കൊച്ചി: സംസ്ഥാന സര്‍ക്കാറിനെ വീണ്ടും വിമര്‍ശനവുമായി കത്തോലിക്ക സഭാ നേതൃത്വം. ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണ് സഭ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത ഉണ്ടെന്ന് സിബിസിഐ ആരോപിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ മുന്നണികള്‍ നയം വ്യക്തമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പില്‍ വിഷയാധിഷ്ഠിത നിലപാടെടുക്കണമെന്നും വിശ്വാസികളോട് സഭ ആഹ്വാനം ചെയ്തു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചിതലിരിക്കാന്‍ കാത്തിരിക്കുകയാണോ സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ ടോം ഓലിക്കരോട്ട് ചോദ്യം ഉന്നയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത ഉണ്ടെന്ന് സിബിസിഐ ലൈറ്റി കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ വി. സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. 2021ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് സര്‍ക്കാര്‍ ജെ. ബി. കോശി കമ്മീഷനെ നിയമിച്ചത്. ഇത് പ്രീണനം മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും സഭാ നേതൃത്വം പറഞ്ഞു.

500 നിര്‍ദേശങ്ങളാണ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതില്‍ സഭാ നേതൃത്വം അസംതൃപ്തരാണ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജെബി കോശി കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലെന്ന് ഇപ്പോള്‍ ഏറെക്കുറെ തെളിയിക്കപ്പെട്ടു എന്നാണ് സഭകളുടെ പരാതി. 2023 മെയ് 17ന് ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിന് ക്രൈസ്തവ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

ക്രൈസ്തവരിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണം നല്‍കണമെന്നതുള്‍പ്പടെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇപ്പോഴും ഫയലില്‍ തന്നെയാണ്. കഴിഞ്ഞ ഒക്ടോബറില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ന്യൂനപക്ഷവകുപ്പ് ശ്രമം തുടങ്ങിയിരുന്നു. 33 സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ കത്തു നല്‍കിയത്. ഡിസംബറില്‍ രണ്ട് തവണ ഓര്‍മ്മപ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ജെബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായം സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഒരു മുന്നേറ്റവും ഉണ്ടായില്ല. ഇതൊക്കെയാണ് സര്‍ക്കാരിനെതിരെ തിരിയാന്‍ സഭകളെ പ്രേരിപ്പിക്കുന്ന ഘടകകങ്ങള്‍.