തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യം പുറത്തുവരട്ടെയെന്ന് നടന്‍ ജയറാം. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയില്‍ പങ്കെടുത്തതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും ജയറാം പ്രതികരിച്ചു. അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോള്‍ പോകുക മാത്രമാണ് ചെയ്തതെന്നും ജയറാം പറഞ്ഞു. ശബരിമല അയ്യപ്പന്റെ നടയിലെ സ്വര്‍ണപ്പാളികളെന്ന പേരില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി 2019 ജൂലൈയില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നടന്‍ ജയറാം പങ്കെടുത്തിരുന്നു. അമ്പത്തൂരിലെ കമ്പനിയില്‍ നടത്തിയ പൂജയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പോയതെന്നും ജയറാം സ്ഥിരീകരിച്ചു.

ശബരിമലയിലേക്കുള്ള സ്വര്‍ണപ്പാളികളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ശബരിമലയില്‍ ഇനി കുറേക്കാലം വെക്കാന്‍ പോകുന്ന സംഗതി ഉദ്ഘാടനം ചെയ്യേണ്ടത് ജയറാമാണെന്ന് അയ്യപ്പന്‍ സ്വപ്നദര്‍ശനത്തിലൂടെ തന്നോട് പറഞ്ഞെന്നും അതിനാലാണ് ജയറാമിനെ സമീപിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായി ജയറാം കൂട്ടിച്ചേര്‍ത്തു. അന്‍പതുകൊല്ലമായി മുടങ്ങാതെ ശബരിമലയില്‍ പോകുന്ന ഭക്തന്‍ എന്ന നിലയിലാണ് താനാ ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലുണ്ടെങ്കില്‍ ശബരിമലയ്ക്ക് പോകുന്നതിന് മുന്‍പ് വന്ന് ഉദ്ഘാടനം ചെയ്താന്‍ നന്നാകുമെന്നും വീരമണി സാമിയെ പാടാന്‍ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചടങ്ങില്‍ വീരമണി സാമി പാടി, താനും കൂടെ പാടിയതായും ജയറാം പറഞ്ഞു. കര്‍പ്പൂരമുഴിയുകയും ശരണം വിളിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പൂജ ചെയ്തത്. പകുതിദിവസം ഷൂട്ടിങ്ങിന് അവധി നല്‍കിയാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം ഭക്തരുണ്ടായിട്ടും അയ്യപ്പ സ്വാമി തന്നെയാണ് ഈ ചടങ്ങിനായി തിരഞ്ഞെടുത്തതെന്ന് ഒരു സ്വകാര്യ അഹങ്കാരമായി താന്‍ പലരോടും പറഞ്ഞതായും ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വപ്ന ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചു. 2019 ജൂണ്‍ മാസത്തില്‍ ചടങ്ങ് നടന്നതായാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വെളിപ്പെടുത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഓഫീസില്‍ നടന്ന ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ജയറാം പങ്കെടുത്തത്.

പൂജയില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമെന്ന് കരുതിയെന്നും അഞ്ച് വര്‍ഷത്തിനുശേഷം ഇങ്ങനെ ആയി തീരുമെന്ന് കരുതിയില്ലെന്നാണ് ജയറാം പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീര്‍ക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കേണ്ടി വരും. അയ്യപ്പന്‍ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്

സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്തുമെന്നാണ് തീരുമാനം. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് വരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്.