ന്യൂഡല്‍ഹി: മുത്തലാഖിന്റെ മറ്റൊരു രൂപമായ തലാഖ് ഇ ഹസന്റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മൂന്ന് മാസത്തെ ഇടവേളയില്‍ 'തലാഖ്' ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്നതാണ് തലാഖ്-ഇ-ഹസന്‍. ഈ രീതിയില്‍, ഒരു മുസ്ലീം പുരുഷന് 'തലാഖ്' എന്ന വാക്ക് ഒരു മാസം ഒരു തവണ വീതം മൂന്ന് മാസത്തേക്ക് ചൊല്ലി കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യാം.

എട്ട് വര്‍ഷം മുമ്പ്, കോടതി തലാഖ്-എ-ബിദ്ദത്ത് (talaq-e-biddat) എന്ന തല്‍ക്ഷണ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.. തല്‍ക്ഷണം വിവാഹമോചനം അനുവദിക്കുന്ന, തലാഖ്-എ-ബിദ്ദത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മുത്തലാഖ് രീതിയാണ് തലാഖ്-ഇ-ഹസന്‍.

ആധുനിക സമൂഹത്തില്‍ ഇതെങ്ങനെ അനുവദിക്കും?

'ആധുനിക സമൂഹത്തില്‍ ഇത് എങ്ങനെ അനുവദിക്കും? എന്ന ചോദ്യമാണ് തലാഖ്-ഇ-ഹസന്‍ രീതിയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജല്‍ ഭുയാന്‍, എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞത്.

ഭര്‍ത്താവിന്റെ ഒപ്പില്ലാത്ത വിവാഹമോചനം: ഇടപെട്ട് കോടതി

ഒരുമുസ്ലിം സ്ത്രീയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിലും കോടതി ഇടപെട്ടു. വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് ഒപ്പിട്ടു നല്‍കിയിട്ടില്ലാത്തതിനാല്‍ കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിനായി ബുദ്ധിമുട്ടുന്ന മുസ്ലീം സ്ത്രീയുടെ കേസിലാണ് കോടതി ഇടപെട്ടത്.

ബേനസീര്‍ ഹീന എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് ഗുലാം അക്തര്‍ അഭിഭാഷകന്‍ മുഖേനയാണ് വിവാഹമോചന വിവരം ധരിപ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചതായും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

'ഭര്‍ത്താവിന്റെ ഒപ്പില്ലാത്ത വിവാഹമോചനം കാരണം കൊണ്ട് അവര്‍ക്ക് ബഹുഭര്‍തൃത്വം (polyandry) തിരഞ്ഞെടുക്കേണ്ടി വരും. 11 പേജുള്ള തലാഖ് നോട്ടീസില്‍ ഭര്‍ത്താവിന്റെ ഒപ്പ് കാണുന്നില്ല. ഭര്‍ത്താവിന്റെ അഭിഭാഷകനാണ് തലാഖ് പ്രഖ്യാപിച്ചത്,' കൗണ്‍സല്‍ പറഞ്ഞു.

ഇത് ഇസ്ലാമിലെ സാധാരണ ആചാരമാണെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതൊരു ആചാരമാണോ? ഇത്തരം പുതിയ ആശയങ്ങള്‍ എങ്ങനെയാണ് കണ്ടുപിടിക്കപ്പെടുന്നത്? എന്നായിരുന്നു ജസ്റ്റിസ് സുര്യകാന്തിന്റെ ചോദ്യം.

ഭര്‍ത്താവിന് പകരം അഭിഭാഷകന്‍ വഴി വിവാഹമോചന നടപടികള്‍ ഭാര്യയെ അറിയിച്ചതിനെതിരെ കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചു: 'ഭാര്യയെ ഭര്‍ത്താവ് നേരിട്ട് വിവരം അറിയിക്കാത്തത് എന്തുകൊണ്ടാണ്? വിവാഹമോചന കാര്യം പോലും സംസാരിക്കാന്‍ കഴിയാത്ത അത്രയും അഹന്ത അദ്ദേഹത്തിനുണ്ട്. ആധുനിക സമൂഹത്തില്‍ നിങ്ങള്‍ക്കെങ്ങനെ ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയും? ഇത് ഒരു സ്ത്രീയുടെ അന്തസ്സാണ്. 'മതപരമായ ആചാരപ്രകാരം തലാഖ് നടക്കണമെങ്കില്‍, നിര്‍ദ്ദേശിക്കപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കണം,' കോടതി വ്യക്തമാക്കി.

പോരാളിയായ സ്ത്രീക്ക് സല്യൂട്ട്

കുട്ടിയുടെ പ്രവേശനം നിഷേധിച്ച സ്‌കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കോടതി യുവതിയോട് ആരാഞ്ഞു. മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നേരിടുമ്പോള്‍ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു.

'തന്റെ അവകാശങ്ങള്‍ക്കായി പോരാടാന്‍ നിശ്ചയിച്ച ഈ സ്ത്രീയെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍, പണത്തിന് ഞെരുക്കമുള്ള ഒരു പാവപ്പെട്ട സ്ത്രീക്ക് എന്ത് സംഭവിക്കും? അവര്‍ വീണ്ടും വിവാഹം കഴിക്കുമ്പോള്‍, ആദ്യ ഭര്‍ത്താവ് വന്ന് അവര്‍ ബഹുഭര്‍തൃത്വത്തില്‍ ഏര്‍പ്പെടുന്നു എന്ന് പറയുമോ? ഒരു പരിഷ്‌കൃത സമൂഹം ഇത്തരത്തിലുള്ള ആചാരം അനുവദിക്കണോ?' കോടതി നിരീക്ഷിച്ചു.

മുസ്ലീങ്ങള്‍ക്കിടയിലെ നിലവിലുള്ള മറ്റ് വിവാഹമോചന രീതികളെക്കുറിച്ചുള്ള വിവരങ്ങളും കോടതി തേടി. അടുത്ത ഹിയറിംഗില്‍ ഭര്‍ത്താവിനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. 'അദ്ദേഹം ഇവിടെ വന്ന് അവര്‍ക്കാവശ്യമുള്ളത് നിരുപാധികം നല്‍കട്ടെ,' കോടതി ആവശ്യപ്പെട്ടു.