- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യൂറോപ്പിന്റെ സമാധാനത്തില്‍ ഇന്ത്യയുടെ റോള്‍ എന്ത്? ജയശങ്കര്‍ അയര്‍ലണ്ടിലും ബ്രിട്ടനിലും എത്തുമ്പോള്‍ നിര്‍ണായക ചോദ്യങ്ങളേറെ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് മുടക്കിയ കുടിയേറ്റ നയത്തില്‍ കച്ചവട കരാര്‍ ഇഴയുമ്പോള്‍ ഇന്ത്യ നല്‍കുന്നത് മുട്ടുമടക്കാനില്ലെന്ന സന്ദേശം; ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ കോണ്‍സുലേറ്റുകള്‍; നേരിട്ടുള്ള വിമാനം ബെല്‍ഫാസ്റ്റ് മലയാളികളുടെ ആവശ്യം
ജയശങ്കര്‍ അയര്‍ലണ്ടിലും ബ്രിട്ടനിലും എത്തുമ്പോള്‍ നിര്‍ണായക ചോദ്യങ്ങളേറെ
ലണ്ടന്‍: രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ - യുകെ കൂടിക്കാഴ്ചയുടെ മഷി ഉണങ്ങും മുന്‍പേ ഇന്ത്യയില്‍ നിന്നും മൂന്നാമന്‍ എന്ന വിശേഷണമുള്ള വിദേശ്യകാര്യ മന്ത്രി ജയശങ്കര്‍ യുകെയിലും അയര്‍ലണ്ടിലും ദിവസങ്ങള്‍ നീളുന്ന സന്ദര്‍ശനത്തിന് എത്തുമ്പോള്‍ രാഷ്ട്രീയവും സാമ്പത്തികവും ആയ ചോദ്യങ്ങളേക്കാള്‍ യൂറോപ്യന്‍ മേഖലയില്‍ ഇന്ത്യയുടെ സ്വരത്തിനായുള്ള കാത്തിരിപ്പിന്റെ കാഴ്ചയാണ് ശ്രദ്ധ നേടുന്നത്.
നാറ്റോ അംഗത്വം അടിസ്ഥാന കാരണമായ റഷ്യന്‍ - ഉക്രൈന്‍ സംഘര്‍ഷത്തില്‍ തുടക്കം മുതല്‍ ഇന്ത്യ സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തി മുന്നില്‍ നിന്നെങ്കിലും അല്‍പം കടുംപിടുത്തക്കാരായ ഉക്രൈന്‍ നിലപാടില്‍ തട്ടിയാണ് ആ നീക്കങ്ങള്‍ പൂര്‍ണതയില്‍ എത്താതെ പോയത്. ഇതിനിടയില്‍ ഫ്രാന്‍സും ബ്രിട്ടനും ഒക്കെ സംഘര്‍ഷത്തിന് പരിഹാരം തേടി രംഗത്ത് വന്നെങ്കിലും ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് കണ്ണുരുട്ടിയതിലൂടെ എങ്ങനെയും നാണക്കേട് ഒഴിവാക്കിയുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തുക എന്നതാണ് ഉക്രൈന്‍ പ്രസിഡന്റ സെലിന്‍സ്‌കിയുടെ നോട്ടം.
പാക്കിസ്ഥാനും ചൈനയും കടന്നു വരാത്ത ചര്‍ച്ചകളില്‍ ഇന്ത്യ മേല്‍കൈ നേടുന്ന മാജിക്, ബെല്‍ഫാസ്റ്റില്‍ നിന്നും നേരിട്ടുള്ള വിമാനം വേണമെന്ന ആവശ്യവും ജയ്ശങ്കറിന് മുന്നിലെത്തും
ആറു ദിവസത്തെ നീണ്ട സന്ദര്‍ശനത്തിന് എത്തുന്ന ജയശങ്കര്‍ ബ്രിട്ടനില്‍ കൂടുതല്‍ നയതന്ത്ര ഓഫിസുകള്‍ തുറക്കാന്‍ തയ്യാറാകുന്നു എന്നതാണ് ഇന്ത്യന്‍ സമൂഹത്തെ ആവേശം കൊള്ളിക്കുന്നത്. യുകെയിലും അയര്‍ലന്‍ഡിലും ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം ക്രമാതീതമായി കൂടിയതിനാല്‍ എംബസി പ്രവര്‍ത്തനങ്ങളില്‍ ഭാരം ലഘൂകരിക്കാന്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ അത്യാവശ്യമായി മാറിയിരിക്കുകയാണ്. ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ഓഫീസുകള്‍ തുറക്കുന്നതില്‍ തന്റെ സാന്നിധ്യം ഉപയോഗിക്കുന്ന ജയശങ്കര്‍ ബ്രിട്ടനിലും അയര്‍ലണ്ടിലും ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കൂടി സാക്ഷിയാകുന്ന ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
ബെല്‍ഫാസ്റ്റില്‍ നാളെ ഉച്ചക്ക് നടക്കുന്ന കോണ്‍സുലേറ്റ് ഉദ്ഘാടനത്തില്‍ നിരവധി മലയാളികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടൊരു വിമാനം എന്ന ആശയം നിവേദനമായി ജയശങ്കറിന്റെ കൈകളില്‍ എത്തിക്കും എന്നാണ് അറിയാനാകുന്നത്. ജപ്പാനില്‍ ക്വഡ് രാഷ്ട്ര തലവന്മാരുടെ യോഗം പൂര്‍ത്തിയാക്കി എത്തുന്ന ജയശങ്കറിന് ആറു ദിവസവും ബ്രിട്ടനില്‍ തിരക്കിട്ട പരിപാടികളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മോദി മന്ത്രാലയത്തില്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന മന്ത്രി എന്ന വിശേഷണമാണ് ജയശങ്കറിനു തുടര്‍ച്ചയായി വിദേശകാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും. ഇന്ത്യയുടെ താല്‍പര്യങ്ങളില്‍ ലവലേശം വിട്ടു വീഴ്ച ഇല്ലാത്ത നിലപാടുകാരന്‍ എന്ന നിലയില്‍ ജയശങ്കര്‍ എത്തുമ്പോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ നടത്തിയിട്ടു കാര്യവുമില്ല എന്ന തിരിച്ചറിവാണ് ലോക രാഷ്ട്രങ്ങള്‍ക്ക് ലഭിക്കുന്നത്.
അതിനാല്‍ ഡേവിഡ് ലാമിയും ജയശങ്കറും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് നേട്ടമെടുക്കാന്‍ സാധിക്കുന്ന പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, മേഖല സുരക്ഷാ, മനുഷ്യ വിഭവ ശേഷിയുടെ കൈമാറ്റം എന്നീ പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുവാന്‍ തന്നെയാണ് ഇന്ത്യയുടെ ശ്രമം. മുന്‍ കാലങ്ങളില്‍ അയല്‍രാജ്യമായ പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം എല്ലായ്‌പ്പോഴും മുന്നില്‍ എത്തിയിരുന്ന സാഹചര്യം ഇപ്പോള്‍ ഇല്ലെന്നത് ഇന്ത്യയ്ക്ക് ചര്‍ച്ചകളില്‍ ഗുണകരമായ മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്.
അടുത്തിടെ ചൈനയില്‍ നിന്നും സുരക്ഷാ ഭീഷണി ഉയര്‍ന്നെങ്കിലും അതിനെയും ഇന്ത്യ അതിജീവിക്കുന്ന സാഹചര്യത്തെ ലോകം കാണുന്നതിനാല്‍ ഏതു രാജ്യവുമായുള്ള ചര്‍ച്ചകളിലും ഇന്ത്യ ഇപ്പോള്‍ കണ്ണ് വയ്ക്കുന്നത് സാമ്പത്തിക നേട്ടം തന്നെയാണ്. മുന്‍ കാലങ്ങളില്‍ ആയുധ കരാറിലും മറ്റും ശ്രദ്ധ നല്‍കേണ്ടിയിരുന്ന ഇന്ത്യയ്ക്ക് മറുപക്ഷം പറയുന്ന കാര്യങ്ങളില്‍ പലപ്പോഴും വിട്ടുവീഴ്ചയോടെ വഴങ്ങേണ്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല സാഹചര്യം എന്നത് ജയശങ്കറിനും സംഘത്തിനും ചര്‍ച്ചകളില്‍ മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്.
ബ്രിട്ടന്റെ കുടിയേറ്റ നയത്തില്‍ മുഖം കറുപ്പിച്ച് ഇന്ത്യ, നേട്ടം ബ്രിട്ടന് മാത്രം എന്ന നിലയില്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോകില്ല
ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിന് വലിയ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവാണ് ഇപ്പോള്‍ യൂറോപ്യന്‍ നേതാക്കള്‍ പങ്കിടുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യ വിദേശകാര്യ രംഗത്ത് നേടിയ മേല്‍കൈയുടെ മുന്‍ നിര പോരാളിയായ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിയായ ജയശങ്കര്‍ എന്ന മന്ത്രിയില്‍ നിന്നും രാഷ്ട്രീയത്തിലുപരിയായ പ്രശ്‌നപരിഹാര ഫോര്‍മുല ഉരുത്തിരിയുമോ എന്നതാണ് ലോകത്തിന്റെ നോട്ടം.
ബ്രിട്ടനിലും അയര്‍ലന്‍ഡിലും ആയി ചുരുങ്ങുന്ന സന്ദര്‍ശനം ഇപ്പോള്‍ യൂറോപ്യന്‍ സമാധാനത്തിന് ഇന്ത്യയ്ക്ക് എന്ത് നല്‍കാനാകും എന്ന ചോദ്യത്തിലൂടെ ലോക ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ലോകത്തെ മിക്ക നേതാകകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിട്ടുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് ഒരു മുഖ പരിചയത്തിന്റെ ആവശ്യമില്ലാതെ ചര്‍ച്ചകളുടെ ആഴത്തിലേക്ക് കടക്കാം എന്നത് വലിയ മേല്‍ക്കൈ തന്നെയാണ്. ഇന്ത്യയില്‍ തുടര്‍ ഭരണം ലഭിക്കുന്ന സര്‍ക്കാരിലെ മുന്‍ നിരക്കാരന്‍ എന്ന ഇമേജ്ജും ജയ്ശങ്കറിന് തുണയാകും.
അതിനിടെ ജയശങ്കറും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലാമി ഡേവിഡും കൂടികാണുമ്പോള്‍ മലയാളികള്‍ക്ക് എന്ത് കാര്യം എന്ന ചോദ്യവും ഉയരേണ്ടതാണ്. കാരണം കഴിഞ്ഞ 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടും ഇന്ത്യയില്‍ നിന്നും നേട്ടമെടുക്കാന്‍ ഉള്ള ബ്രിട്ടന്റെ ഗൂഢ തന്ത്രം തിരിച്ചറിഞ്ഞാണ് ജയശങ്കറും ടീമും ബ്രിട്ടനിലെ വിവിധ സര്‍ക്കാരുകളും ആയുള്ള കൂടിക്കാഴ്ചകളില്‍ വിട്ടു വീഴ്ച ഇല്ലാത്ത നിലപാടില്‍ എത്തിയത്.
ഇക്കാര്യത്തില്‍ ഏറെ മയപ്പെട്ട നിലപാട് സ്വീകരിച്ച ബോറിസ് ജോണ്‍സന്റെ നീക്കത്തിലൂടെയാണ് ഇപ്പോള്‍ പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ എത്താന്‍ അവസരം ലഭിച്ചത്. സ്റ്റുഡന്റ് വിസയിലും കെയര്‍ വിസ ഉള്‍പ്പെടെയുള്ള വര്‍ക്ക് വിസ അപേക്ഷകളിലും ഒക്കെ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിച്ചത് തിരികെ ബ്രിട്ടന് ലഭിക്കേണ്ട അനേക കോടികളുടെ കച്ചവട കരാര്‍ എന്ന കണ്ണിലൂടെ ആയിരുന്നു. ഒരു ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള തുറന്ന കരാറിലേക്ക് എത്തും എന്ന സൂചനകള്‍ പുറത്തു വരവെയാണ് ബോറിസ് പുറത്തേക്ക് തെറിച്ചത്.
മുട്ട് മടക്കി നില്‍ക്കാന്‍ ഇന്ത്യയെ കിട്ടില്ല, പഴയ ഇന്ത്യയല്ല ഇപ്പോഴെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ ജയശങ്കര്‍ കടും പിടുത്തത്തില്‍
തുടര്‍ന്ന് അധികാരത്തില്‍ എത്തിയ ഋഷി സുനകിന് രാഷ്ട്രീയ വിഷയങ്ങളില്‍ കാലുറപ്പിച്ച ശേഷം ഇന്ത്യയുമായുള്ള കരാറില്‍ എത്താം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും കുടിയേറ്റം യുകെയില്‍ ചൂടന്‍ തിരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പാണ് മുഖ്യം എന്ന നിലയായതോടെ ടോറികള്‍ കടുത്ത കുടിയേറ്റ വിരുദ്ധ നീക്കങ്ങളിലെക്ക് എത്തിച്ചേര്‍ന്നു. ഇത് ബ്രിട്ടന്റെ ആഭ്യന്തര കാര്യം ആണെങ്കിലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വഴി അടഞ്ഞത് ഇന്ത്യയ്ക്ക് അത്ര പിടിച്ചില്ല എന്നതാണ് പിന്നീടുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ നിങ്ങള്‍ കുടിയേറ്റ കാര്യത്തില്‍ ഇന്ത്യയ്ക്ക് എന്ത് നല്‍കും എന്ന മുടന്തന്‍ ചോദ്യം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉയര്‍ന്നതും ഇപ്പോള്‍ 15 വട്ടമായിട്ടും ചര്‍ച്ചകളില്‍ മുന്‍പോട്ടു പോകാനാകാത്തതും.
ഇന്ത്യയ്ക്ക് മാത്രമായി ബ്രിട്ടന് ഒരു കുടിയേറ്റ നയം രൂപീകരിക്കാന്‍ ആകില്ല എന്ന് ജയശങ്കറിനും പക്ഷത്തിനും നന്നായി അറിയാമെങ്കിലും നേട്ടം ബ്രിട്ടന് മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഇന്ത്യയുടെ പിടിവാശി. ബ്രക്‌സിറ്റ് നടന്ന ബ്രിട്ടനില്‍ ഇന്ത്യയുമായുള്ള കച്ചവട കരാര്‍ ഏറ്റവും പ്രധാനമാകുന്നത് ബ്രിട്ടന്‍ തന്നെയാണ് എന്നും ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ ജയശങ്കര്‍ ബ്രിട്ടനിലും അയര്‍ലന്‍ഡിലും ചര്‍ച്ചയ്ക്ക് എത്തുമ്പോഴും അമിതമായ പ്രതീക്ഷ ഒന്നും ബ്രിട്ടീഷ് പക്ഷത്തുമില്ല എന്നതും ശ്രദ്ധ നേടുകയാണ്.