തിരുവനന്തപുരം: നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തില്‍ മുങ്ങിമറഞ്ഞ ശുചീകരണ തൊഴിലാളി എന്‍.ജോയി(47)യുടെ മൃതദേഹം കണ്ടെത്തി. തകറപറമ്പ് ഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം പൊങ്ങിയത് കണ്ടെടുത്ത മൃതദേഹം ജോയിയുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം ജീര്‍ണാവസ്ഥയിലായ നിലയിലാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാവികസേനയും ചേര്‍ന്ന് ജോയിക്കായി തിരിച്ചില്‍ ആരംഭിച്ചതിനിടെയാണ് കനാലിന്റെ മറ്റൊരു വശത്ത് മൃതദേഹം പൊങ്ങിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോയിക്കായി രണ്ടു രാത്രിയും രണ്ടു പകലും നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ജോയി ഒഴുകി പോയത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമായിരുന്നില്ല. മൂന്നാം ദിവസമായ ഇന്ന് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തിരിച്ചില്‍ തുടങ്ങിയിരുന്നു. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങിയത്.

ഇന്നലെ എന്‍ഡിആര്‍എഫും, ഫയര്‍ഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജീവന്‍ പണയംവച്ചു മലിനജലത്തില്‍ മുങ്ങിയും നീന്തിയും മാലിന്യങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തിയെങ്കിലും ജോയി എവിടെ എന്ന് വ്യക്തമായിരുന്നില്ല.

ശനിയാഴ്ച രാവിലെ 11നാണു ജോയിയെ ഒഴുക്കില്‍പെട്ടു കാണാതായത്. ആദ്യ ദിവസം രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നലെ രാവിലെ ആറരയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകള്‍ രാവിലെ നടത്തിയ പരിശോധനയില്‍ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളില്‍ മനുഷ്യന്റെ കാലുകള്‍ പോലുള്ള ദൃശ്യം കണ്ടതു പ്രതീക്ഷയുയര്‍ത്തി. എന്നാല്‍, സ്‌കൂബ സംഘത്തിന്റെ പരിശോധനയില്‍ അതു മനുഷ്യനല്ലെന്നു സ്ഥിരീകരിച്ചു.

അഗ്നിരക്ഷാസേന, സേനയുടെ ഭാഗമായ സ്‌കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന എന്നിവരടങ്ങിയ രക്ഷാസംഘം പലഘട്ടങ്ങളിലായി റെയില്‍വേ പ്ലാറ്റ്ഫോമിനടിയിലെ 120 മീറ്ററോളം നീളമുള്ള ടണലില്‍ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാന്‍ ജലസേചനവകുപ്പിന്റെ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തും വെള്ളം കെട്ടിനിര്‍ത്തിയശേഷം തുറന്നുവിട്ടും ശ്രമം നടത്തി. ദൗത്യം അതീവ ദുഷ്‌കരമെന്നു മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കനാലിന്റെ ഒരു വശത്ത പൊങ്ങിയത്.