- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാഹനം ഇടിച്ചതിന് നേരിട്ടു തെളിവുകളോ സാക്ഷിമൊഴികളോ സിസി ടിവി ദൃശ്യങ്ങളോ ഇല്ല; കിളിമാനൂരില്‍ വയോധികന്റെ മരണത്തില്‍ പാറശാല എസ്.എച്ച്.ഒയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി; സസ്പെന്‍ഷനില്‍ കഴിയുന്ന അനില്‍ കുമാറിന് ആശ്വാസവിധി
പാറശാല എസ്.എച്ച്.ഒ അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി
തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനം ഇടിച്ച് മരിച്ചുവെന്ന് സംശയിക്കുന്ന വയോധികന്റെ കേസില്‍, മുന്‍ പാറശാല എസ്.എച്ച്.ഒ അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി. വാഹനം ഇടിച്ചതിന് നേരിട്ടുള്ള തെളിവുകളോ, സാക്ഷിമൊഴികളോ, സി.സി.ടി.വി ദൃശ്യങ്ങളോ ലഭ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിധി.
ഈ കേസില്‍ അനില്‍കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. റൂറല്‍ എസ്.പി.യുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നടപടി. കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ആദ്യഘട്ടത്തിലെ കണ്ടെത്തലുകള്‍. തുടര്‍ന്നാണ് എസ്.എച്ച്.ഒയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കിളിമാനൂര്‍ സ്വദേശിയായ രാജനാണ് അപകടത്തില്‍ മരിച്ചത്. ഒന്നര മണിക്കൂറോളമാണ് അദ്ദേഹം ചോരയൊലിച്ച് റോഡില്‍ കിടന്നത്. പിന്നീട്, രാജനെ ഇടിച്ചത് പാറശാല എസ്.എച്ച്.ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചിരുന്നു. തിരുവല്ലം ടോള്‍ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. അപകടത്തിനു ശേഷം വാഹനം വര്‍ക്ക്ഷോപ്പില്‍ പെയിന്റ് ചെയ്യുകയും മിറര്‍ മാറ്റുകയും ചെയ്ത ശേഷം സ്റ്റേഷനില്‍ എത്തിച്ചതായും അന്വേഷണ സംഘം ആരോപിച്ചിരുന്നു.
സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം. ബിഎന്‍എസ് പ്രകാരം പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 ന്് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് സൂചന. അപകടത്തിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറിയിരുന്നു.