പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്ന് സിപിഎം നേതൃത്വം ആരോപണം ഉയര്‍ത്തുന്നതിനിടെ രാഷ്ട്രീയ കൊലപാതകമല്ലെന്ന് വിശദീകരിച്ച് പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളില്‍ ഒരാളായ നിഖിലേഷ് സിഐടിയു പ്രവര്‍ത്തകനാണെന്നും മിനി പറഞ്ഞു. ടിപ്പര്‍ ലോറി ഉടമയായ മകന്‍ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവില്‍ ചേര്‍ന്നത്. കൊല്ലപ്പെട്ട ജിതിന്‍ മുന്‍പ് വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.

ജിതിന്റെ മരണത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പെരുനാട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതികള്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. പ്രതികളില്‍ പലരും സിപിഎമ്മിന്റെയും - ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന അഭിപ്രായം ഇല്ലെന്ന് ജിതിന്റെ കുടുംബവും പ്രതികരിച്ചിരുന്നു.

അതേസമയം പ്രതികളില്‍ രണ്ടുപേര്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന വിവരം പുറത്തുവന്നു. ഏഴാം പ്രതി മിഥുന്‍ ഡിവൈഎഫ്‌ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ ഏതാനും മാസം മുന്‍പ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നതാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം പറയുന്നു.

ജിതിന്റെ കൊലപാതകത്തില്‍ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍. അക്രമണം നടന്ന് ഒരു ദിവസം തികയും മുമ്പ് എട്ട് പ്രതികളെയും പിടികൂടി. മൂന്ന് പേര്‍ ജില്ലയില്‍ തന്നെയുണ്ടായിരുന്നു. അഞ്ച് പ്രതികളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിതിന്‍ കൊല്ലപ്പെട്ടത്.

ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. അഞ്ചുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായാണ് വിവരം.

ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. മുന്‍വൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അനന്തുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് ജിതിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാഷ്ടീയ സംഘര്‍ഷമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും.

പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റുരണ്ടുപേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ പ്രതികളും പോലീസ് പിടിയിലാകുന്നത്.