- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം
ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ, ജില്ലാ ശാസ്ത്ര മേളയില്‍ പ്രവൃത്തിപരിചയ മത്സരത്തില്‍, ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിനിക്ക് സംസ്ഥാന തല ശാസ്ത്രമേളയില്‍ പങ്കെടുക്കാം. 'ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവര്‍ഗ സംസ്‌കരണത്തില്‍' ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങല്‍ സി എസ് ഐ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി യു ദേവിനയ്ക്കാണ് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അവസരം.
കഴിഞ്ഞ വര്‍ഷവും ഈ ഇനത്തില്‍ സംസ്ഥാന തലത്തില്‍ വിജയി ആയിരുന്നു ദേവിന. നെയ്യാറ്റിന്‍കരയില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ മേളയിലും ദേവിന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാല്‍, മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനി ഇതിനെിരെ ഡിഡിക്ക് അപ്പീല്‍ നല്‍കിയെങ്കിലും അതുതള്ളിയിരുന്നു. തുടര്‍ന്ന് ബാലവകാശ കമ്മീഷനെ സമീപിച്ചു.
എന്നാല്‍, ബാലാവകാശ കമ്മീഷന്‍ ഒന്നും, രണ്ടുംസ്ഥാനം കിട്ടിയ വിദ്യാര്‍ത്ഥികളെ കക്ഷി ചേര്‍ക്കാതെയും അവരുടെ മൊഴി എടുക്കാതെയും പരാതിക്കാരിയുടെ മൊഴി മാത്രം എടുത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര ഫലം കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ റദ്ദാക്കി എന്നായിരുന്നു ആക്ഷേപം. ഇതിനുപുറമേ വ്യാഴാഴ്ച ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ വെച്ച് വീണ്ടും മത്സരം നടത്താനും ഉത്തരവിട്ടു.
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനാല്‍ വ്യാഴാഴ്ച ബാലവകാശ കമ്മീഷന്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഒന്നാം സ്ഥാനക്കാരി ഡിഡിക്ക് മറുപടി നല്‍കി. ഇതുകണക്കാക്കാതെ, രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തിയെന്നാണ് ആക്ഷേപം. ജില്ലാ മത്സരത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിയുടെ ഭാഗം പോലും കേള്‍ക്കാതെ ആ കുട്ടിയുടെ ബാലാവകാശം നിഷേധിച്ച് പുറത്താക്കിയെന്നായിരുന്നു ഹൈക്കോടതിയില്‍ ഉന്നയിച്ച ആക്ഷേപം. ് അഭിഭാഷകരായ അഖില്‍ സുശീന്ദ്രന്‍, ദിലീപ് VL എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബാലവകാശ കമീഷന്റെ തീരുമാനം അപക്വമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, ജില്ലാതലത്തില്‍ 20 കുട്ടികള്‍ മത്സരിച്ച മത്സരം റദ്ദാക്കി എന്തടിസ്ഥാനത്തിലാണ് രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചെതെന്നും ചോദിച്ചു. ബാലാവകാശ കമ്മീഷന്‍ വിധി റദ്ദാക്കിയ ഹൈക്കോടതി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ യു ദേവിനിയെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.
തര്‍ക്കത്തിനിടയായ കാരണങ്ങള്‍
'ചെലവ് ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവര്‍ഗ സംസ്‌കരണ വിഭവങ്ങളും' എന്ന വിഷയത്തിലായിരുന്നു മത്സരം. ആദ്യമത്സരത്തില്‍ ആറ്റിങ്ങല്‍ സ്‌കൂളിലെ വിദ്യാര്‍ഥി യു. ദേവിന ഒന്നാംസ്ഥാനം നേടിയിരുന്നു. എന്നാല്‍, മത്സരത്തിനിടെ മാന്വല്‍ ലംഘിച്ച് മൂന്ന് ഡെസ്‌കുകള്‍ ഉപയോഗിച്ചു എന്ന കാരണം പറഞ്ഞ് തനിക്ക് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടെന്ന് തിരുവനന്തപുരം ബിഎന്‍വിവി സ്‌കൂളിലെ ആയിഷ ഫര്‍ഹത്ത് ഹാഷിം എന്ന മത്സരാര്‍ഥി പരാതി നല്‍കി. കഴിഞ്ഞ തവണ മൂന്ന് ഡെസ്‌കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ തനിക്ക് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടെന്നും, എന്നാല്‍ ഈ തവണയും സമാനമായ തെറ്റ് സംഭവിച്ചുവെന്നും പരാതിയില്‍ പറഞ്ഞു. അപ്പീല്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ബാലാവകാശ കമ്മിഷനെ സമീപിച്ചത്.
വിധിനിര്‍ണയത്തില്‍ പിഴവുണ്ടെന്നും വിധികര്‍ത്താക്കളെക്കുറിച്ചും സംശയങ്ങളുണ്ടെന്നും കണ്ടെത്തിയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാറും അംഗം ഡോ. എഫ്. വിത്സണും പരാതിയില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്നാണ് മത്സരം വീണ്ടും നടത്താന്‍ നിര്‍ദ്ദേശിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് മത്സരം നടത്താനായിരുന്നു കമ്മിഷന്റെ നിര്‍ദ്ദേശം. എന്നാല്‍, ഫോര്‍ട്ട് സ്‌കൂളില്‍ നടന്ന പുനര്‍മത്സരത്തില്‍ ആദ്യസ്ഥാനക്കാരിയെത്തിയില്ല. പങ്കെടുത്ത രണ്ടുപേരില്‍ പരാതിക്കാരിയായ ആയിഷ ഫര്‍ഹത്ത് ഹാഷിമിന് രണ്ടാം സ്ഥാനം ലഭിച്ചു. ആദ്യ മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന തട്ടത്തുമല ജി.എച്ച്.എസ്.എസിലെ ബിസ്മി ഫാത്തിമയാണ് ഒന്നാം സ്ഥാനം നേടിയത്. എന്നാല്‍, ബാലാവകാശ കമ്മീഷന്റെ വിധി ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്.




