- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവര്‍ ഡി വൈ എഫ് ഐക്കാരല്ല; 2021 ല്‍ വന്നു പോയവരെന്ന് ജില്ലാ നേതൃത്വം; 2023 ല്‍ ഭാരവാഹികളായിരുന്നതിന്റെ തെളിവ് പുറത്തു വിട്ട് ബിജെപി; പൊടുന്നനെ ഡിവൈഎഫ്ഐയുടെ പേജില്‍ നിന്ന് കണ്ടന്റ് അപ്രത്യക്ഷമായി: ന്യായീകരണ ക്യാപ്സ്യൂളുകള്‍ എല്ലാം പൊളിഞ്ഞ് സിപിഎമ്മും ഡിവൈഎഫ്ഐയും
പത്തനംതിട്ട: പെരുനാട്ടില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയെ വധിച്ച കേസില്‍ പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാരല്ല ആര്‍.എസ്.എസുകാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നീക്കം എട്ടു നിലയില്‍ പൊട്ടി. ഇരുകൂട്ടരും കൊണ്ടു വരുന്ന ന്യായീകരണ ക്യാപ്സ്യൂളുകള്‍ മിനുട്ടുകള്‍ക്കുള്ളില്‍ പൊളിച്ചടുക്കുകയാണ് ബിജെപിയുടെ സൈബര്‍ ഹാന്‍ഡിലുകള്‍. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ മരണം രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം ശ്രമത്തിന് ആദ്യ ദിവസം തന്നെ തിരിച്ചടിയേറ്റിരുന്നു.
പ്രതികളില്‍ ഒരാള്‍ സിഐടിയുക്കാരനും മറ്റു രണ്ടു പേര്‍ ഡിവൈഎഫ്ഐക്കാരുമാണെന്നുള്ള വിവരം പുറത്തു വന്നതോടെ ഇവര്‍ നാലു വര്‍ഷം മുന്‍പ് പാര്‍ട്ടിയിലുണ്ടായിരുന്നുവെന്നും സാമൂഹിക വിരുദ്ധരായതിനാല്‍ മൂന്നു മാസത്തിനകം പുറത്താക്കിയെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മലക്കം മറിഞ്ഞത്. പ്രചാരണങ്ങള്‍ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ടതോടെ ഇന്നലെ ഡിവൈഎഫ്ഐ നേതാക്കളെ തന്നെ പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിന് അയച്ചു. പ്രതികള്‍ ആര്‍എസുഎസുകാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല. പത്രസമ്മേളനം നടത്തി മിനുട്ടുകള്‍ക്കകം ബിജെപി എതിര്‍ പ്രചാരണവുമായി രംഗത്തു വന്നു.
കേസിലെ ഏഴാം പ്രതി മിഥുന്‍ മധുവിനെ 2023 മാര്‍ച്ച് 18 ന് ഡി.വൈ.എഫ്.ഐ മഠത്തുംമൂഴി യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഫേസ് ബുക്ക് കാര്‍ഡ് ബി.ജെ.പി സൈബര്‍ ഹാന്‍ഡിലുകള്‍ പുറത്തു വിടുകയായിരുന്നു. 2021 ഏപ്രിലിലാണ് പ്രതികളായ മിഥുന്‍ മധുവും സുമിത്തും ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നതെന്നും മൂന്നു മാസത്തിനകം ഇരുവരും സംഘടനാ ബന്ധം ഉപേക്ഷിച്ചുവെന്നുമായിരുന്നു ജില്ലാ പ്രസിഡന്റ് ബി. നിസാം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. ഇതിന് പിന്നാലെയാണ് 2023 മാര്‍ച്ചിലെ ഡിവൈഎഫ്ഐ പെരുനാട് എം.സി എന്ന പേജില്‍ വന്ന കാര്‍ഡ് ബി.ജെ.പിക്കാര്‍ പുറത്തു വിട്ടത്. നാലു വര്‍ഷം മുന്‍പ് പുറത്താക്കപ്പെട്ടവര്‍ എങ്ങനെ 2023 ല്‍ യൂണിറ്റ് ഭാരവാഹികള്‍ ആയി? ആറു മാസം മുന്‍പ് നടന്ന ഡി.വൈ.എഫ്.ഐയുടെ പ്രകടനത്തില്‍ ഇവര്‍ എങ്ങനെ പങ്കെടുത്തു എന്നീ ചോദ്യമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.
ഇതോടെ ഡിവൈഎഫ്ഐ പെരുനാട് എംസിയുടെ പേജില്‍ നിന്ന് ഈ കാര്‍ഡ് അപ്രത്യക്ഷമായി. ഒന്നാം പ്രതി നിഖിലേഷ് സിഐടിയുക്കാരനാണെന്ന മാതാവിന്റെ വാദം ചൂണ്ടിക്കാട്ടിയപ്പോള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവര്‍ പറയുന്നതാണ് എന്നായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ വാദം. ജിതിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ വളരെയധികം നേതാക്കള്‍ ബുദ്ധിമുട്ടി. അവര്‍ ഡിവൈഎഫ്ഐയില്‍ നിന്ന് പോയി ബിജെപിയില്‍ ചേര്‍ന്നുവെന്നായിരുന്നു അവകാശവാദം. ഇവര്‍ സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നും ആരോപിച്ചു.
ഇതിനെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ തെളിവു ചോദിച്ചപ്പോള്‍ രണ്ടാം പ്രതി വിഷ്ണു ജനം ടി.വിയുടെ വാര്‍ത്ത ഷെയര്‍ ചെയ്തുവെന്ന കാരണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ നിരത്തിയത്. കൊണ്ടു വന്ന ന്യായീകരണമെല്ലാം പൊളിഞ്ഞതോടെ ജിതിന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് പെരുനാട് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.