തിരുവനന്തപുരം: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി വാ പൊത്തി പിടിച്ചു പീഡിപ്പിച്ച കേസ്സില്‍ ബന്ധുവായ പ്രതി സുരേഷിന് (45) അറുപത്തിനാല് വര്‍ഷം കഠിന തടവും 30,000 രൂപ പിഴക്കും തിരുവനന്തപരും അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം കഠിന തടവുഅനുഭവിക്കണം.

2019 സെപ്റ്റംബര്‍ മുപ്പതിന് കുട്ടിയുടെ കൊച്ചിച്ചന്‍ മരിച്ച ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൃതദേഹ സംസ്‌കാരം കഴിഞ്ഞ് വീടിന്റെ മുകള്‍ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈ കൊണ്ട് വാ പൊത്തി പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറഞ്ഞു ഭീഷണിപെടുത്തി.

സംഭവത്തിന് ശേഷം പീഡിപ്പിച്ചു എന്ന സംഭവം പറയാതെ പ്രതി തന്നെ കെട്ടിപിടിച്ചു എന്ന് വീട്ടില്‍ ഉണ്ടായിരുന്ന അമ്മൂമ്മയോട് കുട്ടി പറഞ്ഞു. ഇതറിഞ്ഞ അമ്മൂമ്മ പ്രതിയെ അവിടെ വെച്ചു മര്‍ദിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോള്‍ ആണ് കുട്ടി പീഡനത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. അടുത്ത ബന്ധു കൂടിയായ പ്രതി ചെയ്ത പ്രവൃത്തി ന്യായീകരിക്കാന്‍ പറ്റാത്തതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വര്‍ദ്ധിക്കും എന്ന് കോടതി പറഞ്ഞു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍, അഡ്വക്കേറ്റ് നിവ്യ റോബിന്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തറിച്ചു. 22 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. വലിയതുറ സി ഐമാര്‍ ആയിരുന്നു ടി ഗിരിലാല്‍, ആര്‍ പ്രകാശ് എന്നിവര്‍ ആണ് അന്വേഷണം നടത്തിയത്.


പ്രതിയെ കുട്ടിയുടെ അമ്മ കോടതി വളപ്പില്‍ വെച്ച് മര്‍ദ്ദിച്ചു

വിചാരണ വേളയില്‍ ഇരയായ കുട്ടിയുടെ അമ്മ പ്രതിയെ മര്‍ദിച്ചു. അമ്മയെ വിസ്തരിച്ചതിന് ശേഷമായിരുന്നു സംഭവം. എന്റെ മോളെ നീ തൊടുവോടാ എന്ന് പറഞ്ഞ് പക്കലുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് അടിച്ചു. അടിയേറ്റ് തറയില്‍ വീണ പ്രതിയെ കണ്ട് നിന്നവരാണ് എണീപ്പിച്ചത്.