തിരുവല്ല: മാര്‍പാപ്പയെ കാണുമ്പോള്‍ പറയുന്നതിനായി ഇറ്റാലിയന്‍ ഭാഷ പഠിച്ചതും അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ അത് പറഞ്ഞതുമൊക്കെ കൂട്ടിച്ചേര്‍ത്ത് മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ ജോസഫ് എം. പുതുശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ഇന്ത്യാ സന്ദര്‍ശനം നടക്കാതെ പോയതിന്റെ കാരണം നമ്മുടെ നിര്‍ഭാഗ്യമാണെന്നും പുതുശേരി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങുമ്പോള്‍ സര്‍വ സ്വീകാര്യതയുടെ മഹത്തായ മാതൃക എഴുതിച്ചേര്‍ത്ത അദ്ധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

അന്ന് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കര്‍ദിനാള്‍മാരുടെ യോഗം നടക്കുമ്പോള്‍ വെളുത്ത പുക വരുന്നതിനുമുമ്പ് മാധ്യമങ്ങള്‍ 14 പേരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു. അദ്ദേഹത്തെയാണ് മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു വെന്ന് പുതിയ മാര്‍പാപ്പ സ്വജീവിതത്തിലൂടെ തെളിയിച്ചു. വ്യത്യസ്ത വീക്ഷണം ഉള്ളവരും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവരും അടക്കം എല്ലാവരും അദ്ദേഹത്തിന്റെ നടപടികളെ വാഴ്ത്തി പാടിയത് അതിന്റെ നിദര്‍ശനം.

ഒരിക്കല്‍ വത്തിക്കാനില്‍ വച്ച് അദ്ദേഹത്തെ കൂടിക്കാണാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അസുലഭ ഭാഗ്യവും അവിസ്മരണീയ മുഹൂര്‍ത്തവുമായി നിലനില്‍ക്കുന്നു. 2017ല്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ വച്ച് നടന്ന ഇന്റര്‍ പാര്‍ലമെന്ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സിയുടെ(ഐഎഓ) 24-ാമത് വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണിത് സംഭവിച്ചത്. കര്‍ദിനാള്‍ ക്ലീമിസ് തിരുമേനിയാണ് അതിനവസരം ഒരുക്കിയത്.

'ബോന്‍ ജോര്‍ണോ' (ഗുഡ് മോര്‍ണിംഗ്) എന്നു തുടങ്ങി 'തൂത്തി ഇന്ത്യാനി അസ്പെത്താത്തി പെര്‍ ലാ സുവാ പ്രസന്‍സാ എ ലാ ബെനദിക് സിയോനേ' ( ഇന്ത്യയില്‍ വന്ന് തങ്ങളെ അനുഗ്രഹിക്കണമെന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അദ്ദേഹത്തോട് പറയുമ്പോള്‍ എനിക്കുണ്ടായ അഭിമാനം വലുതായിരുന്നു.'സോനോ വിച്ചീനോ ദി കാര്‍ഡിനല്‍ ക്ലിമിസ് ' (കര്‍ദിനാള്‍ ക്ലീമിസിന്റെ അയല്‍ക്കാരനാണ്) എന്നു കൂടി പറയുമ്പോള്‍ മാര്‍പാപ്പ എന്റെ ഇരു കരങ്ങളും ഗ്രഹിച്ച് ശ്രദ്ധയോടെ എനിക്ക് ചെവി കൂര്‍പ്പിക്കുകയായിരുന്നു.

'പിതാവിനെ കാണാന്‍ പുതുശ്ശേരി ഇറ്റാലിയന്‍ ഭാഷ പഠിക്കുകയായിരുന്നു' എന്നു ക്ലീമ്മിസ് തിരുമേനി അപ്പോള്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം കരം അമര്‍ത്തി, ഒരു അംഗീകാരമോ അഭിനന്ദനമോ പോലെ. ഞാന്‍ സമ്മാനിച്ച ശ േ @ സമഹഹീീുുമൃമ . രെവീീഹ െഎന്ന ഇംഗ്ലീഷ് പുസ്തകത്തില്‍ ശ്രദ്ധയോടെ കണ്ണോടിച്ചു. പേജുകള്‍ മറിച്ചു നോക്കി. അത് പൂര്‍ത്തിയായെന്നു തോന്നിയപ്പോള്‍ ഞാന്‍ കയ്യില്‍ കരുതിയിരുന്ന ജപമാല നീട്ടി. അദ്ദേഹം അത് വാഴ്ത്തി തന്നു. വിട വാങ്ങുമ്പോഴേക്കും വീണ്ടും എന്റെ നേരെ കൈ ഉയര്‍ത്തി എന്നെ അനുഗ്രഹിച്ചു. ഇതിനേക്കാള്‍ വലിയൊരു ജീവിതസാഫല്യം എന്താണ് ? വാക്കുകൊണ്ടും പ്രവൃര്‍ത്തികൊണ്ടും ദൈവവഴിയില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പായുമായുള്ള ഈ സാമിപ്യവും ഇടപെടലും ദിവ്യാനുഗ്രഹത്തിന്റെ മറ്റൊരു ലോകത്തേക്കാണ് എന്നെ ആനയിച്ചത്.

പരിശുദ്ധ പിതാവ് വിടവാങ്ങു മ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഈ സ്മരണകള്‍ എന്റെ മനോമുകുരത്തില്‍ നിറഞ്ഞുതുളുമ്പുന്നു.ഒരു ഊര്‍ജ്ജ പ്രവാഹത്തിന്റെ സന്നിവേശം പോലെ. ഒരു നിരാശ മാത്രം ബാക്കി നില്‍ക്കുന്നു.പരിശുദ്ധപിതാവിന്റെ ഇന്ത്യാ സന്ദര്‍ശനം നടന്നില്ലെന്ന കാര്യം. ശ്രീലങ്കയും ബംഗ്ലാദേശും മ്യാന്‍മറും അടക്കമുള്ള അയല്‍ രാജ്യങ്ങളിലൊക്കെ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ഇംഗിതം 2016 ഒക്ടോബറില്‍ തന്നെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഔദ്യോഗിക ക്ഷണം യഥാസമയം നടത്താതെ വൈകിപ്പിച്ചതാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും സന്ദര്‍ശനം നടക്കാതെ പോയതിന്റെ കാരണം. നമ്മുടെ നിര്‍ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍. ഇതിനുത്തരവാദികളായവരാണ് അതിനു മറുപടി നല്‍കേണ്ടത്.