കൊച്ചി: ജോജു ജോര്‍ജിന്റെ പണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. സിനിമയെ കുറിച്ച് റിവ്യൂ ഇട്ട ആദര്‍ശിനെയും ജോജുവിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതലും ആളുകള്‍ ആദര്‍ശിനെയാണ് അനുകൂലിക്കുന്നത്. സിനിമ കണ്ടപ്പോള്‍ തനിക്ക് നെഗറ്റീവ് ആയി തോന്നിയ കാര്യം പറഞ്ഞതിനാണ് ജോജു ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കണ്ട കാര്യം മോശമാണെങ്കില്‍ അത് മോശമാണെന്ന് പറയാനുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് പറയുന്നതില്‍ എന്തിനാണ് രോഷകുലനാകുന്നത്. ആദര്‍ശ് ആ ചിത്രത്തില്‍ ഒരു നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ എന്തുകെണ്ട് ആ നിലപാട് എടുത്തു എന്ന കാര്യം വ്യക്തമായും പറയുന്നുണ്ട്. താന്‍ ഇട്ട് ഒരു പോസ്റ്റിന്റെ പേരില്‍ ജോജുവിന് അയാളെ വിളിച്ച് ഭീഷണിപ്പെടുത്താനോ ചീത്തവിളിക്കാനോ ഉള്ള സ്വതന്ത്രം ഇല്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നല്ല പടം എന്ന അദ്ദേഹം തന്നെ പറഞ്ഞ സിനിമയുടെ മികവില്‍ അദ്ദേഹത്തിന് തന്നെ ഉറപ്പില്ലെന്ന് വേണം കരുതാന്‍.

തന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ജോജു പറയുന്നതില്‍ ഒരു കഴമ്പും ഇല്ല. സാക്ഷാല്‍ പ്രധാനമന്ത്രിയെ പോലും വിമര്‍ശിക്കുന്ന ഈ രാജ്യത്ത് ജോജുവിനെ പോലുള്ള സ്റ്റാറുകള്‍ എത്ര ചിലച്ചാലും വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിക്കുക തന്നെ ചെയ്യും. അത് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റു. വിമര്‍ശനം ഇഷ്ടപ്പെടുന്നില്ലാ എങ്കില്‍ ജോജുവിന് മാത്രമായി ഒരു രാജ്യവും നിയമവും ഉണ്ടാക്കി രാജാവായി വിലസിക്കോളു. അല്ലാതെ വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറിവിളിക്കാനും ഭീഷണിപ്പെടുത്താനും ഇന്ത്യ എന്ന രാജ്യത്ത് സമ്മതിക്കില്ല.

പണി എന്ന ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചത് പഴയകാല ബി-ഗ്രേഡ് സിനിമകളിലെപ്പോലെ അപക്വമായും സ്ത്രീകഥാപാത്രത്തെ ഉപഭോഗവസ്തുവാക്കുന്നതുപോലെയുമാണെന്നായിരുന്നു രണ്ടുദിവസംമുന്‍പ് സാമൂഹികമാധ്യമത്തില്‍ ആദര്‍ശ് കുറിപ്പിട്ടത്. വെള്ളിയാഴ്ച രാത്രിയാണ് ജോജു വാട്സാപ്പ് കോളില്‍ ആദര്‍ശിനെ വിളിച്ച് തന്റെമുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ചത്. കാണാമെന്ന വെല്ലുവിളിയോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.

ജോജുവിന്റെ ഭീഷണി വിലപ്പോവില്ലെന്നും മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍വേണ്ടി പങ്കുവെക്കുന്നുവെന്നും പറഞ്ഞാണ് ആദര്‍ശ് ഫോണ്‍സംഭാഷണം പുറത്തുവിട്ടത്. ആദര്‍ശ് സിനിമയെ ബോധപൂര്‍വം തരംതാഴ്ത്താന്‍ ശ്രമിച്ചെന്നും അതിനെതിരേയാണ് പ്രതികരിച്ചതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ ജോജു പിന്നീട് വിശദീകരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു. അതിന്റെപേരില്‍ രണ്ടുവര്‍ഷം അധ്വാനിച്ചുണ്ടാക്കിയ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പുറത്തുവിട്ടത് ശരിയല്ല. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ആദര്‍ശിനെ അനുകൂലിച്ച് കെഎസ്‌യുവും രംഗത്ത് എത്തിയിരുന്നു.