കോട്ടയം: ഏറ്റുമാനൂരില്‍ ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ജിസ്‌മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിന് പിന്നില്‍ ബന്ധുക്കളുടെ നിശ്ചയദാര്‍ഡ്യം. വൈകിട്ട് 3.30നാണ് സംസ്‌കാരം. മൃതദേഹങ്ങള്‍ രാവിലെ 9 മണിക്ക് ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പാലായിലെ സംസ്‌കാരം. നേരത്തെ ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ക്‌നാനായ സഭക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. സഭ നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്ന വാദം അടക്കം ഉയര്‍ന്നു. അന്ന് ഷൈനിയുടേയും മക്കളുടേയും സംസ്‌കാരം നടന്നത് ഭര്‍ത്താവിന്റെ തൊടുപുഴയിലെ പള്ളിയിലാണ്. ഇത് ഏറെ വിവാദമായി. പിന്നീട് ഷൈനിയുടെ ഭര്‍ത്താവ് അഴിക്കുള്ളിലാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജിസ് മോള്‍ക്ക് നീതിയൊരുക്കാന്‍ അവരുടെ കുടുംബം ശക്തമായ നിലപാടുകള്‍ എടുത്തു. അത് സഭയും പരോക്ഷമായി അംഗീകരിച്ചു.

ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയില്‍ സംസ്‌കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്‌മോളുടെ കുടുംബം. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണം. തുടര്‍ന്ന് സഭാതലത്തില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം നടത്താന്‍ ധാരണയായത്. പൊതുദര്‍ശനത്തിനുശേഷം ഉടന്‍ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും. ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. നിറത്തിന്റെ പേരിലും സാമ്പത്തിക സ്ഥിതിയുടെ പേരിലും ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് പ്രതികരിച്ചിട്ടുണ്ട്. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് മുതല്‍ ജിസ്‌മോളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ജിസ്‌മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. വീട്ടില്‍ വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ പുഴയില്‍ ചാടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും മകള്‍ മാനസികപീഡനം നേരിട്ടിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ആ വീട്ടില്‍ എന്താണ് നടന്നതെന്ന് പുറംലോകമറിയണമെന്നും ജിസ്‌മോളുടെ പിതാവ് മുത്തോലി പടിഞ്ഞാറ്റിന്‍കര പി.കെ. തോമസ് പറഞ്ഞു. ഭര്‍ത്താവ് ജിമ്മി മര്‍ദിച്ചിരുന്നതായും ജിസ്‌മോള്‍ നേരിട്ടത് ക്രൂരപീഡനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണവിവരമറിഞ്ഞ് യു.കെയില്‍നിന്ന് നാട്ടിലെത്തിയ തോമസും ജിസ്‌മോളുടെ സഹോദരന്‍ ജിറ്റു പി. തോമസും എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ''നീതിക്കായി ഏതറ്റംവരെയും പോകും. യു.കെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു. ഫോണെടുത്തില്ല. നേരത്തേ ഒരുദിവസം മകളുടെ തലയില്‍ ഒരു പാട് ഉണ്ടായിരുന്നു. ചോദിച്ചപ്പോള്‍ വാതിലില്‍ തട്ടിയതാണെന്ന് പറഞ്ഞു. പിന്നീടാണ് ഭര്‍ത്താവ് മര്‍ദിച്ചതാണെന്ന് വെളിപ്പെടുത്തിയത്. പപ്പ ഇക്കാര്യം ചോദിച്ച് വിളിച്ചാല്‍ പിന്നെ തനിക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും മകള്‍ പറഞ്ഞിരുന്നു'' -പിതാവ് പറഞ്ഞു.

ഒരാഴ്ചമുമ്പ് ചേച്ചിയെ വിളിച്ചപ്പോഴും പോസിറ്റിവായാണ് സംസാരിച്ചതെന്ന് സഹോദരന്‍ ജിറ്റു പറഞ്ഞു. ''അന്ന് ഭര്‍ത്താവിനെയും കുട്ടികളെയും കൂട്ടി വിമാനയാത്ര ചെയ്യാനുള്ള ആഗ്രഹമെല്ലാം പങ്കുവെച്ചിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. എന്റെ ഭാര്യ ഞായറാഴ്ചയാണ് ചേച്ചിയെ അവസാനം വിളിച്ചത്. അന്ന് ചേച്ചിയുടെ സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് വന്ന് ക്ഷീണിച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. അത് കണ്ടുപിടിക്കണം. സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്ത സഹോദരി, ഭര്‍തൃമാതാവ് എന്നിവരില്‍നിന്നെല്ലാം മാനസികപീഡനം നേരിടേണ്ടിവന്നു. ജിമ്മി പലപ്പോഴും കുത്തുവാക്കുകള്‍ പറഞ്ഞ് നോവിച്ചു'' -സഹോദരന്‍ ആരോപിച്ചു.

ചേച്ചി അഭിഭാഷക ഓഫിസ് തുടങ്ങിയതിന് ഭര്‍ത്താവ് പൈസ കൊടുത്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ പൈസ തിരികെ ആവശ്യപ്പെട്ടുതുടങ്ങി. ഒടുവില്‍ ഒരു കേസ് കഴിഞ്ഞ് ചേച്ചി ആ പൈസ തിരികെ കൊടുത്തു. ചേച്ചിയെ തങ്ങളുടെ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലേക്കൊന്നും ഭര്‍ത്താവ് വിട്ടിരുന്നില്ല -ജിറ്റു പറഞ്ഞു. തൊടുപുഴ ചുങ്കം ക്‌നാനായ പള്ളി ഇടവകാംഗങ്ങളായ ഷൈനിയും മക്കളായ അലീനയും ഇവാനയും ആത്മഹത്യ ചെയ്തതും അതിന്റെ വിവാദങ്ങളും സഭയ്ക്കും തലവേദനയായിരുന്നു. ഫെബ്രുവരി 28നാണ് ഇവരെ ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ഭര്‍ത്താവ് നോബി ലൂക്കോസ് റിമാന്‍ഡിലാണ്. ഭര്‍ത്താവിന്റെ ഉപദ്രവത്തെതുടര്‍ന്ന് ഷൈനിയും മക്കളും ഏറ്റുമാനൂരിലെ വീട്ടിലായിരുന്നു താമസം. ഈ സാഹചര്യത്തില്‍ തൊടുപുഴ പള്ളിയിലെ സംസ്‌കാരമാണ് വിവാദമായത്.

അഡ്വ. ജിസ്‌മോളുടേയും മക്കളുടേയും മരണം അവരെ അടുത്തറിയുന്നവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്നതാണ് വസ്തുത. ജിസ്‌മോള്‍ ഏറ്റെടുത്ത ഒരു കേസിന്റെ ആവശ്യാര്‍ഥം അവര്‍ നടത്തിയ സാഹസിക ഇടപെടലും അന്ന് കൂടെ പ്രവര്‍ത്തിച്ചവര്‍ ഓര്‍ക്കുന്നു. ഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാന്‍ വേഷംമാറി ജിസ്‌മോള്‍ അവിടെ ചെന്നു. യുവതിയുടെ ഭര്‍ത്താവിനെ കാണാനോ ആശുപത്രിയില്‍ പ്രവേശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ വിഷയം പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയില്‍ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിന്റെയെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെ പരാതിക്കാരിയോട് ഹാജരാകാന്‍ നിര്‍ദേശിച്ച ജഡ്ജി അവരോട് നേരിട്ട് സംസാരിച്ചു. തുടര്‍ന്നാണ് മോചനത്തിന് ഉത്തരവായത്.