- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര ചെയ്യാനായില്ല; ടിക്കറ്റ് റദ്ദായപ്പോള്‍ ഇന്‍ഡിഗോ തുക റീഫണ്ട് ചെയ്തെങ്കിലും കോട്ടയം സ്വദേശിക്ക് കൈമാറിയില്ല; ബുക്കിങ് ഏജന്‍സിയായ മേക്ക് മൈ ട്രിപ്പ് യാത്രക്കാരന് 32000/ രൂപ നഷ്ടപരിഹാരം നല്‍കണം
യാത്രക്കാരന് 32000/ രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നല്‍കാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസില്‍, ഓണ്‍ലൈന്‍ യാത്രാബുക്കിങ് പ്ലാറ്റ്ഫോമായ മേക്ക് മൈ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് 32,284/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കോട്ടയം സ്വദേശിയും മുതിര്‍ന്ന പൗരനും റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനുമായിരുന്ന എം ടി തോമസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി മാസത്തില്‍ പരാതിക്കാരന്‍ മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എന്നാല്‍ വിമാന കമ്പനി രണ്ട് തവണ ഫ്‌ലൈറ്റ് റീഷഡ്യൂള്‍ ചെയ്തപ്പോള്‍, ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹം യാത്ര റദ്ദാക്കി. ടിക്കറ്റ് റദ്ദായതിനാല്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് 7,284/ രൂപയുടെ റീഫണ്ട് മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും, തുക ഉപഭോക്താവിന് നല്‍കിയില്ല.
റീഫണ്ടിനായി പരാതിക്കാരന്‍ പലതവണ ആവശ്യപ്പെടുകയും, വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, എതിര്‍കക്ഷി റീഫണ്ട് നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. മേക്ക് മൈ ട്രിപ്പ് സേവനത്തില്‍ വീഴ്ച വരുത്തിയതായും റീഫണ്ട് തുക കൈപ്പറ്റിയ ശേഷം അത് ഉപഭോക്താവിന് നല്‍കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഫെസിലിറ്റേറ്റര്‍' മാത്രം ആണെന്ന മേക്ക് മൈ ട്രിപ്പിന്റെ വാദം തള്ളിക്കൊണ്ട്, ഒരു ഇടപാടില്‍ നേരിട്ട് പങ്കാളിയാകുന്ന സേവനദാതാവിന് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍ ടി. എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മുതിര്‍ന്ന പൗരനായ പരാതിക്കാരന്‍ മാനസിക ബുദ്ധിമുട്ടുകളും, സമയനഷ്ടവും, സാമ്പത്തിക നഷ്ടവും നേരിട്ടതായി കോടതി വിലയിരുത്തി. ചെറിയൊരു തുക തിരികെ ലഭിക്കാന്‍ വേണ്ടിപ്പോലും അദ്ദേഹത്തിന് മാസങ്ങളോളം ബുദ്ധിമുട്ടേണ്ടിവന്നു. ഇത് ഉപഭോക്താവിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും, ഇത്തരം വീഴ്ചകള്‍ക്കെതിരെ ഉപഭോക്തൃ കോടതികള്‍ നിലകൊള്ളുമെന്നും വിധിയില്‍ പറയുന്നു.
പരാതിക്കാരന് റീഫണ്ട് തുകയായ 7,284 രൂപ തിരികെ നല്‍കണം. കൂടാതെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 20,000 രൂപയും, കോടതി നടപടികളുടെ ചെലവുകള്‍ക്കായി 5,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.