തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍സ്ഥാനത്തു നിന്ന് നീ്ക്കിയ ഇ.പി. ജയരാജന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. സിപിഎം സെക്രട്ടറിയേറ്റാണ് ഈ തീരുമാനം എടുത്തത്. ഇതോടെ താന്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്ന് ജയരാജന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയടക്കം ആരും ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. ഇതും ജയരാജന് വേദനയായി. 'നമുക്ക് സംസാരിക്കാം' എന്ന വാക്കിലൊതുക്കി മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി താമസിക്കാനായി അനുവദിച്ച ഫ്ളാറ്റ് ജയരാജന്‍ ഒഴിയും. ഫലത്തില്‍ സിപിഎമ്മുമായി അകലാനാണ് തീരുമാനം. സിപിഎമ്മില്‍ തുടര്‍ന്നാലും ഒരു ഗ്രൂപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല.

സെക്രട്ടറിയേറ്റ് യോഗ ദിനത്തില്‍ മുഖ്യമന്ത്രി വന്നയുടനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുറിയില്‍ പി.ബി. അംഗങ്ങള്‍ ഒത്തുചേര്‍ന്നു. പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് പങ്കെടുത്തത്. ഈ യോഗത്തിലാണ് ജയരാജനെ മാറ്റാനള്ള തീരുമാനം ഉണ്ടായത്. അത് സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കുകയും ചെയ്തു. അജണ്ടയിലില്ലാത്ത വിഷയമായിരുന്നു അങ്ങനെ യോഗത്തിന് മുന്നിലെത്തിയത്. പികെ ശശിക്കെതിരായ അച്ചടക്ക നടപടി മാത്രമാണ് അതിന് മുമ്പ് അജണ്ടയില്‍ ഉണ്ടായിരുന്നത്. ഗോവിന്ദന്റെ ഇടപെടലാണ് തന്റെ മാറ്റത്തിന് കാരണമെന്ന് ഇപിയ്ക്ക് അറിയാം. എന്നാല്‍ മുഖ്യമന്ത്രിയുടെ മൗനമാണ് കൂടുതല്‍ വേദനിപ്പിച്ചത്.

സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നപ്പോള്‍ എം.വി. ഗോവിന്ദന്‍ പി.ബി. അംഗങ്ങളുടെ യോഗത്തിലെ തീരുമാനം അറിയിച്ചു. എന്തിന്റെപേരിലാണ് മാറ്റുന്നതെന്ന് ജയരാജന്‍ ചോദിച്ചു. പ്രകാശ് ജാവഡേക്കര്‍ തന്നെ വന്നുകണ്ടതിനാണോ? അത് മാത്രമൊന്നുമല്ലെന്ന് ഗോവിന്ദന്റെ മറുപടി. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ കൊണ്ടുപോകേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയൊരാളെ നിയമിക്കേണ്ടതുണ്ടെന്ന് കണക്കാക്കിയതെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു.

എല്‍.ഡി.എഫിന്റെ കാര്യം വിലയിരുത്തിയത് താന്‍ അറിഞ്ഞിട്ടില്ലല്ലോയെന്നായി ജയരാജന്‍. അത് ഒരു സെക്രട്ടേറിയറ്റ് യോഗമാണ് വിലയിരുത്തിയതെന്നും അതില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ലെന്നും ഗോവിന്ദന്‍ വിശദീകരിച്ചു. മുന്നണി കണ്‍വീനര്‍ പങ്കെടുക്കാത്ത യോഗത്തിലാണോ എല്‍.ഡി.എഫിനെ വിലയിരുത്തുന്നത് എന്ന് ജയരാജന്റെ മറുചോദ്യം. ഈ സംസാരം തുടരുമ്പോഴും മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അങ്ങനെ ജയരാജന്‍ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്തായി. തീര്‍ത്തും അനീതിയാണ് സംഭവിച്ചതെന്ന് ജയരാജന്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജന്റെ ആത്മകഥ പൊട്ടിത്തെറിയാകും.

സിപിഎം കേന്ദ്ര കമ്മിറ്റിയിലും നടപടി നേരിടേണ്ടിവന്നാല്‍ രാഷ്ട്രീയം മതിയാക്കാനൊരുങ്ങുകയാണ് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പിയെ നീക്കിയത് കേരളത്തില്‍നിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെകൂടി തീരുമാനപ്രകാരമാണ്. ഇ.പി കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ നടപടി അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടും. തനിക്കു പറയാനുള്ളതു മുന്‍കൂട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കാന്‍ ഇ.പി തയാറെടുക്കുന്നതായി സൂചനയുണ്ട്.

ആത്മകഥ എഴുതുന്നുണ്ടെന്നും അതില്‍ കാര്യങ്ങളെല്ലാം പറയാമെന്നും പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഇ.പി വെളിപ്പെടുത്തി. രണ്ടുവര്‍ഷം മുന്‍പു തുടങ്ങിയ ആത്മകഥയെഴുത്ത് അവസാനഘട്ടത്തിലാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.