സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളിയും. പത്തനംതിട്ട സ്വദേശി ജിന്‍സന്‍ ആന്റോ ചാള്‍സ് മികച്ച ഭൂരിപക്ഷത്തോടെ ഓസ്ട്രേലിയന്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജിന്‍സണ്‍ അറുപതു ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്.

ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. ഈ മണ്ഡലത്തില്‍ പൊതുവേ മലയാളികള്‍ കുറവായിരുന്നുവെന്നതാണ് ഈ വിജയത്തിന്റെ ഏറ്റവും വലിയ സവിശേഷത. എങ്കിലും മലയാളികള്‍ സജീവമായി ജിന്‍സണ് വേണ്ടി പ്രചരണ രംഗത്തുണ്ടായിരുന്നു. കൃത്യമായ ഗൃഹപാഠത്തോടെയാണ് ജിന്‍സ് അവിസ്മരണീയ വിജയം നേടിയത്.

പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സണ്‍. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോര്‍വിനില്‍ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്.