കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജിന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. വയനാട് വെള്ളാരംകുന്നില്‍ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ജെന്‍സന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശേഷം അമ്പലവയല്‍ ആണ്ടൂരില്‍ ജെന്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് ണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ജെന്‍സന്റെയും ശ്രുതിയുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെന്‍സന്റെ ജീവനെടുത്തത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ടപ്പോഴും മനസ് കൈവിടാതെ ശ്രുതിയെ പിടിച്ചു നിര്‍ത്തിയത് ജെന്‍സന്റെ സ്‌നേഹമായിരുന്നു. ജെന്‍സന്റെ കറകളഞ്ഞ ആ സ്‌നേഹമാണ് ഇന്നലെ രാത്രിയോടെ ശ്രുതിയെ വിട്ടു പോയത്. ഇതോടെ ശ്രുതിയെ തനിച്ചാക്കിയുള്ള ജെന്‍സന്റെ മരണം കേരളത്തിനാകെ നോവായി മാറി.

ശ്രുതിയുടെ ബന്ധുക്കള്‍ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ജെന്‍സനേയും മരണം തട്ടിയെടുത്തത്. ബന്ധുക്കള്‍ക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെന്‍സന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ ശ്രുതിയുടെയും കേരളക്കരയുടേയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.

ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അമ്പലവയല്‍ ആണ്ടൂരില്‍ ജെന്‍സന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. വയനാട്ടിലുണ്ടായ വാഹനാപകടമാണ് ജെന്‍സന്റെ ജീവനെടുത്തത്. മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം.