- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെന്‍ഷന്‍ വാങ്ങി ഖജനാവില്‍ നിന്നും അനധികൃതമായി പണമൂറ്റിയ സാധാ ജീവനക്കാരെ വെറുതെ വിടാത്ത ഇടതു സര്‍ക്കാര്‍; 23 മാസത്തിനിടെ 'അദര്‍ ഡ്യൂട്ടി' ഓപ്ഷനില്‍ 190 ദിവസം ജോലിക്കെത്തി കോടികള്‍ കൊണ്ടു പോയ അഡീഷണല്‍ ചീഫ് സെക്രട്ടറി! ജയതിലകിനെതിരെ നിരവധി തെളിവ് പുറത്തു വന്നിട്ടും നടപടി എടുക്കാന്‍ പിണറായിയ്ക്ക് ഭയം? ഐഎഎസുകാര്‍ക്കും ഇരട്ട നീതിയോ?
തിരുവനന്തപുരം: ആരും പരാതി കൊടുക്കാതെയാണ് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങിയത്. എന്നാല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ നിരവധി ആരോപണങ്ങളെത്തിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇത് ഐഎഎസുകാര്‍ക്കിടയില്‍ അതൃപ്തിയായി മാറുകായണ്. എന്‍ പ്രശാന്തിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി എന്നത് അടക്കമുള്ള ആരോപണം ജയതിലകിനെതിരെ പൊതു സമൂഹത്തിലുണ്ട്. ഇതില്‍ പ്രശാന്ത് തന്നെ പരാതിയും നല്‍കി. ഇതില്‍ ജയതിലകിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയോ എന്ന് ആര്‍ക്കും അറിയില്ല. വിവാദങ്ങളോട് മൗനത്തില്‍ പ്രതികരിച്ച് എല്ലാം തനിക്ക് അനുകൂലമാക്കാനാണ് ജയതിലകിന്റെ ശ്രമം. എന്നാല്‍ വിവാദങ്ങള്‍ കാരണം അടുത്ത ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത ജയതിലകിന് അടഞ്ഞുവെന്നും വിലയിരുത്തലുകളുണ്ട്. അതിനിടെ പുതിയ തെളിവുകള്‍ പുറത്തു വരുമ്പോള്‍ ഐഎഎസ് പോരില്‍ സര്‍ക്കാര്‍ വലിയ പ്രതിക്കൂട്ടിലാണ്.
ജയതിലക് കഴിഞ്ഞ 23 മാസത്തിനിടെ ഓഫിസില്‍ ഹാജരായത് 190 ദിവസം മാത്രമെന്ന് വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. 2023 ജനുവരി മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ വരെയുള്ള ഹാജര്‍നില സംബന്ധിച്ച രേഖയിലാണ് ജയതിലക് ഓഫിസില്‍ വരാതിരുന്നതിന്റെ കണക്കുകളുള്ളത്. സെക്രട്ടേറിയറ്റിനു പുറത്തു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഡി (അദര്‍ ഡ്യൂട്ടി) രേഖപ്പെടുത്താറുണ്ട്. ഇത്തരം ചുമതലകളില്ലാതിരുന്ന കാലയളവിലും ജയതിലക് ഒഡി രേഖപ്പെടുത്തി ജോലിക്കു ഹാജരായില്ലെന്നാണ് ആക്ഷേപം. ഇത് ഗുരുതരമായ തെറ്റാണ്. ഇതില്‍ ജയതിലകിന്റെ ശമ്പളം തിരിച്ചു പിടിക്കുമോ എന്ന ചോദ്യവും സജീവം. ക്ഷേമ പെന്‍ഷന്‍ അന്യായമായി വാങ്ങിയ സാധാരണ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. അതിലും വലിയ തെറ്റാണ് ജയതിലക് ചെയ്തതെന്നാണ് വിവരാവകാശ രേഖ ചര്‍ച്ചയാക്കുന്നത്. എല്ലാ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. ഈ സാഹചര്യത്തില്‍ പരാതി ഇല്ലെങ്കില്‍ പോലും നടപടി എടുക്കേണ്ടതുമാണ്.
രേഖപ്രകാരം, കഴിഞ്ഞ 23 മാസത്തിനിടെ 5 മാസങ്ങളില്‍ മാത്രമാണ് പത്തില്‍ കൂടുതല്‍ ദിവസം അദ്ദേഹം ഹാജര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍, നിയമസഭ ചേര്‍ന്ന കഴിഞ്ഞ ജൂലൈയിലാണ് ഏറ്റവുമധികം ഹാജര്‍ 15 ദിവസം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സ്പാര്‍ക് വഴിയുള്ള വിവരങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ വിനോദ് നാരായണനാണ് വിവരാവകാശം വഴി ലഭിച്ചത്. ജയതിലകിന്റെ കുടുംബ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കിയതില്‍ അടക്കം ആക്ഷേപങ്ങളുണ്ട്. ഇതിലൊന്നും സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല. ഇതിന് പിന്നിലെ സര്‍ക്കാര്‍ മൗനം ഒരുകൂട്ടം ഐഎഎസുകാര്‍ക്കിടയില്‍ അമര്‍ഷമായി മാറിയിട്ടുണ്ട്. മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനെതിരെ പോലീസ് നടപടിയും എടുത്തില്ല. ഇതിനിടെയാണ് ഹാജര്‍ വിവാദം. പ്രശാന്തിനെതിരെ നടപടി എടുക്കാന്‍ കാട്ടിയ ആര്‍ജ്ജവം സര്‍ക്കാര്‍ ജയതിലകിനെതിരാ കാട്ടുന്നില്ല. ഇത് ഐഎഎസുകാരോട് പോലും സര്‍ക്കാര്‍ കാട്ടുന്ന ഇരട്ട നീതിയായി ചിത്രീകരിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുള്ള ജയതിലകിന്റെ ഹാജര്‍ നിലയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് മാസം മാത്രമാണ് ജയതിലക് പത്ത് ദിവസം ഹാജര്‍ തികച്ചത്. ചീഫ് സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ. ജയതിലക്. സെക്രട്ടറിയേറ്റിലെത്തി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ ഉദ്യോഗസ്ഥന്റെ ഹാജര്‍ നില കാണുക. 2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്,മാര്‍ച്ചില്‍ അഞ്ച്,ഏപ്രിലില്‍ അഞ്ച്,മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജര്‍ തികച്ചത് രണ്ട് മാസം മാത്രം. ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്.ഫെബ്രുവരിയില്‍ ആറ്,മാര്‍ച്ചില്‍ 10,ഏപ്രിലില്‍ ആറ്...ഇങ്ങനെ പോകുന്നു...2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. ഈ വര്‍ഷം ഇതുവരെ 10 ദിവസം ഹാജര്‍ പൂര്‍ത്തിയാക്കിയത് ആറ് മാസം. ഏറ്റവും കൂടുതല്‍ ഹാജര്‍ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം.
ഇദ്ദേഹം നിയമസഭ കമ്മിറ്റികളില്‍ പോലും കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചുരുക്കത്തില്‍ ജോലിക്ക് ഹാജരാകാതെ അനധികൃതമായി അദര്‍ ഡ്യൂട്ടി കാണിച്ച് ജയതിലക് മാസം സര്‍ക്കാരില്‍ നിന്ന് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത് അഞ്ച് ലക്ഷത്തോളം രൂപയാണ്. നേരത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ് നടപടികള്‍ കടുപ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിക്കാത്ത പക്ഷം നിയമപോരാട്ടത്തിലേക്ക് പ്രശാന്ത് കടക്കുമെന്നാണ് വിവരം. അഭിഭാഷകനായ രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗുഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്നത്. ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ ജയതിലക് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരോപണം.
രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചാണ് സര്‍ക്കാരിന്റെ ഇ ഓഫീസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ളതെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസ് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിന് ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.