കൊച്ചി: അവധിക്കാല ബെഞ്ചിന്റെ ദുരുപയോഗം ആരോപിച്ച് ഹര്‍ജിക്കാരന്‍ എം.ആര്‍. അജയന് ചുമത്തിയ 40,000 രൂപ പിഴ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓരോ കേസിനും 10,000 രൂപ വീതം ചുമത്തിയ പിഴ ശരിവെച്ച കോടതി, ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ഭാവിയില്‍ പിഴത്തുക വര്‍ധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ജസ്റ്റിസുമാരായ എ.ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. അവധിക്കാല ബെഞ്ച് കോടതിച്ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാട്, ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിലെ സിബിഐ അന്വേഷണം തുടങ്ങിയ നാല് സുപ്രധാന കേസുകളാണ് അവധിക്കാല ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ലിസ്റ്റ് ചെയ്യിച്ചത്. എന്നാല്‍, ജനുവരി 21-ന് കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോള്‍ പരിഗണിക്കാന്‍ മാറ്റിവെച്ചിരുന്ന ഈ കേസുകള്‍ അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് അവധിക്കാലത്ത് കൊണ്ടുവന്നത് ദുരുദ്ദേശപരമാണെന്ന് കോടതി വിലയിരുത്തി.

അവധിക്കാല ബെഞ്ചിന്റെ സമയം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളതാണെന്നും, കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ ലിസ്റ്റ് ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ ഡിസംബര്‍ 23-ന് പിഴ ചുമത്തിയതിനെതിരെ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഈ കേസുകള്‍ കോടതി അവധിക്കുശേഷം ജനുവരി 21-ന് പരിഗണിക്കാമെന്ന് നേരത്തേ തീരുമാനിച്ചിരുന്നതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് പരിഗണിച്ച സമയത്ത് ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ ഹാജരാകാതിരുന്നതും കോടതി ഗൗരവമായി എടുത്തു.

അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാനാണ് അവധിക്കാല ബെഞ്ച് ചേരുന്നതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും പിഴ പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും വിലയിരുത്തിക്കൊണ്ടാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. കോടതി നടപടികളുടെ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ വിധി.