ലണ്ടന്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി ചമുതലയേറ്റതിന് ശേഷം ജെ.ഡി.വാന്‍സ് ഇക്കുറി കുടുംബംഗങ്ങളും ഒത്ത് അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നത് ബ്രിട്ടനിലെ കോട്‌സ്വോള്‍ഡ്സിലേക്കാണ്. ഭാര്യ ഉഷയ്ക്കും മക്കളായ ഇവാന്‍ ബ്ലെയ്ന്‍, വിവേക്, മിറാബെല്‍ എന്നിവരുമൊത്തുള്ള വാര്‍ഷിക ഇടവേളയ്ക്കായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് 12 മൈല്‍ വടക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ചാള്‍ബറിയും സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

ട്രംപ് തന്റെ പുതിയ ഗോള്‍ഫ് കോഴ്‌സ് ഉദ്ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ചര്‍ച്ച നടത്തുന്നതിനുമായി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ വാന്‍സിന്റെ കുടുംബം ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ഒരു വാടക വീട്ടില്‍ താമസിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ സുന്ദരമായ ഗ്രാമപ്രദേശങ്ങളില്‍ തങ്ങി കാഴ്ചകള്‍ കാണാനാണ് വാന്‍സിന്റെ കുടുംബം തീരുമാനിച്ചിരുന്നത്. യു.കെയിലെ ഏറ്റവും മികച്ച പബ്ബുകള്‍ ഉള്ളതും ഈ മേഖലയിലാണ് എന്നാണ് പലരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നത്.

അമേരിക്കയിലെ തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വാന്‍സിന് ഏറെ ആശ്വാസം പകരുന്നതായിരിക്കും ഈ യാത്ര എന്നാണ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെ.ഡി വാന്‍സ് വാടകയ്ക്ക് വീടെടുത്ത മേഖല അതീവ സുന്ദരമാണ് എന്നാണ് പലരും പറയുന്നത്. ഈ വര്‍ഷം ആദ്യം, ഹെന്‍ലി, ബര്‍ഫോര്‍ഡ് പട്ടണങ്ങള്‍ക്കൊപ്പം ഓക്സ്ഫോര്‍ഡ്ഷയറില്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നായി ചാള്‍ബറി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.

എന്നാല്‍ ഇവിടം സമ്പന്നരായ യാത്രക്കാര്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് എന്നതാണ് ഒരു പ്രത്യേകത.

ഇവിടുത്തെ ജനസംഖ്യ 3500 ല്‍ അധികമാണ്. ഇവിടെ 1949 ല്‍ സ്ഥാപിക്കപ്പെട്ട ഒരു മ്യൂസിയവും ഉണ്ട്. പ്രശസ്ത താരമായ എല്ലന്‍ ഡിജനറസിനും ഇവിടെ ഒരു ഫാംഹൗസ് ഉണ്ട്. നിരവധി പ്രമുഖ വ്യക്തികള്‍ക്ക് ഇവിടെ സ്വന്തമായി വീടുകളുണ്ട്. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ കമലാ ഹാരീസും ഇവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ മേഖലയില്‍ വ്യാപകമായ തോതില്‍ അമേരിക്കവത്ക്കരണം നടക്കുകയാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ്് ട്രംപിന്റെ അഞ്ച് ദിവസത്തെ സ്‌കോട്ട്ലന്‍ഡ് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് വാന്‍സും കുടുംബവും ബ്രിട്ടനില്‍ എത്തുന്നത്. അതേ സമയം വാന്‍സിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ചില സംഘടനകള്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ സുരക്ഷാ സന്നാഹം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോട്‌സ്വോള്‍ഡ്‌സിലെ വളഞ്ഞുപുളഞ്ഞ ഗ്രാമീണ റോഡുകളില്‍ ഇത്രയും കനത്ത സുരക്ഷാ സന്നാഹം മാര്‍ഗ തടസ്സങ്ങള്‍ക്ക് കാരണമാകും എന്നാണ് കരുതപ്പെടുന്നത്.