പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ അറസ്റ്റിലായ ദമ്പതിമാര്‍ കൂടുതല്‍ പേരെ പീഡിപ്പിച്ചെന്ന് സൂചന. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നീക്കം തുടങ്ങി. റാന്നി സ്വദേശിയായ 29 വയസ്സുകാരനേയും ആലപ്പുഴ സ്വദേശിയായ 19 വയസ്സുകാരനെയും മര്‍ദിച്ചത് കൂരമായാണ്. മര്‍ദ്ദനത്തിന് ഇരയായവര്‍ അടുത്ത ബന്ധുക്കളാണ്. കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍, ഭാര്യ എസ്. രശ്മി എന്നിവരാണ് പ്രതികള്‍. ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ജയേഷ് രാജപ്പന്‍ ഇവരെ വിളിച്ചുവരുത്തിയതും ആക്രമിച്ചതും. തുടരന്വേഷണത്തിന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയെ മര്‍ദിച്ചതുസംബന്ധിച്ച കേസ് ആറന്മുള പോലീസ്, കോയിപ്രം പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവം നടന്നത് കോയിപ്രം സ്റ്റേഷന്‍ പരിധിയിലായതിനാലാണിത്. തിങ്കളാഴ്ച, ആലപ്പുഴ സ്വദേശിയായ യുവാവുമായി പോലീസ് കോയിപ്രത്തെ ജയേഷിന്റെ വീട്ടിലെത്തി. താന്‍ നേരിട്ട പീഡനങ്ങള്‍ യുവാവ് പോലീസിനോട് വിശദീകരിച്ചു. 2016-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ജയേഷ്. പ്രതികള്‍ മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ മര്‍ദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ഈ കേസില്‍ കോടതി ഇരുവരെയും ആറന്മുള പോലീസിന് വിട്ടുനല്‍കിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ഇവര്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ്. ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. യുവാക്കളെ മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജയേഷിന്റെ ഫോണിലും കൂടുതല്‍ ദൃശ്യങ്ങളുണ്ട്. സേഫ് ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികളുടെ ഫോണ്‍ സംഭാഷണവും പരിശോധിക്കും. ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും കെട്ടിത്തൂക്കിയിട്ട് നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റിയും പെപ്പര്‍ സ്‌പ്രേ അടിച്ചുമാണ് പ്രതികള്‍ യുവാക്കളെ പീഡിപ്പിച്ചത്. 2016-ല്‍ കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ജയേഷ് പ്രതിയായിട്ടുള്ളത്. 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് കേസ്. പോക്‌സോ കേസില്‍ അറസ്റ്റിലായ ജയേഷ് ഏതാനുംമാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദിച്ചകേസില്‍ അറസ്റ്റിലാകുന്നത്.

അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. യുവാവിനെ വിട്ടയച്ചപ്പോള്‍ ഇതില്‍ ആയിരംരൂപ മടക്കിനല്‍കി. മറ്റൊരെയെങ്കിലും ഇവര്‍ സമാനരീതിയില്‍ ഭീഷണിപ്പെടുത്തുകയോ മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായി ദമ്പതിമാരുടെ ഒരുവര്‍ഷത്തെ ഫോണ്‍വിളി വിവരങ്ങളും പോലീസ് പരിശോധിക്കും.

ഭാര്യ രശ്മിയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് ആലപ്പുഴ, റാന്നി സ്വദേശികളെ വീട്ടില്‍ വിളിച്ചുവരുത്തി ജയേഷും രശ്മിയും ക്രൂരമായി മര്‍ദിച്ചത്. സെപ്റ്റംബര്‍ ഒന്ന്, അഞ്ച് തീയതികളിലായിരുന്നു സംഭവം. മര്‍ദനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ രശ്മിയുമായി ചാറ്റിങ്ങും നടത്തിയിരുന്നു. ഇതാണ് ജയേഷിന്റെ സംശയത്തിന് കാരണമായത്. ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോഗിച്ചു മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഈ ദൃശ്യങ്ങളുടെ സാഹചര്യത്തില്‍ ആലപ്പുഴ സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇയാളോട് ചോദ്യംചെയ്യലിന് എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിക്കുന്നതിന്റെയും നഖത്തിനിടയില്‍ മൊട്ടുസൂചി തറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലാണ്. ഇത് ഇയാള്‍ രഹസ്യകോഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഡ് പറഞ്ഞുകൊടുത്തുവെങ്കിലും തുറക്കാന്‍ പോലീസ് ശ്രമിച്ചില്ല. കോഡ് തെറ്റാണെങ്കില്‍ ഫോള്‍ഡര്‍ തുറക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടും. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുറക്കാനാണ് ശ്രമിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ 19-കാരന് മര്‍ദനമേല്‍ക്കുന്നത് ഈ മാസം ഒന്നാം തീയതിയാണ്. ജയേഷിനൊപ്പം ബെംഗളൂരുവില്‍ ക്രഷര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍. മറ്റൊരു പരാതിക്കാരനായ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരനും ബെംഗളൂരുവില്‍ ക്രഷര്‍ കമ്പനിയില്‍ ജയേഷിനൊപ്പം ജോലി ചെയ്തിരുന്നു.