പത്തനംതിട്ട: ആറന്മുള സ്റ്റേഷന്‍ പരിധയിലെ ചരല്‍ക്കുന്ന് ആന്താലിമണ്ണില്‍ നടന്ന ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി. യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പീഡിപ്പിച്ച ജയേഷ്, ഭാര്യ രശ്മി എന്നിവര്‍ക്കും മര്‍ദനമേറ്റയാള്‍ക്കും ഇടയില്‍ അറിയാക്കഥകള്‍ ഏറെയുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. പക്ഷേ, ഇരുകൂട്ടരും പറയുന്ന പരസ്പര വിരുദ്ധമായ മൊഴികള്‍ പോലീസിനെ വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുകയാണ്.

തന്നെ മര്‍ദിച്ചത് താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുവായ മൂന്നു യുവാക്കള്‍ ആണെന്നാണ് ക്രൂരപീഡനത്തിന് ഇരയായ റാന്നിക്കാരന്‍ പോലീസിനോട് പറഞ്ഞത്. ഇത് പ്രകാരം മൂന്നു യുവാക്കളെ ആറന്മുള പോലീസ് കസ്റ്റഡിയില്‍ എടുത്തു കൊണ്ടു വന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് മര്‍ദനത്തില്‍ യാതൊരു പങ്കുമില്ലെന്ന് വെളിവായി. വീണ്ടും റാന്നിക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ജയേഷിന്റെ വീട്ടില്‍ നടന്നതായി ചില കാര്യങ്ങള്‍ പറഞ്ഞത്. റാന്നിക്കാരന്‍ പറഞ്ഞത് പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസ് തതയാറായിട്ടില്ല.

ഇടതു നെഞ്ചില്‍ അമ്മ എന്ന് പച്ചകുത്തിയിട്ടുണ്ട് കേസിലെ പ്രതി ജയേഷ്. രേഷ്മയെ കണ്ടാല്‍ ഒരു സാധു പെണ്‍കുട്ടി. ശാലീന സുന്ദരി. പക്ഷേ, ഇത്രയും ക്രൂരത റാന്നിക്കാരനെ ചെയ്യാന്‍ എന്താണ് കാരണം? റാന്നിക്കാരനും ജയേഷും സുഹൃത്തുക്കളുമാണ്. പീഡനത്തിന് ഇരയാക്കപ്പെട്ട ആലപ്പുഴ സ്വദേശിയും റാന്നിക്കാരനുമായി പരിചയമുണ്ടോ? ആലപ്പുഴക്കാരനും ജയേഷുമായോ രേഷ്മയുമായി മുന്‍ പരിചയമുണ്ടോ? റാന്നിക്കാരനെ കെട്ടിത്തൂക്കി മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ? ശാരീരിക പീഡനം സൈക്കോ പ്രവര്‍ത്തിയാണോ അതോ മുന്‍വിരോധം കൊണ്ടുള്ളതാണോ? എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം.

ഹണിട്രാപ്പ്, ആഭിചാരം തുടങ്ങിയ വാദഗതികള്‍ പോലീസ് പൂര്‍ണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല. ജയേഷിനൊപ്പം ജോലി ചെയ്തിരുന്നയാളാണ് റാന്നി സ്വദേശി. അതു കൊണ്ടാണ് ഓണാഘോഷത്തിന് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത് എന്നാണ് പറയുന്നത്. ഓണത്തിന് വീട്ടിലേക്ക് വിളിക്കാന്‍ തക്ക വണ്ണമുള്ള അടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. അങ്ങനെ ഒരു അടുപ്പമുള്ള റാന്നിക്കാരന്‍ മുന്‍പും ജയേഷിന്റെ വീട്ടില്‍ എത്തിയിരിക്കാം. പക്ഷേ, ഓണദിവസം മാത്രം ഇങ്ങനെ ഒരു ക്രൂരപീഡനം നടക്കാനുണ്ടായ കാരണമാണ് പോലീസ് തേടുന്നത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് എന്തെങ്കിലും പ്രതികാരത്തിന്റെ ഭാഗമായിട്ടാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴക്കാരനും ജയേഷും രശ്മിയുമായുള്ള പരിചയം എങ്ങനെയാണെന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് സൂചനയില്ല. ആലപ്പുഴക്കാരനും റാന്നിക്കാരനുമായി അടുപ്പമുണ്ടോയെന്നതും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല. ആഭിചാരക്രിയകള്‍ എന്നത് റാന്നിക്കാരന്റെ സൃഷ്ടിയാണോയെന്നും സംശയിക്കുന്നുണ്ട്.