ജറുസലേം: യേശുക്രിസ്തുവിന്റെ അവസാന നാളുകളിലെ കുരിശു മരണത്തിലേക്കും പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കും നയിച്ച സംഭവങ്ങള്‍ ഓരോന്നായി കോര്‍ത്തിണക്കിയിരിക്കുകയാണ് ഒരു ഗവേഷകന്‍. ബൈബിള്‍ വചനങ്ങളിലും, പുരാവസ്തു പര്യവേഷണങ്ങളിലൂടെ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭൂപടത്തില്‍ യേശുവിന്റെ കുരിശിലേക്കുള്ള യാത്രയ്ക്ക് മുന്‍പുള്ള ഒരാഴ്ചക്കാലത്തെ സംഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യേശുക്രിസ്തു എന്നും പ്രബോധനം നടത്താറുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജറുസലേമിലെ ടെംപിള്‍ മൗണ്ടില്‍ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. പള്ളിയില്‍ നിന്നും കച്ചവടക്കാരെയും പലിശക്കാരെയും തന്റെ മരണത്തിന് ഏഴു ദിവസം മുന്‍പ് യേശുക്രിസ്തു അടിച്ചോടിച്ചു എന്ന മാത്യുവിന്റെ പുസ്തകം 21:12 - 17 ല്‍ പറയുന്നതും ടെംപിള്‍ മൗണ്ടിനെ ഉദ്ദേശിച്ചാണ്. ബൈബിള്‍ അനുസരിച്ച് ഇത് സംഭവിച്ചത്, കുരിശേറ്റത്തിനു മുന്‍പായി യേശു അവസാനമായി ജറുസലേമില്‍ പ്രവേശിച്ച സമയത്താണ്. ഈയൊരു കാര്യം ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

സ്വയം ബലിയാടാകുന്നതിന് മുന്‍പായി പിതാവായ ദൈവത്തിന്റെ ആലയം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധമാക്കുകയായിരുന്നു യേശു ക്രിസ്തു ചെയ്തത് എന്ന് ഗവേഷകന്‍ പറയുന്നു. ജറുസലേം പുരാതന നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന , മൗണ്ട് സിയോണിലുള്ള അവസാനത്തെ അത്താഴം നടന്ന സ്ഥലത്തേക്കുള്ള യാത്രയും ഈ ആശയ ഭൂപടത്തില്‍ എടുത്തു പറയുന്നുണ്ട്. അതുപോലെ തന്നെ യേശുവിന്റെ അറസ്റ്റും, ബേത്ലഹേമിന് വടക്ക് ഭാഗത്തുള്ള ഒരിടത്തു വച്ചു നടന്ന വിചാരണയും ഇതില്‍ ഉണ്ട്. യേശുവിനെ ക്രൂശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നിടത്തെ വിശുദ്ധ പള്ളിയും, അടക്കം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഗാര്‍ഡന്‍ ടോംബുമാണ് ഇതില്‍ അവസാനം എത്തുന്നത്.

പുതിയ നിയമത്തിലെ മത്തായി, ലൂക്ക, മാര്‍ക്ക്, ജോണ്‍ എന്നിവരുടെ ശുവിശേഷങ്ങളില്‍ നിന്നാണ് ഈ ഭൂപട സൃഷ്ടിക്കായി പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. അതിനോടൊപ്പം തന്നെ പലയിടങ്ങളില്‍ നിന്നും പുരാവസ്തു പര്യവേഷണത്തിലൂടെ ലഭിച്ച തെളിവുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ ഭൂപടത്തില്‍ ആദ്യ സ്ഥാനമായി അടയാളപ്പെടുത്തിയിരിക്കുന്നത് ജറുസലേം പുരാതന നഗരഠിലെ ടെംപിള്‍ മൗണ്ട് ആണ്. യഹൂദമതത്തിലും ഇസ്ലാമതത്തിലും ഒരുപോലെ വിശുദ്ധമായി കണക്കാക്കപ്പെടുന്നതാണ് ഈ പള്ളി.

ഈ പള്ളിയിലായിരുന്നു യേശുക്രിസ്തു ദിവസേന പ്രബോധനങ്ങള്‍ നടത്താറുണ്ടായിരുന്നത് എന്നാണ് ഭൂപടം രൂപീകരിച്ച തിയോളജിയനും ഗ്രന്ഥകാരനുമായ ജോണ്‍ വാല്‍ഷ് പറയുന്നത്. ഇവിടെക്ക് കടന്നു വന്ന യേശുക്രിസ്തു, പള്ളിക്കകത്ത് വന്‍ പലിശക്ക പണം കടം നല്‍കുന്നതും, ചൂതാട്ടം നടത്തുന്നതുമൊക്കെ കണ്ട് ക്രൂദ്ധനായി അവരുടെ മേശകള്‍ എല്ലാം തട്ടിക്കളയുകയും അവരെ പുറത്തേക്ക് ഓടിക്കുകയും ചെയ്തതായാണ് ബൈബിളില്‍ പറയുന്നത്. അതേ ആഴ്ചയില്‍ തന്നെയായിരുന്നു പുരാതന നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മൗണ്ട് സിയോണില്‍ അവസാനത്തെ അത്താഴം നടന്നു എന്ന് വിശ്വസിക്കപ്പെടുന്നത്.

പള്ളിയില്‍ നിന്നും ഏകദേശം ഒരു മൈല്‍ ദൂരെയാണ് ഈസ്ഥലം. ക്രിസ്തുവും അനുയായികളും അവിടെയെത്താന്‍ ഇരുപത് മിനിറ്റ് സമയമെടുത്തുകാണുമെന്ന് പറയുന്നു. പിന്നീട് കാണിക്കുന്നത് ഗാര്‍ഡന്‍ ഓഫ് ഗെത്സ്മാന്‍ എന്ന ഇടമാണ്. ഇവിടെ വെച്ചാണ് യൂദാസ് ക്രിസ്തുവിനെ ചതിച്ചതെന്നും, യേശു അറസ്റ്റിലായതെനും വിശ്വസിക്കുന്നു. അവിടെ നിന്നും 40 മിനിറ്റ് നേരത്തെ നടത്തമാണ്, പിന്നീട് യേശുവിനെ കൊണ്ടുപോയ കൈഫാസിന്റെ വീട്ടിലെത്താന്‍. അവിടെ വെച്ചായിരുന്നു യേശുവിനു മേല്‍ ദൈവനിന്ദ കുറ്റം ചുമത്തപ്പെട്ടത്. പിന്നീട്, വെസ്റ്റേണ്‍സിറ്റി വാളിനോട് ചേര്‍ന്ന് നിന്നിരുന്ന ഹെരോദിന്റെ കൊട്ടാരത്തിലേക്കാണ് എത്തിക്കുന്നത്.

ഏകദേശം 30 മിനിറ്റാണ് ഇവിടേക്ക് എടുക്കുക. ബൈബിള്‍ പറയുന്നത് അനുസരിച്ച്, വലിയ മരക്കുരിശും ചുമന്ന് യേശുവിന് ഏകദേശം 2650 അടി ദൂരെയുണ്ടായിരുന്ന കാല്‍വരിയിലേക്ക് നടക്കേണ്ടതായി വന്നു. എത്രനേരം യേശുവിന് നടക്കേണ്ടി വന്നു എന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, ദൈവശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത് ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും എടുത്തു കാണും എന്നാണ്.