഞ്ച്) FIR ഇട്ട് അന്യോഷിച്ചു.സാമ്പത്തിക തിരുമറി അടക്കം വകുപ്പു കളിട്ടു, ഞാന്‍ ഒന്നാം പ്രതിയായി, അഖിലേന്ത്യാ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ട്രഷറര്‍ എന്നിവരെയൊക്കെ പ്രതിയാക്കി. ലുക്ക് ഔട്ട് ഇട്ടു. ഞങ്ങള്‍ അറസ്റ്റ് വരിച്ചു. ജാമ്യമെടുത്തു.കേസ് കോടതിയില്‍ സമര്‍പ്പിച്ച ഉടന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എടുത്ത വകുപ്പ് കോടതി ദൂരെ കളഞ്ഞു. ആ കേസില്‍ 3 കോടി ആരോപണം മാധ്യമങ്ങളില്‍ വന്നിരുന്നതായി കണ്ടിരുന്നു. പക്ഷേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞാനത്ര തുക കണ്ടില്ലായിരുന്നു.പത്രങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളും ശരിയെന്ന് വിശ്വസിക്കുന്ന മണ്ടന്മാരോട് ഞാനെന്ത് പറയാന്‍.
എന്റെ പേരില്‍ കലാപം ഉണ്ടാക്കല്‍, SP യെ വധിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍, പോലീസിനെ അക്രമിച്ചു എന്ന പേരില്‍, ആശുപത്രി ഉടമകളെ ആക്രമിച്ചു എന്ന പേരില്‍, തുടങ്ങി 200 ഓളം കേസുണ്ടായിരുന്നു. ഇപ്പോഴത് 10 ല്‍ താഴെയായി. അതിടക്ക് കൂടും കുറയും. ഇതൊക്കെ ഒരു പ്രിവിലേജ് ആയി കാണുന്നയാളാണ് ഞാന്‍.
30 കോടി രൂപയുടെ ആസ്ഥി മലപ്പുറത്ത് ഉണ്ട് എന്ന് പറയുന്നവരോട്, സന്തോഷം. ശരിക്കും പൂജ്യം വിട്ടു പോയതാകും 3000 മെങ്കിലും കുറഞ്ഞത് കാണണം. ഞാന്‍ ജനിച്ചതും, വളര്‍ന്നതുമായ സാഹചര്യം അറിയുന്നവര്‍ എന്തായാലും ഒരു വകയുമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്നതാണെന്ന് പറയുമെന്ന് തോന്നുന്നില്ല. എന്റെ കയ്യില്‍ പണം ഉണ്ടെന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയായതിനാല്‍ നന്നായി പറഞ്ഞുകൊള്‍ക. എന്റെ പ്രിയ സഹപ്രവര്‍ത്തകരും ഒരുനാള്‍ സമ്പന്നരാണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യകതിയാണ്.
എന്തായാലും ഇത്തരം പ്രചാരണം നടത്തുന്നവര്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്, ഓരോ രാഷ്ട്രീയ നേതാക്കളെപ്പറ്റിയും വാര്‍ത്തകളില്‍ പറയുന്നത്, മാധ്യമങ്ങള്‍ എഴുതുന്നത് സത്യമാണ് എന്ന് സന്തോഷം.പിന്നെന്തിനാണ് അവരെ നിങ്ങള്‍ മാപ്ര, കോപ്ര എന്ന് ഇടക്ക് തെറി വിളിക്കുന്നത്.
??mഴ്‌സുമാര്‍ നിങ്ങള്‍ ജാസ്മിന്‍ഷയെ തിരിച്ചറിയുക, അവന്‍ UDF എം.എല്‍ എ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നു.
അധികാര രാഷ്ട്രീയമാണ് സംഘടനാ പ്രവര്‍ത്തനം എന്ന് പറയുന്ന ,വിശ്വസിക്കുന്ന മണ്ടന്മാരോട് ഞാനെന്ത് പറയാന്‍. എനിക്ക് സീറ്റ് ഇപ്പോള്‍ തരാനും, മുമ്പ് തരാനും എല്ലാ പാര്‍ട്ടികളും തയ്യാറായിട്ടുണ്ട്. ചര്‍ച്ചയും നടത്തിയിട്ടുണ്ട്. പക്ഷേ താല്‍പ്പര്യം തോന്നിയിട്ടില്ല. സംഘടയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. തല്‍ക്കാലം മത്സര രംഗത്തേക്ക് ഇല്ല. എനിക്കിവിടെ പൂര്‍ത്തീകരിക്കാന്‍ ചില കടമകള്‍ കൂടി ബാക്കിയുണ്ട്.
??നീയന്ന് പിണറായി വിജയനെ പുകഴ്ത്തി പോസ്റ്റിട്ടില്ലേ, ഇപ്പോള്‍ അനുഭവിച്ചോ എന്ന് പറയുന്നവരോട്?
2016ല്‍ ഞങ്ങള്‍ക്ക് തന്ന വാക്ക് 2017ല്‍ അദ്ദേഹം പാലിച്ചുണ്ട്. 3 തവണയാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഇത് വരെ അദ്ദേഹം ഞങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങളെ തള്ളിപ്പറയുന്നവരെ തിരിച്ച് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
നല്ലത് ചെയ്താല്‍ പുകഴ്ത്താനും, മോശം ചെയ്താല്‍ വിമര്‍ശിക്കാനും ഒരു മടിയുമില്ല. ഞങ്ങളോടൊപ്പം സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണ് ഞങ്ങള്‍.
?? ഷാജന്‍ സ്‌കറിയയെ എന്തിനാടാ സീറ്റില്‍ കയറ്റി ഇരുത്തുന്നത്?
ഞങ്ങളുടെ സ്റ്റേജില്‍ ആരെ കയറ്റണം, വേണ്ട എന്നുളളത് ഈ പ്രസ്ഥാനത്തിനുള്ളില്‍ ഉള്ളവര്‍ തീരുമാനിക്കും. ഞങ്ങളുടെ സംഘടന പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, തകര്‍ന്ന് പോകുമെന്ന് സകലരും കരുതിയ സമയത്ത് ചേര്‍ത്ത് പിടിച്ച വ്യക്തിയാണദ്ദേഹം. പ്രതിസന്ധികളില്‍ കൂടെ നിനവരെ പിന്നീട് തള്ളിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. ഇനിയും അദ്ദേഹത്തെ ചേര്‍ത്ത് തന്നെ പിടിക്കും.
-------------------------------------------------------------------------------
ഈ സമരം ശകതമായി തന്നെ മുന്‍പോട്ട് പോകും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നവരെ.ഒരു ഭീഷണിയെയും വകവെക്കില്ല. ഞങ്ങളുടെ സംഘടനയില്‍ ഒരു കുത്തിത്തിരിപ്പും നടക്കില്ല. രാഷ്ട്രീയ നിലപാട് ഇലക്ഷനില്‍ ഞങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അത് പ്രഖ്യാപിക്കാനും നടപ്പിലാക്കാനും കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.
അത് കൊണ്ട് തല്‍ക്കാലം വെല്ലുവിളിയും, ഭീഷണിയും ഇങ്ങോട്ട് വേണ്ട.
NB : സംവദിക്കാന്‍ ഉള്ളവര്‍ക്ക് സ്വാഗതം, എനിക്കിഷ്ടമാണത്. പക്ഷേ പിതൃശൂന്യ ഐഡികളില്‍ നിന്നും വരരുത്. കമന്റുകള്‍ ഇട്ടോളു, ഈ മാസം ഫേസ് ബുക്കില്‍ നിന്നും വരുമാനം കൂടാന്‍ സാധ്യതയുണ്ട് എന്ന് ചില വെട്ടുകിളികളെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു.
ബാക്കി ഇന്ന് ലൈവില്‍ വരുമ്പോള്‍, ഏവര്‍ക്കും സ്വാഗതം.


