ബെര്‍ലിന്‍: കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ ഇരുനൂറ് യാത്രക്കാരുമായി പോയ ഒരു വിമാനം പത്ത് മിനിട്ട് പൈലറ്റില്ലാതെ പറന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജര്‍മ്മനിയില്‍ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താന്‍സ വിമാനമാണ് ഇത്തരം ഒരു സാഹചര്യം നേരിട്ടത്. എയര്‍ബസ് എ 321 ഇനത്തില്‍ പെട്ട വിമാനം സ്പെയിനിന്റെ അതിര്‍ത്തി കടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്യാപ്റ്റന്‍ കോക്ക്പിറ്റില്‍ നിന്ന് ബാത്ത്റൂമിലേക്ക് പോയത്. വിമാനം യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ മാത്രമാണ് വിമാനം നിയന്ത്രിക്കുന്നതിനായി കോക്ക് പീറ്റില്‍ ഉണ്ടായിരുന്നത്.

ഇയാള്‍ക്ക് ഇതിനിടയില്‍ ബോധം നഷ്ടപ്പെട്ടിരുന്നു. ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയ ക്യാപ്റ്റന്‍ സുരക്ഷാ വാതിലിന്റെ ആക്സസ് കോഡിലൂടെ അഞ്ച് തവണ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് ഇന്റര്‍കോമില്‍ ഫസ്റ്റ് ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ എമര്‍ജന്‍സി ആക്സസ് കോഡ് ഉപയോഗിച്ചു.

ഇതിനിടയില്‍ കോ-പൈലറ്റിന് ബോധം തിരികെ ലഭിച്ചിരുന്നു. അയാള്‍ വളരെ പ്രയാസപ്പെട്ട് കോക്ക് പീറ്റ് തുറന്നിരുന്നു. സഹപ്രവര്‍ത്തകന്റെ അവസഥ മനസിലാക്കിയ ക്യാപ്റ്റന്‍ യാത്രക്കാരുടെ സഹായം തേടി. യാത്രക്കാരനായി ഒരു ഡോക്ടര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം കോ-പൈലറ്റിന പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ക്യാപ്റ്റന്‍ അടുത്തുള്ള വിമാനത്താവളമായ മാഡ്രിഡിലേക്ക് വിമാനം തിരിച്ചുവിട്ടു. വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ കോ-പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോ-പൈലറ്റിന്റെ നാഡീവ്യൂഹത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളാണ് അദ്ദേഹം അബോധാവസ്ഥയിലാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി സംഭവത്തെക്കുറിച്ച് അറിയിക്കണമെന്ന് അന്വേഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോ പൈലറ്റ് ഇത്തരത്തില്‍ കോക്പീറ്റില്‍ ഒറ്റക്ക് അകപ്പെട്ടു പോകുന്ന അവസ്ഥ ഭാവിയില്‍ ഇല്ലാതാക്കാനുള്ള നടപടികളും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്പാനിഷ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേ സമയം ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് സംഭവത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.Jet carrying 200 passengers flies for ten minutes with NO PILOT