കൊച്ചി: എസ് എന്‍ ഡി പി യോഗത്തില്‍ ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രാഥമിക നടപടി വോട്ടര്‍മാരെ തിരിച്ചറിയലാണ്. വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ എസ്.എന്‍.ഡി.പി. യോഗത്തെ ഹൈക്കോടതി ചുമതലപ്പെടുത്തി. എല്ലാ ശാഖായോഗങ്ങളില്‍നിന്ന് അംഗത്വലിസ്റ്റ് സ്വീകരിച്ച് ഒന്നിച്ചുചേര്‍ത്ത് ഒരു പട്ടികയാക്കാനാണ് ജസ്റ്റിസ് ടി.ആര്‍. രവിയുടെ ഉത്തരവ്.

അംഗങ്ങളുടെ വിലാസം, തിരിച്ചറിയല്‍രേഖയുടെ വിവരങ്ങള്‍ എന്നിവയും പട്ടികയില്‍ വേണം. ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എസ്.എന്‍.ഡി.പി. യോഗം ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെയൊ റിസീവറെയൊ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയമനങ്ങള്‍ നടത്തുന്നത് തടയണമെന്നും യൂണിയന്‍, ശാഖാ ഭാരവാഹികള്‍ക്കെതിരേ അച്ചടക്കനടപടികളെടുക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു, അഡ്വ. എം.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കുന്ന നിരീക്ഷകനെയും റിട്ടേണിങ് ഓഫീസറെയും സഹായിക്കാനായുള്ള കമ്മിറ്റിയില്‍ യോഗം നിര്‍ദേശിച്ച അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെയും എ. സോമരാജനെയും ഹര്‍ജിക്കാര്‍ നിര്‍ദേശിച്ച അഡ്വ. എന്‍.ഡി. പ്രേമചന്ദ്രനെയും പി.പി. മധുസൂദനനെയും ഉള്‍പ്പെടുത്താനും അനുമതി നല്‍കി. ഹര്‍ജി ഒരുമാസംകഴിഞ്ഞ് വീണ്ടും പരിഗണിക്കും.

എസ്എന്‍ഡിപി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാന്‍ അവകാശമുണ്ടെന്ന് 2022 ജനുവരി 24-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അംഗങ്ങളുടെ വോട്ടവകാശം പരിമിതപ്പെടുത്തി പ്രാതിനിധ്യ വോട്ടവകാശം അംഗീകരിച്ച 1974-ലെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം അനുവദിച്ചത്.

തുടക്കകാലത്ത് എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് 100 സ്ഥിരാംഗങ്ങളില്‍ ഒരാള്‍ക്കായി വോട്ടവകാശം. 1999-ല്‍ ബൈലോ ഭേദഗതിചെയ്ത് 200 അംഗങ്ങളില്‍ ഒരാള്‍ക്കുമാത്രം വോട്ടവകാശം നല്‍കി. 32 ലക്ഷം അംഗങ്ങളുണ്ടെന്നാണ് യോഗം ഹൈക്കോടതിയില്‍ വാദിച്ചത്. 2022 ഫെബ്രുവരിയില്‍ യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താനിരിക്കേയായിരുന്നു ഹൈക്കോടതി വിധിവന്നത്

കേസിന്റെ ചരിത്രം ഇങ്ങനെ

1956-ലെ കേന്ദ്ര കമ്പനി നിയമപ്രകാരമാണ് എസ്.എന്‍.ഡിപി യോഗം പ്രവര്‍ത്തിച്ചുവന്നത്. 1961- ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ട് നിലവില്‍ വന്ന ശേഷവും സംസ്ഥാനത്തിനു പുറത്തും യൂണിയനുകളും ശാഖകളും ഉണ്ടായിരുന്നതിനാല്‍ 2005 വരെ റിട്ടേണുകള്‍ സമര്‍പ്പിച്ചത് കമ്പനി രജിസ്ട്രാര്‍ക്കാണ്.

1966-ല്‍ കൊണ്ടുവന്ന, നൂറ് സ്ഥിരാംഗങ്ങള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ പ്രാതിനിദ്ധ്യ തിരഞ്ഞെടുപ്പു വ്യവസ്ഥ കമ്പനി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി 1972- ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇത് അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അവരെ സമീപിക്കാമെന്നും വിധിച്ചു. തുടര്‍ന്ന് അന്നത്തെ ജനറല്‍ സെക്രട്ടറി പി എസ്. വേലായുധന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ 1974- ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രാതിനിധ്യ തിരഞ്ഞെടുപ്പ് അനുവദിച്ചു.

ഒരു യൂണിയനില്‍ നിന്ന് 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന തരത്തില്‍ 1999- ല്‍ ഇതു വീണ്ടും ഭേദഗതി ചെയ്തു. ഈ രണ്ടു നടപടികളുമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. 1961- ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം എസ്.എന്‍.ഡി.പി യോഗത്തിന് ചട്ടങ്ങളില്‍ ഇളവ് അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരല്ലെന്നും സംസ്ഥാന സര്‍ക്കാരാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഇത് സിംഗിള്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ 1974-ലെ ഉത്തരവ് നിയമപരമല്ലെന്ന് വിധിക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത ഹൈക്കോടതി, ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പി യോഗം ഇതുവരെ നടത്തിയ പൊതുയോഗങ്ങളും തിരഞ്ഞെടുപ്പുകളും അസാധുവാകില്ലെന്നും വ്യക്തമാക്കിയിരുന്നു.