തിരുവനന്തപുരം: പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസിന്റെ ജോലി സമ്മര്‍ദ്ദം വീണ്ടും പഠിക്കാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ പോലീസിങ് ഡയറക്‌ട്രേറ്റിന് കീഴിലെ ഹാറ്റ്‌സ് ആണ് പഠനം നടത്തുന്നത്. പലപ്പോഴും ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് വരെ പോലീസ് ഉദ്യേഗസ്ഥരെ നയിക്കുന്നത്. ജോലി സമയം എട്ട് മണിക്കൂര്‍ ആക്കുമെന്ന് പ്രഖ്യാപനം മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പഠനത്തിലൂടെ പോലീസുകാരെ സമ്മര്‍ദങ്ങളില്‍ മോചിപ്പിക്കുകയാണ് ലക്ഷ്യം.

എല്ലാ പോലീസുകാരില്‍നിന്നും ഗൂഗിള്‍ ഫോം വഴി വിവരം ശേഖരിക്കും. ഈ മാസം 28-നു മുന്‍പ് എല്ലാ ഉദ്യോഗസ്ഥരും ഗൂഗിള്‍ ഫോം പൂരിപ്പിച്ചുനല്‍കാന്‍ സോഷ്യല്‍ പോലീസിങ് വിഭാഗത്തിന്റെ ഡയറക്ടര്‍ ഡി.ഐ.ജി. അജിതാ ബീഗം യൂണിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങള്‍ ക്രോഡീകരിക്കില്ല. ശേഖരിക്കുന്നത് ഇവയൊക്കെ: പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, സമ്മര്‍ദം ഉദ്യോഗസ്ഥരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, എന്താണ് പരിഹാരം, ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് ക്വാര്‍ട്ടേഴ്സിലാണോ, കുടുംബത്തില്‍ കിടപ്പുരോഗികളുണ്ടോ, രാത്രിഡ്യൂട്ടി ആഴ്ചയില്‍ എത്രമണിക്കൂര്‍, ആഴ്ചയില്‍ ശരാശരി എത്രമണിക്കൂര്‍ ജോലിചെയ്യുന്നു, അഞ്ചുവര്‍ഷത്തിനിടെ എത്ര സ്ഥലംമാറ്റമുണ്ടായി എന്നിങ്ങനെയുള്ള വിവരങ്ങളാണ് ശേഖരിക്കുക.

അഞ്ചുവര്‍ഷത്തിനിടെ തൊണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണവും ജോലിസമ്മര്‍ദമാണെന്നാണ് ആക്ഷേപം. ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കുകയും ചെയ്തിരുന്നു. സേനയിലെ ആള്‍ക്ഷാമം ജോലിഭാരത്തോടൊപ്പം സമ്മര്‍ദം കൂട്ടുന്നതായി പോലീസ് സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. പോലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിനും മറ്റുമായി ആരംഭിച്ച ഹാറ്റ്സ് വഴി ഇതുവരെ ആറായിരത്തോളം ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ് നേടിയിട്ടുണ്ട്.