കോട്ടയം: ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ വീണ്ടും നുണപരിശോധന. ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാനാണ് നീക്കം. മുന്‍ജീവനക്കാരിയും ഇതിന് സമ്മതിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും.

പറയുന്നതു സത്യമോ കള്ളമോ എന്നറിയാന്‍ ശാസ്ത്രീയ സംവിധാനങ്ങളെ ആശ്രയിക്കുന്നതാണു നുണപരിശോധന. വ്യക്തിയുടെ പൂര്‍ണസമ്മതം ഉറപ്പിച്ചിട്ടേ നുണപരിശോധന നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശമുള്ളൂ. പോളിഗ്രാഫ് ടെസ്റ്റും ബ്രെയിന്‍ മാപ്പിങും നാര്‍ക്കോ അനാലിസ്റ്റും ആണ് നുണപരിശോധനാ രീതികള്‍. ഇതില്‍ ഏതാണ് നടത്തേണ്ടതെന്ന് സിബിഐ ഉടന്‍ തീരുമാനം എടുക്കും. ലോഡ്ജിലെ മുന്‍ ജീവനക്കാരി സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

മുന്‍ ജീവനക്കാരിയുടെ മൊഴി ഇന്നലെ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തിയിരുന്നു. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തില്‍ ആരു പറയുന്നതാണ് ശരിയെന്ന് കണ്ടെത്താനാണ് സിബിഐ ശ്രമം. മുന്‍ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സിബിഐ അറിയിച്ചു. വെളിപ്പെടുത്തലുകള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്.

താന്‍ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്‌നയെപ്പോലെ ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് ആണു കാണാതായത്.

കാണാതാവുന്നതിനു മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍ യുവാവുമൊത്ത് ജെസ്‌ന എത്തിയെന്ന ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ. ഇവരുടെ മൊഴി ശേഖരിച്ചത്. ബുധനാഴ്ച രാവിലെ 10-ന് ടി.ബി.യില്‍ ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ലോഡ്ജ് ഉടമയോട് വ്യക്തിവൈരാഗ്യം തീര്‍ത്തതല്ലന്നും തന്നെ തേജോവധം ചെയ്ത ലോഡ്ജ് ഉടമ മുന്‍പ് ചെയ്ത കാര്യങ്ങള്‍ സി.ബി.ഐ.യോട് വെളിപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്രനാള്‍ പറയാതിരുന്ന കാര്യം വൈകി വെളിപ്പെടുത്തിയത്തില്‍ കുറ്റബോധം ഉണ്ടെന്നും സ്ത്രീ പറഞ്ഞു. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി ചൊവ്വാഴ്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഒപ്പം ബിജുവിന്റെ ലോഡ്ജില്‍ എത്തി രേഖകളും പരിസരവും മുറികളും പരിശോധിക്കുകയും ചെയ്തു.