തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. കെ കരുണാകരന്‍ എന്ന ശക്തനായ നേതാവിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗങ്ങള്‍ അവസരമായി ഉപയോഗിക്കുകായിരുന്നു ഈ കേസ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക നിരാശയില്‍ നിന്നും പിറവിയെടുത്ത കേസാണ് ഇതെന്നാണ് അക്കാലത്ത് ചാരക്കേസ് മലയാള മനോരമയ്ക്ക് വേണ്ടി റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തുന്നത്. സജീവ മാധ്യമപ്രവര്‍ത്തന രംഗത്തു നിന്നും പിന്‍വാങ്ങിയ ശേഷം ജോണ്‍ മുണ്ടക്കയം രചിച്ച പുസ്തകം നാളെ പ്രകാശനം ചെയ്യും. ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് 'ചാരം'.

ചാരക്കേസിന്റെ പിറവിയെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ പുസ്തകത്തില്‍ ഉള്‍പ്പെടും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പ്രകാശനം ചെയ്യുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ 'ചാരം.'മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ആദ്യപ്രതി ഏറ്റുവാങ്ങും. അക്കാലത്ത് കേസലെ വിവാദ നായകനായിരുന്നു രമണ്‍ ശ്രീവാസ്തവ. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചടങ്ങില്‍ സംബന്ധിക്കും.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക നിരാശയില്‍ നിന്ന് ഉടലെടുത്ത കേസ് പല ഘട്ടങ്ങളില്‍ ഐ ബി മുതല്‍ രാഷ്ട്രീയക്കാര്‍വരെ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിച്ചു ചാരക്കേസാക്കി വളര്‍ത്തിയെന്ന് ചാരം പുസ്തകത്തില്‍ പറയുന്നത്. പില്‍കാലത്ത് വെള്ളരിപ്രാവുകള്‍ ചമഞ്ഞ ദേശാഭിമാനിയാണ് അക്കാലത്ത് ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്ത്. ദേശാഭിമാനിയും തനിനിറവുമാണ് ചാരക്കേസ് ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്ന് മുണ്ടക്കയം തന്റെ പുസ്തകത്തില്‍ പറയുന്നു.

ചരക്കേസില്‍ സിബിഐ കുറ്റവിമുക്തരാക്കിയ പ്രതികളെ വീണ്ടും കുറ്റവാളികളാക്കാനും ജയിലില്‍ അടയ്ക്കാനും നീക്കം നടത്തിയത് ഇടത് സര്‍ക്കാര്‍.രണ്ട് പതിറ്റാണ്ടിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി ഉത്തരവാദിയായപ്പോള്‍ അതെ നമ്പി നാരായണനെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി ആദരിച്ചതും ഇടതു സര്‍ക്കാര്‍ തന്നെയായിരുന്നു. ചാരക്കേസ് രൂപം കൊണ്ടതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെങ്കിലും രമണ്‍ ശ്രീവാസ്തവയെ ചാരക്കേസില്‍ പെടുത്തി കരുണാകരന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും പങ്കാളികളായിരുന്നുവെന്നും എഴുത്തുകാരന്‍ പറഞ്ഞു വെക്കുന്നു.

ചിലരുടെ മസ്തിഷ്‌കത്തില്‍ ഊടും പാവും നല്‍കിയ ചരക്കേസില്‍ ഒരു ഒരു ഘട്ടത്തില്‍ രമണ്‍ ശ്രീവാസ്തവയെ കരുവാക്കി, കരുണാകരനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റൊരു ഐജിയെ രക്ഷിക്കുന്നതിന്നു വേണ്ടി കേസുമായി ഒരു ബന്ധവുമില്ലാത്ത തന്നെ എങ്ങനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നു ഗ്രന്ഥകര്‍ത്താവിനോട് ഐ ജി രമണ്‍ ശ്രീവാസ്തവ പറഞ്ഞത് പുസ്തകത്തിലെ പുതിയ വെളിപ്പെടുത്തലാണ്.

ചരക്കേസില്‍ മറിയം റഷീദിക്കുവേണ്ടി ശുപാര്‍ശ നടത്തിയമറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ അന്ന് മധ്യ മേഖല ഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന്റെ പിന്നാമ്പുറ കഥകള്‍ പുസ്തകത്തില്‍ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐയുടെ ഒരു ഉദ്യോഗസ്ഥന്‍, പത്രലേഖകന്റെ വേഷത്തില്‍ നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിയത് ഉള്‍പ്പെടെ നിരവധി നാടകീയ സംഭവങ്ങളും പുസ്തകത്തിലുണ്ട്.

മറിയം റഷീദയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത മാലിയിലെ ദിവേഗി ഭാഷയിലുള്ള ഡയറിക്കുറിപ്പുകളില്‍ നിന്ന് , കുടത്തില്‍ നിന്ന് ഭൂതത്തെ എന്നപോലെ എങ്ങനെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഒരു രാജ്യാന്തര ചാര ശൃംഖലയുടെ കഥ മെനഞ്ഞെടുത്തു എന്നാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നത്. മറിയവും ഫൗസിയയും ഉള്‍പ്പെട്ട പ്രതികളെ ചാരക്കഥയിലെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍, അവരെ എങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നും മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മൊഴികള്‍ ഉണ്ടാക്കി എന്നും പുസ്തകം വിശകലനം നടത്തുന്നു.

ഐബിയുടെ ചോദ്യം ചെയ്യലില്‍ മറിയവും ഫൗസിയും നല്‍കിയതായി പറയുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരായ നമ്പി നാരായണനെയും ശശികുമാറിനെയും അറസ്റ്റ് ചെയ്തത്.ആ മൊഴികള്‍ എങ്ങനെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചെടുത്തു എന്നതിന്റെ ഞെട്ടിക്കുന്ന കഥകളും 'ചാരം' വിശദീകരിക്കുന്നു.

ചാര കേസിന്റെ തുടക്കത്തില്‍ എങ്ങനെ ഊതിപ്പെരുപ്പിച്ച വാര്‍ത്തകളില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ അകന്നുനിന്നു എന്നും ഒടുവില്‍ പ്രചാരണത്തിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ അവര്‍ എങ്ങനെ വീണു പോയി എന്നും പുസ്തകത്തിലുണ്ട്. ക്രിമിനല്‍ നിയമത്തിലെ ചട്ടങ്ങള്‍ എങ്ങനെ പൗരാവകാശ ലംഘനത്തിനു മറയാക്കുന്നു എന്നതിലേക്കും അന്വേഷണ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും എങ്ങനെ വഴിതെറ്റുന്നു എന്നതിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നുണ്ട്.

കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഉദയവും ചരിത്രവും പുസ്തകത്തിന്റെ ഭാഗമാണ്. അന്വേഷണ ഏജന്‍സികളായ ഐ ബി, സിബി ഐ എന്നിവയുടെ അധികാര വ്യാപ്തിയും പരിമിതികളും രേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. മറിയം റഷീദയുടെ പ്രതിരൂപമായി ഐബി കണ്ട, ഒന്നാം ലോകമഹായുദ്ധ കാലത്തെ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥയും അവരുടെയും മറിയത്തിന്റെ ജീവിതവുമായുള്ള താരതമ്യവും ഇതില്‍ രസകരമായി പ്രതിപാദിക്കുന്നു.

മാധ്യമ പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ പ്രജേഷ് സെന്‍ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ അടക്കം ചാരക്കേസിനെക്കുറിച്ച് പുസ്തകങ്ങള്‍ പലതും വന്നിട്ടുണ്ട്. എന്നാല്‍ ഈ കേസ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ തന്നെ അതിലെ വീഴ്ചകള്‍ തുറന്നുപറയുന്നു എന്നതാണ് ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകത്തിന്റെ പ്രത്യേകത. റിപ്പോര്‍ട്ടറായി തുടങ്ങി, പിന്നീട് മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫും ആയി അടുത്തകാലത്താണ് ജോണ്‍ വിരമിച്ചത്.

ടോട്ട്ബുക്ക്‌സാണ് 'ചാര'ത്തിന്റെ പ്രസാധകര്‍. കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുഴുവന്‍ പുസ്തകത്തിന്റെ അവസാന താളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വായിക്കാം എന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്.