- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; റെയിൽവേയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി

ലഖ്നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 9.10 ലക്ഷം രൂപയാണ് നഷ്ടപെയ്‌ഹാരമായി നൽകേണ്ടത്. ബസ്തി സ്വദേശിനിയായ സമൃദ്ധിക്ക് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ലഭിച്ചത്.
45 ദിവസത്തിനകം നഷ്ടപരിഹാരത്തുക കൈമാറണമെന്നും, ഈ സമയപരിധിക്കുള്ളിൽ വീഴ്ചവരുത്തിയാൽ 12 ശതമാനം പലിശകൂടി നൽകേണ്ടി വരുമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമൃദ്ധിയുടെ അഭിഭാഷകൻ പ്രഭാകർ മിശ്ര മാധ്യമങ്ങളെ അറിയിച്ച വിവരമനുസരിച്ച്, 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബിഎസ്‌സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതാനാണ് സമൃദ്ധി ബസ്തിയിൽ നിന്ന് ലഖ്നൗവിലേക്ക് ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ലഖ്നൗവിലെ ജയ്നാരായൺ പിജി കോളേജായിരുന്നു പരീക്ഷാ കേന്ദ്രം. രാവിലെ 11 മണിയോടെ ലഖ്നൗവിൽ എത്തേണ്ടിയിരുന്ന ട്രെയിൻ അന്നേദിവസം രണ്ടര മണിക്കൂറോളം വൈകിയാണ് എത്തിയത്. 12:30-ന് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന സമൃദ്ധിക്ക്, ട്രെയിൻ വൈകിയതിനാൽ സമയത്ത് എത്താനും പരീക്ഷ എഴുതാനും കഴിഞ്ഞില്ല. ഈ പരീക്ഷയ്ക്കായി സമൃദ്ധി ഒരു വർഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമൃദ്ധി അഭിഭാഷകൻ വഴി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. റെയിൽവേ മന്ത്രാലയത്തിനും ജനറൽ മാനേജർക്കും സ്റ്റേഷൻ സൂപ്രണ്ടിനും കമ്മിഷൻ നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട്, ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കമ്മിഷൻ, സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു. ട്രെയിൻ വൈകിയെന്ന് റെയിൽവേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ അവർക്ക് കഴിഞ്ഞില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.


