മലപ്പുറം: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനക്കെതിരെ പേരെടുത്ത് പറയാതെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. ആരോ ചിലയാളുകള്‍ മലപ്പുറം ജില്ലയെ കുറിച്ച് ചില പ്രസ്താവന നടത്തിയിട്ടുണ്ട്. അത്, അവജ്ഞയോടെ തള്ളിക്കളയണം. ആര്‍ക്കും ഇവിടെ എപ്പോഴും നിര്‍ഭയം സഞ്ചരിക്കാം. ഈ ജില്ലയുടെ സൗരഭ്യം മനസിലാക്കാത്തവര്‍ പലതും പറയും. ഈ ജില്ലക്കാരോട് ഇടപെടാത്തവര്‍ പലതും പറയും. ജില്ലയില്‍ വന്നു, ഇടപെടാതെ പലതും പറയുന്നത് കാര്യമാക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അപവാദങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജിഫ്രി മുത്തുക്കോയ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.

വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‌ലീം ലീഗ് ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത സമിതിയില്‍ ഈഴവര്‍ ഉണ്ടെങ്കില്‍ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗിന്റെ മതേതരകാപട്യവും സ്ഥാപിത താല്‍പ്പര്യവും തുറന്നുകാട്ടിയതിന് തന്നെ വര്‍ഗീയവാദിയും മുസ്ലിംവിരോധിയുമായി ചിത്രീകരിക്കുകയാണെന്ന് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന ശ്രീനാരായണീയ തത്വം ഉയര്‍ത്തിപ്പിടിക്കുന്ന എസ്എന്‍ഡിപി യോഗത്തിന് മതവിരോധം സാധ്യമല്ല.

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ആദ്യം പ്രതികരിച്ച പ്രസ്ഥാനമാണ് എസ്എന്‍ഡിപി യോഗം. ശബരിമല നിലയ്ക്കലില്‍ പള്ളി പണിയാനും സഹായിച്ചു. എസ്എന്‍ഡിപി യോഗത്തെ ഒപ്പംനിര്‍ത്തി ചതിച്ചതാണ് ലീഗിന്റെ ചരിത്രം. സംവരണസമുദായ മുന്നണിയായി യോഗം ലീഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ഉപയോഗിച്ച് അവര്‍ നേട്ടംകൊയ്തു. ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം പോലും അന്ന് യോഗത്തിന് അനുവദിച്ചില്ല. അത് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചതോടെ മുസ്ലിംവിരുദ്ധനായി ചിത്രീകരിക്കാന്‍ തുടങ്ങി.

മലപ്പുറത്ത് മുസ്ലിം ജനസംഖ്യ 56 ശതമാനം മാത്രമാണ്. ഭരണാധികാരം ഉപയോഗിച്ച് ലീഗ് സാമൂഹ്യനീതി അട്ടിമറിച്ചത് വിളിച്ചുപറയും. മലപ്പുറത്ത് ശ്രീനാരായണീയര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനം നല്‍കിയില്ല. കോണ്‍ഗ്രസ് ലീഗിന്റെ തടവറയിലാണ്. ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരിടത്തും ജയിക്കില്ല. അതുകൊണ്ടാണ് അവര്‍ ലീഗിന് കീഴ്പ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.